ഈ യാത്രാവിവരണം വായിച്ചുകഴിഞ്ഞപ്പോൾ ആത്മസത്ത കൊണ്ട് സുപരിചിതമായ ഒരു ദേശത്തെ അതിൻ്റെ മണ്ണിൽനിന്നുകൊണ്ട് മാത്രമല്ല;മനസ്സിൽ നിന്നുകൊണ്ട് കൂടിയാണ് എ റശീദുദ്ദീൻ നോക്കിക്കണ്ട് വിവരിച്ചത് എന്ന് മനസ്സിലാക്കാൻ സാധിച്ചു. വേർപിരിഞ്ഞപ്പോൾ അറ്റുപോയ ബന്ധം ചാറ്റൽ മഴയത്തുപോലും പൊട്ടികിളിർക്കാൻ സാധ്യതയില്ലെന്ന,വലിയൊരളവോളം കൃത്യതയുള്ളതും അർത്ഥം വെച്ചുകൂടിയുള്ളതുമായ വിവരണമാണ് റശീദുദ്ദീൻ ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്. ഇപ്പോഴത്തെ പലപുസ്തകങ്ങളും യാത്രാവിവരണം എന്നുള്ളതിൽ നിന്ന് മാറി മറ്റെന്തൊക്കെയോ വിവരങ്ങൾ തിരുകിക്കയറ്റി വായനക്കാരൻറെ കൈകളിലേക്ക് എത്തിക്കുന്നു. പുസ്തക വർഗം ഏതാണെന്ന് സൂചകങ്ങൾ നോക്കികണ്ടെത്തേണ്ടുന്ന സ്ഥിതിവിശേഷത്തിലേക്കും ഇന്നത്തെ വായനക്കാരെ എഴുത്തുകാർ കൊണ്ടെത്തിക്കുന്നുണ്ട്.എന്നാൽ റശീദുദ്ദീൻ അതിൽനിന്നൊക്കെ മാറി തീർത്തും നീതിപുലർത്തി എന്ന് പറയാൻ എനിക്ക് സാധിക്കും.
ഈ യാത്രാവിവരണം വായിക്കും തോറും വെണ്മകൊണ്ട് കണ്ണെഞ്ജിപ്പിക്കുന്ന ഉപ്പുപാടം പോലെ - ഇതിലെ ഓരോ താളുകളും. തിരിച്ചറിയാൻ പോലുമാകാത്ത നന്മയുടെ ഉറവകൾ കൊണ്ട് ആചാരത്തെയും,ഭാഷയെയും,സംസ്കാരത്തെയും റശീദുദ്ദീൻ നല്ലവണ്ണം വിവരിച്ചിട്ടുമുണ്ട്. സങ്കുചിതമായ ചിന്തകൾക്കകത്തുനിന്ന് വന്യമായ ഒരു ചിന്താശേഷിയിലേക്ക് വായനക്കാരെ കൂട്ടികൊണ്ടുപോകാൻ എ റശീദുദ്ദീൻ്റെ ഈ യാത്രാവിവരണത്തിന് സാധിച്ചു.
ഈ യാത്രാവിവരണം ചർച്ചചെയ്യുന്നത് വ്യത്യസ്തമായ തലങ്ങളെയാണ്,കാഴ്ചപ്പാടുകളെയാണ്... ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം കൂടിയാണ്. കാഫിറുകളുടെ രാജ്യമായ ഇന്ത്യയെ എന്നെങ്കിലുമൊരിക്കൽ കീഴടക്കാതെ പാകിസ്താനിലെ മുസൽമാൻ മാർ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ പോകുന്നില്ല എന്ന ഈ ഞെട്ടിക്കുന്ന വിവരം ചാച്ച വിളിച്ചുപറഞ്ഞത് അയാളിലെ രാജ്യത്തോടുള്ള നിഷ്കളങ്കമായ സ്നേഹം ഒന്നുകൊണ്ടാണ്. വാഗയിലെ ഇരുരാജ്യങ്ങളുടെയും പതാക താഴ്ത്തൽ ചടങ്ങ് നേരിൽ വായനക്കാരൻ കണ്ടാൽ എങ്ങനെ ഉണ്ടാകുമോ അതുപോലെതന്നെയാണ് വിവരിക്കുന്നത്. ആത്മാവിൻറെ ഭാഷയിൽ പറഞ്ഞാൽ ജീവസുറ്റവാക്കുകളും സംഘർഷ ഭരിതമായ രാഷ്ട്രീയ സംവാദങ്ങളും പറയുന്നത് - കേവലമായ ഒരു യാത്രാവിവരണമെന്നതിലുപരി അസ്വാഭാവികമായി മറ്റെന്തൊക്കെയോ വിവരിക്കാനുള്ള വ്യഗ്രതയും ഗൗരവമുള്ള വിഷയങ്ങൾ അവതരിപ്പിക്കണമെന്നുള്ള അടങ്ങാത്ത ആവേശവും ഇതിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. ഒരു യാത്രവിവരണം എന്നതിലേക്ക് മാത്രമായി ഈ പുസ്തകത്തെ തടങ്കലിൽ ഇടാതെ സാർവ്വ ലൗകികമായ തലത്തിലേക്ക് വായിച്ചാഘോഷിക്കപ്പെടേണ്ട ഒരു പുസ്തകം കൂടിയാണ് " അതിർത്തിയിലെ മുൻതഹാ മരങ്ങൾ ". ചിത്രങ്ങളിലൂടെയും ഈ പുസ്തകം വായനക്കാരോട് സംവദിക്കുന്നുണ്ട്. വസ്തുതകൾക്ക് നേരെ പുറംതിരിഞ്ഞുനിൽക്കാതെ പാറിപ്പറക്കുന്ന മേൽക്കുപ്പായം പിടിച്ചൊതുക്കി കാശ്മീരിലെ സംഘർഷങ്ങൾക്കും വീർപ്പുമുട്ടലുകൾക്കുമിടയിൽ മനോഹരമായി ചിരിക്കുന്ന ഒരു സ്ത്രീയുടെ മുഖചിത്രം കൃത്യമായ രാഷ്ട്രീയം കൂടിയാണ് കാണിച്ചുതരുന്നത്.
നന്നായിട്ടുണ്ട്. ഒരു ശരാശരി വായനക്കാരനെ ഇ പുസ്തലത്തിലേയ്ക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്...
ReplyDeleteഉൾക്കാമ്പിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ നമ്മുടെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാകും.സ്നേഹം ഈ വാക്കുകൾക്ക്
Delete