Friday, May 21, 2021

പോയട്രി കില്ലർ - ശ്രീപാർവ്വതി

  ശ്രീപാർവ്വതി എഴുതിയ പോയട്രി കില്ലർ വായിച്ചു. വായിച്ചു പഴകിയ കുറ്റാന്വേക്ഷണ രീതിയിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു എഴുത്തു കലാസൃഷ്ട്ടി. എഴുത്തുകാരെ മാത്രം തേടിയെത്തുന്ന ഒരു കൊലയാളി. ആ മരണങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് അതിൻ്റെ കാരണഭൂതനായ ആളെ അന്വേഷിക്കുന്ന എസ്. പി ഡെറിക് ജോൺ. ജില്ലയുടെ സുരക്ഷാ ചുമതലയുള്ളയാൾ. കൊച്ചിയിലെ ആഘോഷരാവുകളിൽ കത്തിച്ചാരമാകാറുള്ള പപ്പാഞ്ഞിയുടെ ചിത്രം പതിച്ച ഒരു കാർഡ്, അതിൽ ഇംഗ്ലീഷ് കവിതയിലെ കുറച്ച്  വരികൾ. ആ കവിതാ ശകലത്തിലെ സാഹിത്യം അയാൾക്ക് അപരിചിതമായിരുന്നു. വരികളിൽ നിന്നും അയാളുടെ മനസ്സ് വിട്ടുപോകാനാകാത്തത്ര ആഴത്തിൽ വീണുപോയിരുന്നു. ആരാണെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതെ അടുത്ത് നടന്ന ഒരു ആത്മഹത്യ കൊലപാതകമാണെന്ന് കണ്ടെത്തെന്നപോലെ  അയാൾ ഡെറിക്കിനോട് വെളിപ്പെടുത്തുന്നു. പക എന്നത് എത്രയോ വന്യമായ ഒന്നാണെന്ന് ഈ നോവൽ പറയാതെ പറഞ്ഞുവെയ്ക്കുന്നുണ്ട്.

  അടുത്ത് സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങൾ ഒരു വെല്ലുവിളിയെന്നോണം ഓരോ ക്രൈം സീനിലും കവിതയിലും സൂചിപ്പിക്കുന്നു. ചിത്രങ്ങളെടുത്ത്‌ നഗ്‌നമായി അവശേഷിപ്പിക്കുന്ന ഓരോ വിക്ടറ്റീമുകളും ക്രൈം സീൻ തീവ്രത കൂട്ടുന്നതിന് കാരണമാകുന്നുണ്ട്. മനോഹരമായ കവിതയിലെ വരികൾ, അതിനിടയിലെ മരണത്തിൻ്റെ നിശബ്ദത - ഗന്ധം ഇവയൊക്കെ കൂടുതൽ ആസ്വാദനാലോകം സൃഷ്ട്ടിക്കും. ഡെറിക് എന്ന സമർത്ഥനായ ഉദ്യോഗസ്ഥനെ നോവലിൽ ശ്രീപാർവ്വതി കാണിച്ച് തരുന്നത് ഒരേസമയം രണ്ടുസ്ത്രീകൾക്കിടയിൽ സമർത്ഥമായി ഭർത്താവും കാമുകനുമാകുന്ന ആളായിട്ടാണ്. ഈ നോവൽ ചുവടുറപ്പിച്ചിരിക്കുന്നത് ഒരു പ്രഹേളികയിൽ നിന്നുകൊണ്ട് മാത്രമല്ല. അഭിമുഖം-ചോദ്യം-പത്രസമ്മേളനം-അന്വേഷണ റിപ്പോർട്ടുകൾ തുടങ്ങി പല രൂപത്തിലാണ്. കാരണം ഇതിലെ ഡെറിക് എന്ന ഉദ്യോഗസ്ഥനെ ശ്രീപാർവ്വതി അമാനുഷി പരിവേഷമുള്ള  ഒരുമനുഷ്യനായ് ജീവൻ കൊടുക്കുകയോ ചിത്രീകരിക്കുകയോ ചെയ്യുന്നില്ല. ഓരോ കൊലപാതങ്ങൾ നടക്കുമ്പോഴും അയാൾ മൗനംകൊണ്ട് പരാജയം സമ്മതിക്കുന്നുണ്ട്. ആ പരാജയത്താൽ മനസ്സുതകർന്ന ഡെറിക് എത്രയോ തവണ മായയിൽ അഭയം പ്രാപിക്കുന്നുണ്ട്. അവളുടെ തലോടലിലൂടെയും വാക്കുകളിലൂടേയും  അയാൾ ആശ്വാസം കണ്ടെത്തുന്നുണ്ട്. ഇരുസ്ത്രീകൾക്കുമിടയിൽ അയാൾ അവരവരുടേതായ പുരുഷൻ ആകുന്നുണ്ട്. അത്തരത്തിൽ ഡെറിക് എന്ന കഥാപാത്രത്തെ വായനക്കാർക്കൊപ്പം നിർത്താൻ ശ്രീ പാർവ്വതിക്ക് കഴിഞ്ഞു;തീർത്തും വ്യത്യസ്തനായ ഒരാളായ്‌...!

   ഇതിലെ അന്വേഷണങ്ങൾ കൃത്യമായ പാറ്റേണിലാണ്. ഫോറൻസിക്ക് സർജൻ്റെ നിർദേശങ്ങളും കണ്ടെത്തിയ തെളിവുകളും കഥയെ ഒരു പ്രത്യേക തലത്തിലാണ് കൊണ്ടുപോകുന്നത്. അതിനാൽ തന്നെ കഥക്കൊപ്പം മാത്രം വായനക്കാർ സഞ്ചരിക്കുന്നു, അല്ലെങ്കിൽ കഥയ്‌ക്കൊപ്പം മാത്രമേ സഞ്ചരിക്കാൻ നമുക്ക് പറ്റുന്നുള്ളു. വായനക്കാർക്ക് ഒരു പടി മേലെ കടന്ന് ചിന്തിക്കാൻ പറ്റാത്ത തരത്തിൽ സൂഷ്മമായും മികവുറ്റ തരത്തിലും രചന നടത്തിയിരിക്കുന്നു. അവസാനം വരേയും നിർത്താതെ ഉദ്വേഗ ഭരിതമായി വായനക്കാർ വായിക്കും. 

    ഈ നോവൽ വായിച്ച് നിങ്ങൾ എത്ര ദൂരം താണ്ടിയാലും ഇത് നിങ്ങളെ പിന്തുടരും,തീർച്ച...!

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...