Saturday, March 25, 2023

സിൻ - ഹരിത സാവിത്രി

  രിത സാവിത്രിയുടെ സിൻ എന്ന നോവൽ വായിച്ചു. ഒരുപാട് പ്രത്യേകതകൾ കൊണ്ട് ഇതിനോടകംതന്നെ ധാരാളം വായനക്കാരെ സമ്പാദിക്കുവാൻ ഈ നോവലിന് സാധിച്ചിട്ടുണ്ട്. വിഷയസ്വീകരണത്തിനപ്പുറം നാം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഒരു വലിയ മനുഷ്യ സമൂഹം നേരിടുന്ന അശാന്തിയുടെ സൈറൻ മുഴക്കവും അവിടുത്തെ ന്യൂനപക്ഷ മനുഷ്യരുടെ ജീവിതത്തെയും  അത്രമേൽ ഇഴയടുപ്പിച്ച് ഒട്ടും വിരസതയില്ലാതെ വായനക്കാരെ കൂട്ടികൊണ്ട്  പോകുന്നത് കുർദുക്കളുടെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളിലേക്കാണ്.


      1970 -കളുടെ തുടക്കത്തിലാണ് കുർദുകളുടെ സ്വയംഭരണ  പ്രവിശ്യയുടെ ചരിത്രം ആരംഭിക്കുന്നത്. ഇറാൻ - തുർക്കി - സിറിയ തുടങ്ങിയവയാണ് പ്രവിശ്യകൾ. ഏകദേശം എഴുപത്തിനാലുകളോട് കൂടി ഇറാക്കിൽ കുർദുകളും അറബികളും തമ്മിൽ  യുദ്ധം ആരംഭിക്കുകയും എൺപതുകളുടെ അവസാനത്തോടുകൂടി ഇറാൻ - ഇറാക്ക് യുദ്ധവും അൽഫൽ കൂട്ടക്കൊലയ്ക് വഴിവയ്ക്കുകയും ചെയ്തു. 1991 ലെ വടക്കൻ ഇറാക്കിനെ വരെ ഉലച്ചുകളഞ്ഞ ഗൾഫ് യുദ്ധവും തുടർന്ന് കുർദുകൾ കുർദിഷ് സ്വയംഭരണം സ്ഥാപിക്കുകയും അതുവഴി പലായനം ചെയ്ത അഭ്യർത്ഥികളായ കുർദുകൾ പഴയ ഇടങ്ങളിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. എന്നാൽ 2015 സെപ്റ്റംബർ 2ന്  പത്രത്തിൽ വന്ന ഐലൻ കുര്‍ദ്ദിയുടെ ചിത്രവും അവരുടെ അഭയാർത്ഥി പ്രവാഹവും സംഘർഷ ഭരിതമായ കുർദുക്കളുടെ ജീവിതവും എന്താണെന്ന് കൃത്യമായ് അടയാളപ്പെടുത്തുന്നു. ഇന്നും അത്  ഓർക്കുമ്പോൾ മനസ്സിൽ ഉണ്ടാക്കുന്ന നടുക്കം ചെറുതല്ല. അഭയാർത്ഥികൾ ആക്കപെടുന്ന മനുഷ്യരുടെ ജീവിതം ഇത്രനേൽ ആഴത്തിൽ മനസിലാക്കിത്തന്ന മറ്റൊരു കാഴ്ചയും ഇതിനുമുൻപും ശേഷവും ഉണ്ടായിട്ടില്ല അതുകൊണ്ട് കുർദുകളെക്കുറിച്ച് വളരെക്കുറച്ചുമാത്രം കേട്ടിട്ടുള്ള നമുക്ക് അവരുടെ ജീവിതം എത്രമേൽ സങ്കർഷഭരിതമാണെന്ന് ഹരിത സാവിത്രിയുടെ സിൻ എന്നാ നോവൽ കാണിച്ചുതരുന്നു. തേഞ്ഞുമിനുസമായ കരിങ്കൽപാളികൾ പതിഞ്ഞ നിരത്തുകൾ പലതും രാത്രിയുടെ കാറ്റേറ്റ് സമാധാനത്തോടെ മയങ്ങുകയാണ്. ഇടക്ക് കാറ്റുകൊണ്ട് ദുർബലമായ മരപ്പാളികളുടെ ആഞ്ഞടിക്കുന്ന ശബ്ദം കേട്ട് തെരുവിൽ അവിടവിടായി ഉറങ്ങിയ്ക്കിടക്കുന്ന സിറിയൻ അഭയാർത്ഥികൾ തലപൊക്കിനോക്കി മെറ്റൊരിടത്തേക്ക് ഉറങ്ങാനായി നീങ്ങുന്നത് തെരുവിലെ ഒരു സ്ഥിരം കാഴ്ചയാണ്.ഇങ്ങനെ അശാന്തിയുടെയും മരണത്തിന്റെയും ഒരു കാലത്തേക്കാണ് ഹരിത സാവിത്രി വായനക്കാരെ കൂട്ടികൊണ്ടുപോകുന്നത്. 

      എന്നെങ്കിലും കുർദുക്കൾക്ക് അവരുടേതായ ഒരു ഭൂമി സാധ്യമായാൽ അതിൻ്റെ തലസ്ഥാനമാകുന്ന - കുർദുക്കൾ ഭൂരിപക്ഷമുള്ള ദിയർബക്കിർ നിന്നുമാണ് ഈ നോവൽ ആരംഭിക്കുന്നത് തന്നെ. കൂടാതെ നോവലിൽ കുർദ് പോരാളികൾ അവിടവിടായി വന്നുപോകുന്നുണ്ട്. അതിലൊരാളുടെ കുഞ്ഞിനെ ഗർഭം ധരിക്കുന്ന മലയാളിപെൺകുട്ടിയും കൂട്ടത്തിൽ ഉണ്ട്. അവളിലൂടെയാണ് നമ്മൾ കുർദുക്കളെയും അവരുടെ നിലനിൽപ്പിന്റെ പോരാട്ടവും പലായനവും കാണുന്നത്. അവരെ അടയാളപ്പെടുത്തുബോഴൊക്കെ ഭയം നിറഞ്ഞ മൗനം ഓരോ വരികളിലും കാണാൻ സാധിക്കും.

  ഈ മാസം ഹരിതയുടേതായ് ഒരു ആർട്ടിക്കിൾ (06 / 03 / 2023 ) കൂടി മാതൃഭൂമിയിൽ അച്ചടിച്ചുവന്നിരുന്നു. അതും ഇതേമനുഷ്യരുടെ ജീവിതം തന്നെയാണ് പറയുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ സദേഗിയ തെരുവുകളിലെ മതകാര്യ പോലീസ് മനുഷ്യഹത്യ നടത്തുന്നതിനെപ്പറ്റിയാണ് എഴുതിയത്. ഇറാൻ ഭരണകൂടത്തിൻ്റെ കൊലക്കത്തിക്കുകീഴിൽ ജീവനും കൊണ്ടോടുന്ന എത്രയോ മനുഷ്യരെ നമുക്ക് അവരുടെ എഴുതിലൂടെ കാണാൻ സാധിക്കും. '' പാർക്കിങ് സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു  ബെഹ്‌സാദ്‌ ഹംറാഹി എന്ന ചെറുപ്പക്കാരനും കൂട്ടുകാരും. അവർക്ക് കാണാവുന്ന ദൂരത്തിൽ കുറച്ചുപേരെ  മതകാര്യപൊലീസ് ആക്രമിക്കുന്നുണ്ടായിരുന്നു. അവിടെ അൽപ്പം മുൻപ് സമാധാനപരമായി നടന്ന ഒരു പ്രകടനത്തിൽ പങ്കെടുത്തവരായിരുന്നു അവരൊക്കെയും. പെട്ടെന്ന് പോലീസ് ഒരു പെൺകുട്ടിയുടെ  മുടിക്ക് കുത്തിപിടിച്ച് വാനിലേക്ക് കയറ്റി. ഇങ്ങനെ കൊണ്ടുപോകുന്ന പലർക്കും നേരിടേണ്ടിവന്നിട്ടുള്ളത് കൂട്ടബലാത്സംഗമായിരുന്നു. ബെഹ്‌സാദ്‌ മറ്റൊന്നും ചിന്തിക്കാതെ അവളെ രക്ഷിക്കാനായി പാഞ്ഞുചെന്നു. പെട്ടെന്ന് അവനെ ആരോ പിന്നിൽ നിന്ന് പിടിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ  ഒരു തോക്കിൻ്റെ കുഴൽ അവൻ്റെ മുഖത്തിനുനേരെ നീണ്ടു നിൽക്കുന്നു. ഒന്ന് നിലവിളിക്കുന്നതിനും മുന്നേ എന്തോ ഒന്ന് അവൻ്റെ കണ്ണിൽ തറച്ചു.'' അങ്ങനെ എത്രയോപേർ... ഒടുവിൽ നമ്മൾ കേട്ട പേര് മഹ്‌സ അമീന എന്നാണ്....!

      റബ്ബർ ബുള്ളറ്റുകളും പോയിൻറ് ബോളുകളും കണ്ണുകളിലേക്ക് ലക്ഷ്യം വെച്ച്‌ നിറയൊഴിക്കുന്ന ഇറാൻ പോലീസ്. കുർദിസ്താൻ ഭാഗങ്ങളിൽ മാത്രം ഇതിനോടകം 580 പേരുടെ കാഴ്ച നഷ്ട്ടമായി. റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ ഇതിലും കൂടുതൽ ആണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ പറയുന്നു. നിങ്ങൾ ഈ നോവൽ വായിക്കണം. ഭരണകൂട ഭീകരത മനുഷ്യർ നേരിടുന്നത് എല്ലായിടത്തും ഒരുപോലെയാണ്. അവരെ നമ്മൾ അറിയണം. ചേർത്ത് നിർത്തനം.നോവൽ വായന തുടങ്ങുന്നതിന് മുൻപ്  മാതൃഭുമിയിൽ വന്ന ഈ ആർട്ടിക്കിൾ കൂടി വായിക്കണം. വളരെ ആഴത്തിലുള്ള എഴുത്താണ് ഹരിത സാവിത്രിയുടേത്. 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...