ആനന്ദ് എഴുതിയ മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവൽ വായിച്ചു. ലോക ക്ലാസ്സിക്കുകൾ വായിക്കുവാനും ആസ്വദിക്കുവാനും സാംസ്ക്കാരികമായതോ ഭാഷാപരമായതോ ആയ അതിർവരമ്പുകൾ ഒന്നും തന്നെ ഇപ്പോൾ സാഹിത്യലോകത്തിലില്ല. അത്തരത്തിൽ ലോക സാഹിത്യത്തിലേക്ക് ഏതൊരു വായനക്കാരനും കടന്ന് ചെല്ലാം, അത്തരത്തിൽ മനുഷ്യരെ തമ്മിൽ അടുപ്പിക്കാൻ പോന്ന ഒരു മാജിക്കൽ റിയലിസം ആനന്ദ് എഴുതിയ ഈ നോവലിനുണ്ട്. ഈ നോവൽ ഞാൻ എല്ലായിപ്പോഴും ചെയ്യുന്ന ഒരു ജെനറ്റികൾ റിവ്യൂ റൈറ്റിംഗ് എന്ന നിലയിൽ ആകരുതെന്ന് ഇത് വായിച്ചുതുടങ്ങിയപ്പോൾ മുതൽക്ക് എൻ്റെ മനസ്സിൽ ഉണ്ട്. എന്നാൽ ഏതുവിധത്തിലാണ് അത് അവതരിപ്പിക്കേണ്ടത് എന്ന ചിന്ത അത്രതന്നെ എന്നെ അലട്ടുകയും ചെയ്യുണ്ടായിരുന്നു. അപ്പോഴാണ് ഈ നോവൽ ഒരു ചോദ്യകർത്താവിൻ്റെ രൂപത്തിൽ അവതരിപ്പിച്ചാൽ വേറിട്ട് നിൽക്കും എന്ന ചിന്ത ഉദിച്ചത്. ഇവിടെ ഒരു വായനക്കാരൻ നോവലിലെ പ്രധാന കഥാപാത്രമായ കുന്ദനുമായ് നടത്തുന്ന അഭിമുഖം എന്ന നിലയ്ക്കാണ് ഞാൻ ഈ നോവലിൻ്റെ റിവ്യൂ എഴുതിയിരിക്കുന്നത്.
ചോദ്യം :
1989 ൽ ആണല്ലോ അങ്ങ് മലയാള സാഹിത്യം ലോകത്ത് എത്തുന്നത്. 1993 ൽ അങ്ങ് ഉൾപ്പെട്ട ഈ സൃഷ്ടിക്ക് വയലാർ അവാർഡ് ലഭിക്കുകയും ചെയ്തു. അവിടുന്നിങ്ങോട്ടുള്ള സാഹിത്യ ജീവിതം ഒന്ന് പറയാമോ?കുന്ദൻ : മലയാള സാഹിത്യത്തിൽ സൃഷ്ടിക്കപ്പെട്ട ''മരുഭൂമികൾ ഉണ്ടാകുന്നത്'' എന്ന ആനന്ദ് സൃഷ്ട്ടിയിലൂടെ മനുഷ്യർക്കിടയിലേക്ക് പണിയപ്പെട്ട ഒരു പാലം മാത്രമാണ് കുന്ദൻ എന്ന ഈ ഞാൻ. ആ പാലം ഇന്നും കേടുപാടുകൾ ഒന്നും കൂടാതെ നിലനിൽക്കുന്നു എന്നതിന് ഒരു തെളിവല്ലേ 2021 താങ്കൾ ഇത് വായിച്ചതും ഇത്തരത്തിൽ ഒരു ശ്രമം നടത്താൻ ഇടയായതും. അത്തരത്തിൽ നൂറുനൂറിടങ്ങളിൽ നിന്ന്,ഒറ്റപ്പെട്ട പല തീരങ്ങളിൽ നിന്ന് മനുഷ്യൻ മറുകര തേടി സമ്മേളിക്കുന്നതിന് ഞാൻ ഒരു കാരണം ആകുന്നു. കലയും സാഹിത്യവും ഇന്ന് വികൃതമാകുന്നു. വളച്ചൊടിക്കപ്പെടുന്നു.അയൽക്കാരൻ്റെ വീടുകത്തിക്കാൻ ഇന്ന് പുരാണ ഗ്രന്ഥങ്ങൾ ആണ് ഉപയോഗിക്കുന്നത്. മനുഷ്യനും മനുഷ്യനും ഇടയിൽ സൃഷ്ട്ടിച്ച പാലങ്ങൾ അവർ കയ്യേറുന്നു...കൊലക്കയറും പന്തങ്ങളുമായ് അവൾ കവാത്ത് നടത്തുന്നു. അത് കണ്ടില്ലെന്ന് നടിക്കാനാണ് മേൽപ്പറഞ്ഞ പലതും തന്നത്.
ചോദ്യം : അപ്പോൾ അധികാരത്തിൻറെ ശക്തി സാഹിത്യത്തിൽ കടന്ന് വരുന്നുണ്ട് എന്നാണ് അല്ലേ?
കുന്ദൻ : തീർച്ചയായും...പലരും അതിൽ ഇരയാക്കപ്പെട്ടില്ലേ? മുകളിൽ നിന്ന് അമരുന്ന അധികാരത്തിൻ്റെ ഭാരവും അതിന് താഴെ തകരുന്ന ജനതയും എന്ന സമവാക്യത്തിൽ അല്ലെ നമ്മൾ ഓരോരുത്തരും? ഇപ്പോൾ അധികാരത്തിൻ്റെ ശക്തി വശങ്ങളിൽ നിന്നും ഉണ്ട്. ഒരു സർക്കാർ അല്ല അനേകം സർക്കാരുകളാണ് നമ്മെ ഭരിക്കാൻ വെമ്പൽ കൂട്ടുന്നത്.
ചോദ്യം : അത്തരത്തിൽ ഒരു സർക്കാരിൻ്റെ ഭാഗം ആയിരുന്നില്ലേ നിങ്ങളും?
കുന്ദൻ : അതെ...ഒരു ദിവസം ഒരു കറുത്ത രേഖപോലെ അധികാരത്തിൻ്റെ കുതിരപ്പട പ്രത്യക്ഷപ്പെടുന്നു. അത് നിങ്ങളുമേലെ പടർന്ന് കയറാൻ തുടങ്ങും. അതിനിടയിൽ അധികാരത്തിൻ്റെ ഒരു കോട്ട ഉയരുന്നത് മങ്ങലേറ്റ കണ്ണുകൾകൊണ്ട് കാണേണ്ടിവരും. അതിനകത്തെ നിഷേധിക്കപ്പെട്ട കൊട്ടാരങ്ങളുടെ ഉയർന്ന ചുവരുകൾക്ക് പിന്നിലിരുന്ന് ഇടുങ്ങിയ കിളിവാതിലിലൂടെ അവർ ജനങ്ങളെ നോക്കും.അവർ ആരാണെന്ന് നിങ്ങൾ അറിയുകപോലുമില്ല.പക്ഷേ എന്നാൽത്തന്നെയും അവരെ നമ്മൾ സർക്കാർ എന്നുതന്നെ വിളിക്കും.അവർക്ക് അവരുടെ താൽപ്പര്യസംരക്ഷണത്തിനായി പക്കലുള്ളത് അധികാരമാണ്.അത് നടപ്പാക്കാൻ ഉദ്യോഗസ്ഥരെ ആശ്രയിക്കും.
ചോദ്യം : താങ്കൾ അവിടെ എന്ത് ഉദ്യോഗമാണ് വഹിച്ചത്?
കുന്ദൻ : രംഭാഗഢ് സ്ട്രാറ്റജിക് ഇൻസ്റ്റലേഷൻ പ്രോജെക്ടിലെ പണിചെയ്ക്കുന്നതിലേക്കായ് സിറ്റി ജയിലിൽ നിന്ന് കൊണ്ടുവരുന്ന തടവുകാരെ -പയനിയർ ഫോഴ്‌സ് നെ ആർമി ആക്ടിന്റെ നിയമത്തോട് കൂടി റിക്രൂട് ചെയ്യുന്ന ലേബർ ഓഫീസർ ആയിരുന്നു ഞാൻ. ടീമിൻറെ തലവൻ സ്റ്റേഷൻ കമാണ്ടർ ആണ്. ബ്രിഗേഡിയർ ചന്ദ്രൻ റോയ്. അയാൾ വിചാരിക്കുന്നത് അച്ചടക്കരാഹിത്യത്തിനുള്ള മരുന്ന് വടി ഒന്നുമാത്രമാണെന്നാണ്.മനുഷ്യരെ വെറും ശരീരങ്ങളായും ജീവിതത്തെ മാസങ്ങളായും കാണുന്ന രീതിയാണ്. എനിക്കത് അത് സ്വീകരിക്കാൻ കഴിഞ്ഞില്ല.
ചോദ്യം : രംഭാഗഢ് ഒരു വ്യവസായ നഗരമാണോ?
കുന്ദൻ :
അല്ല... രംഭാഗഢ്, സൂര്യൻ മണലിനെ ചൂടുപിടിപ്പിക്കുന്ന വെയിൽ സ്വർണ്ണ നിറമാർജ്ജിച്ച സാൻഡ് സ്റ്റോണിൻ്റെ കോട്ടയെ വഹിക്കുന്ന; ഓരോ മൂലക്കും പുറത്തേക്ക്
തുറിച്ചുനിൽക്കുന്ന അതിൻ്റെ കാവൽ പുരകളെ കാണാം. ലേബർ ക്യാമ്പുകളെ കാണാം. ചേരികൾ കാണാം. ഇങ്ങനെ ജീർണ്ണിച്ച നിശബ്ദത പേറുന്ന എന്തെല്ലാമോ!. അങ്ങനെ തന്നെ സർക്കാരും അതിനുചുറ്റും വളഞ്ഞുനിൽക്കുന്ന ജനതയും ഉൾക്കൊള്ളുന്നതാണ് രംഭാഗഢ്. വിചിത്രമായ ഒരു സ്വതന്ത്രമാണ് രംഭാഗഢ്. വിശാലമായ മരുഭൂമി.ചിതറി അലയുന്ന കന്നുകാലികൾ, ഭൂമിയെ നെടുകെ മുറിച്ചുകൊണ്ടുള്ള ദേശാടനം. ഒരു പാറക്കെട്ട്,ഒരു ഖെജ് രി മരം. അയൽക്കാരെ അംഗീകരിക്കുന്ന ഒരു സംവിദാനത്തെയാണ് അവർക്ക് പരിചയം.ചുരുക്കത്തിൽ അസ്തിത്വം അയൽക്കാരുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. നിങ്ങളുടെ നാട് എങ്ങനെയാന്നെന്ന് എനിക്കറിഞ്ഞുകൂടാ.എന്നാൽ ഇവിടെ ഈ മരുഭൂമിയിൽ മൂന്ന് സംഗതികളാണ് ഉള്ളത്.മണൽക്കുന്ന്,മണൽക്കാറ്റ്,മരീചിക. വിചിത്രമായ മറ്റൊന്ന് പോറ്റുവാൻ വഴിയൊന്നുമില്ലെന്നായാൽ ഗ്രാമീണർ കന്നുകാലികളെ കൈവിടാൻ തീർച്ചയാക്കും. വിൽക്കണമെങ്കിൽ ദൂരത്തുള്ള ചന്തകളിൽ പോകണം. അതിന് വേണ്ടിവരുന്ന ചിലവ് പോലും അവയെ വിറ്റാൽ കിട്ടിട്ടില്ല. അങ്ങനെ വരുന്ന സന്ദർഭത്തിൽ ആചാരം വിധിച്ചിട്ടുള്ളത് അവയെ മരുഭൂമിയിൽ ഉപേക്ഷിക്കുകയാണ്. വിചിത്രമെന്ന് തോന്നിയേക്കാം. ആചാര വിധിപ്രകാരമുള്ള ചടങ്ങാണ് അവർക്കിടയിൽ. അവർ മൃഗങ്ങളെ മുന്നിൽ നടത്തി ഗ്രാമീണൻ പിന്നിലായ് നീങ്ങും. പിന്നീട് അവർ എങ്ങോട്ടോ മറയും.വരൾച്ചയും ക്ഷാമവും ആണ് ഇതിനുപിന്നിൽ.അതുകൊണ്ടവർ വിചിത്രമായ രീതികൾ സ്വീകരിക്കുന്നു.ചോദ്യം : അതെ തീർത്തും വിചിത്രമായ ഒന്ന് തന്നെ. അപ്പോൾ ആ ജനങ്ങൾ?
കുന്ദൻ : അവരിൽ പലരും പ്രൊജക്റ്റിൻ്റെ റിക്രൂട്ടിങ് സെൻ്റെറിൽ ആണ് വന്നുപെട്ടത്. ഭക്ഷണമില്ലാത്തപ്പോളൊക്കെ...! ഒരു ദിവസം കുറഞ്ഞത് പതിനഞ്ചോളം പേർ വരും. ആഹാരമില്ലാതെ,നിസ്സഹായരായ്,ജോലിയില്ലാതെ, ശൂന്യമായ കണ്ണുകളുമായ്.അവരുടെ പ്രശ്നങ്ങൾ അവർക്കിടയിലും - പ്രൊജക്റ്റിൻ്റെ താൽപ്പര്യങ്ങൾ കോട്ടക്കുള്ളിലും. ഇങ്ങനെ വന്നവരാരും മടങ്ങിപോയിട്ടില്ല.
ചോദ്യം : അതെന്താണ്?
കുന്ദൻ : അവിടെ നടക്കുന്ന നിർമ്മാണ പ്രവത്തനങ്ങൾ രാജ്യസുരക്ഷയെ സംബന്ധിക്കുന്നതാണ്.അതിൻ്റെ നിമ്മാർണ രീതി ചോർന്നുപോകാതിരിക്കാൻ അവർ ഇവരെ ഒന്നാകെ കൊല്ലുന്നു.ഇതിൽ വന്നുപെടാത്തവരുടെ അവസ്ഥ ഇതിലും ദയനീയമാണ്. തലേന്ന് രാത്രി കടന്നുപോയ ഒരു ലോറി വഴിയിൽ ഉറങ്ങുകയായിരുന്ന ഒരു പുറമ്പോക്കു കുടുംബത്തിൻ്റെ മീതേ കൂടി ഉഴുതുപോയി. കമ്പിളിയുടെ കുറവുകൊണ്ട് സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന എട്ടുപത്തുപേർ ഒരു പുതപ്പിനുള്ളിൽ പരസ്പ്പരം ചൂട് പകർന്ന് കിടക്കുകയായിരുന്നു....നേർ വഴിയിൽ.എന്തായാലും വണ്ടി കടന്നുപോയി ഒരു നിലവിളിയും ഉയർത്താതെ. കക്കുവാനും വ്യഭിചരിക്കുവാനും പിച്ചയാചിക്കുവാനും കുട്ടികളെ മോഷ്ടിക്കാനുമായി വന്ന കുറേ പേർ എന്നാണ് പിന്നീട് അവർക്ക് നേരെ നടന്ന ആരോപണം.
ചോദ്യം : നീതി ലഭിക്കാതെ ആ മനുഷ്യർ തീർത്തും ഗവൺമെൻറ്റിനു മുന്നിൽ പരാജയപ്പെടുകയാണ്.ആ പരാജയത്തിൽ ഗവൺമെൻറ്റിനുകൂടി ഉത്തവാദിത്വം ഇല്ലേ?
കുന്ദൻ : പരാജയം എന്നത് വാളുകളും കുന്തങ്ങളും എടുത്തുപോരാടുന്ന ഒരു യുദ്ധത്തിന് ശേഷം നിലത്ത് വീണുകിടക്കുന്ന മനുഷ്യരുടെ അവസ്ഥയാകണമെന്നില്ല. കോട്ട പിടിക്കാനാവാതെ നീണ്ടുനിന്ന പ്രതിരോധം ഉപേക്ഷിച്ച് അവസാനം തിരിച്ച് പോകുന്നവരുടെയും, തലമുറകളിലൂടെ കടന്നുപൊക്കോണ്ടിരിക്കുന്ന ജനതയുടെ സാമാന്യവൽകൃതമായ ഒരു ജീവിത സ്വഭാവവുമാകാം അത്. വളരെയധികം പ്രയത്നിച്ചും സ്വന്തം ജീവൻ അപകടപ്പെടുത്തിയും മറ്റുള്ളവരുടെ പൊന്നും പണവും അപഹരിച്ച് ഭാര്യയേയും മക്കളെയും ഏൽപ്പിച്ച് ഋഷികൾ ഓതിക്കൊടുത്ത ചോദ്യം അവരോടു ചോദിച്ചപ്പോൾ വാല്‌മീകിക്ക് കിട്ടിയ ഉത്തരവും ഒന്നുതന്നെയായിരുന്നു. ഇല്ല... ഇല്ലില്ല....
ചോദ്യം : ഇത് ഗവൺമെൻറ്റിൻ്റെ ആത്യന്തികമായ വിജയമെന്നാണോ പറഞ്ഞുവരുന്നത്?
കുന്ദൻ : അല്ല..! സീസർ എണ്ണൂറു നഗരങ്ങൾ പിടിച്ചെടുത്തു,മുന്നൂറു രാഷ്ട്രങ്ങളെ കീഴടക്കി,മുപ്പത് ലക്ഷം ജനങ്ങളോട് യുദ്ധം ചെയ്തു; അതിൽ പത്ത് ലക്ഷംപേരെ കൊല്ലുകയും പത്ത് ലക്ഷംപേരെ തടവുകാരാക്കുകയും ചെയ്തു. അപ്പോൾ നാം മനസ്സിലാക്കുന്നത്,അതീവ സമർത്ഥനായ ഒരു ചക്രവർത്തിയായിരുന്നു സീസർ എന്ന് അല്ലേ?.
ചോദ്യകർത്താവ് : അതെ.
കുന്ദൻ : എന്നാൽ നിങ്ങൾക്ക് തെറ്റി. സീസർ കീഴടക്കിയതും കൊന്നുകൂട്ടിയതുമായ ഈ നഗരങ്ങളും രാഷ്ട്രങ്ങളും ഒന്നൊഴിയാതെ അയാളെ അതിജീവിച്ചു. അയാളാകട്ടെ തൻ്റെ സെനറ്റർമാരെ പോലും അതിജീവിച്ചില്ല.അമ്പത്താറാം വയസ്സിൽ അവരുടെ കൈകളാൽ കൊല്ലപ്പെട്ടു.
ചോദ്യം : ഈ വാദം ആത്യന്തികമായ രംഭാഗഢ്നെ സമാധാനിപ്പിക്കുന്നുണ്ടോ?
കുന്ദൻ : ദുർഭരണങ്ങളെയും ക്രൂരമായ സർവാധിപതികളേയും മാത്രമല്ല,വെള്ളപ്പൊക്കങ്ങളേയും ക്ഷാമങ്ങളെയും ഭൂകമ്പങ്ങളെയുമെല്ലാം ശാശ്വതമായ ജനത അതിജീവിച്ചില്ലേ...ഇപ്പോഴും അതിജീവനത്തിൻ്റെ പാതയിലല്ലേ നമ്മൾ.അതിജീവിക്കുക അതിൻ്റെ സ്വഭാവമാണ് എന്നത് കൊണ്ട്.രംഭാഗഡിൽ ജീവിക്കുകയും പൊരുതുകയും മരിക്കുകയും ചെയ്ത മനുഷ്യർ എല്ലാം ഈ ഛത്രികുന്നിൽ പരസ്പ്പരം കെട്ടിപ്പിടിച്ച് കിടക്കുന്നു. ദഹനം കൊണ്ട് കരുവാളിച്ച ഇടങ്ങളായിരുന്നു ഇവിടെ ആദ്യമൊക്ക.പിന്നെ പിന്നെ വിറകിന് ക്ഷാമം ആയി.ഇപ്പോൾ എല്ലാം കുഴിച്ചിടുകയാണ്...അതും ഇപ്പോൾ നാം കാണുണ്ടല്ലോ.നഗരങ്ങളും രാഷ്ട്രങ്ങളും ജനതയും തകർക്കപ്പട്ടുകൊണ്ട്. സീസർ സന്തോഷിച്ച് ആർത്ത് വിളിച്ചുകൊണ്ടിരുന്നു.*