Monday, July 13, 2020

ചാവുനിലം - പി എഫ്.മാത്യുസ്

ഈ നോവൽ ഇരുട്ടിലാണ്...ദൈവം ഗതകാല സ്മരണമാത്രമായി അവശേഷിക്കുന്ന കാലത്തിലാണ്... ഇതിൽ പ്രാണൻ ജീവിതത്തിനും മരണത്തിനുമിടയിലുള്ള മൽപ്പിടുത്തത്തിലാണ്. പ്രാണൻ മരണംകൊണ്ടുമാത്രം ആശ്വാസം കണ്ടെത്തുന്ന നോവൽ. മരണം ചൗരോ ആശാനെയും എടുത്തുകൊണ്ടുപോകുന്ന നിമിഷങ്ങളിൽ എന്നന്നേത്തേക്കുമായി നഷ്ടമായ യൗവനത്തിൽ അരങ്ങുണരുന്നു...ഒപ്പം നോവലും.
    മനുഷ്യൻ തന്നിൽനിന്നുതന്നെ പുറത്താക്കപ്പെടുമ്പോൾ ഒറ്റപ്പെട്ടുപോകുന്ന അനേകം ജീവിതങ്ങളെ നമുക്ക് ഈ നോവലിൽ കാണാൻ സാധിക്കും. ഈ നോവലിൻ്റെ ഭാഷയാണ് ജീവിതവും-മരണവും. നോവലിൻ്റെ തുടക്ക പശ്ചാത്തലം മഴയാണ്. തോർന്നിട്ടില്ലാത്ത ഛിന്നഭിന്നമായി പെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് പ്ലമേന നിലവിളിക്കുന്നത്.ആ നിലവിളി വായനക്കാരനെ കൂട്ടികൊണ്ടുപോകുന്നത് ഈശിയുടെ മരണത്തിലേക്കാണ്;ഒരു മുന്നൊരുക്കവും കൂടാതെ. 
    ഈശിയുടെ മരണത്തിൻ്റെ ആവർത്തനം പോലെ ഒന്നാം ആണ്ടിലും ഇടയൊഴിയാതെ മഴയാണ്. മരണത്തിൻ്റെ നിശബ്ദതയും-ശൂന്യതയും-ഏകാന്തതയും മഴകൊണ്ട് തീവ്രമാക്കപ്പെടുന്നു. ഇടക്ക് മഴ നമ്മെ അസ്വസ്ത്ഥതപ്പെടുത്തുന്നു. അത് കുഴിമാടം പിളർന്നുകൊണ്ട് പെയ്തു തീരുന്നു. രണ്ടാമാണ്ടിൽ കുഴി തുരന്ന് കുന്താലി ഈശിയെ തട്ടിവിളിക്കുമ്പോൾ ആ കുഴിയിൽ വാറ്റുചാരായതിൻ്റെ മണം പൂന്തലിച്ചു കിടക്കുന്നുണ്ടായിരുന്നു. ഈശിയെ കണ്ടവരൊക്കെ വഴുക്ക വഴുക്കെ ഛർദിച്ചു. പാഴ്‌നിലത്തിൻ്റെ അതിരിൽ എക്കാലവും ഇലപൊഴിഞ്ഞു വരണ്ടുണങ്ങിനിന്ന വാകമരവും പാഴ്‌നിലത്തിന് നടുവിൽ മാലാഖയുടെ കാവലാളിൽ കിടന്ന ഈശിയും ആ ഏകാന്തതയ്ക്ക് അറുതിവരുത്തി. 
     ദുർവിധിക്ക് ഇളവുകിട്ടാതെ ഒരു തലമുറയിൽ നിന്ന് അടുത്തതലമുറയിലേക്ക് തുടരുന്നതാണ് ചാവുനിലം. എന്നാൽ അടങ്ങാത്ത കാമത്തിനും വിലക്കുകൾക്കുമിടയിൽ ഈ നോവൽ ഞെരിക്കപ്പെടുന്നു. പ്രസന്നമായ അനുഭൂതികൾ ഒന്നുംതന്നെ  നമുക്കിതിൽ കണ്ടെത്താൻ സാധിക്കില്ല. ശവക്കുഴിയും നിറഞ്ഞുകവിയുന്ന മഴവെള്ളവും നിലവിളികളും മാത്രമാണ് ഇതിൽ ഉദിച്ചുനിൽക്കുന്നത്. 
    അതിനപ്പുറത്തേക്ക് പിതാക്കന്മാർക്ക് ഏൽക്കുന്ന ശാപം മക്കളിലേക്കും പതിക്കുന്നു എന്നത് സത്യവാക്കാകുന്നത്  ചാവുനിലത്തിൽ നിന്നാണ്. നോവലിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ പാപചാപം വായനക്കാരനെയും വേട്ടയാടുന്നു. 
     ഒടുവിൽ ഞാൻ ഈ നോവൽ വായിച്ചുതീരുമ്പോൾ കഠിനമായ വേദനയും കടിച്ചുപിടിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ പെയ്ത ആ മഴനനയാതിരിക്കാൻ ആത്മാവ് ശരീരം വിട്ട് ഇറങ്ങിനടന്നു...എക്കാലവും ഇലപൊഴിഞ്ഞു വരണ്ടുണങ്ങിനിന്ന ആ വാകമരത്തിൻ്റെ ചുവട്ടിലേക്ക് 

1 comment:

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...