Wednesday, May 19, 2021

നാടൻ പ്രേമം - എസ്.കെ പൊറ്റെക്കാട്

റാം c/o ആനന്ദി വായിച്ച് മനസ്സ് ചെന്നൈ നഗരത്തിന് നടുവിൽ നിൽക്കുമ്പോഴാണ് ഞാൻ നാടൻ പ്രേമം വായിക്കാൻ കൈയ്യിലെടുക്കുന്നത്. നഗരത്തിൽ നിന്ന് മനസ്സ് ഗ്രാമത്തിലേക്ക് പറിച്ചുനടുന്നത് അത്ര എളുപ്പമാകില്ലെന്ന് കരുതി രണ്ടുപേജ് വായിച്ചവസാനിപ്പിക്കാമെന്ന് കരുതിയാണ് നോവൽ കൈയ്യിലെടുത്ത്. ഒടുവിൽ ഒറ്റയിരിപ്പിനു വായിച്ചവസാനിപ്പിച്ചു. എസ്.കെ പൊറ്റെക്കാട് നാടൻ പ്രേമം എഴുതുന്നത് ബോംബയിൽ വെച്ചാണ്. മറുനാട്ടിൽ വെച്ച്  ഗ്രാമപച്ചയുണർത്തുന്ന തരത്തിൽ ഇത്തരമൊരു നോവൽ എഴുതണമെങ്കിൽ എസ്.കെ പൊറ്റെക്കാട് അത്രകണ്ട് മുക്കം ഗ്രാമവും അതിൻ്റെതന്നെ ഇടവഴികളും കണ്ട് സുപരിചിതനായിരിക്കണം. 

   മാംസ നിബദ്ധമായ രാഗത്തെപ്പറ്റി നിഗൂഢമായി സ്വപനം കാണാനും സാങ്കൽപ്പിക രതി അനുഭവിക്കാനുമായിട്ടായിരിക്കാം ഒരുകാലഘട്ടത്തിലെ മുതിർന്നവർ നാടൻ പ്രേമത്തിനുവേണ്ടി നിശബ്ദ കലഹങ്ങൾ ഉണ്ടാക്കിയത്. ചിലർ ഒന്നിൽകൂടുതൽ തവണ വായിച്ച് മനഃപാഠമാക്കിയതായും പറയുന്നുണ്ട്. എന്നാൽ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായ് ഗ്രാമവും പുഴയും മനുഷ്യരും എസ്.കെ പൊറ്റെക്കാട് വരച്ച് കാട്ടുന്നത് വായനക്കാരുടെ ഓർമ്മകളുടെ ചുവരുകളിലാണ്. അതുകൊണ്ട് വായിച്ചവസാനിപ്പിച്ചതിന് ശേഷവും അത് മായാതെ വായനക്കാരുടെ മനസ്സിൽ നിലനിൽക്കുന്നത്.

 

 നാട്ടിൻപുറം ...! നാഗരികതയുടെ രസനാസ്‌പർശമേൽക്കാത്ത നാട്ടിൻപുറം. അവിടുത്തുകാർ നിരക്ഷരരാണ്. ഏതൊരു ഗ്രാമീണനോട് ചോദിച്ചാലും കരിവരൻ കരിമ്പാറ ആയ കഥപറയും,ഇരുവഴിഞ്ഞി പ്രേമംമൂത്ത് കര കവിഞ്ഞ കഥ പറയും ഇങ്ങനെ അവർക്കുമുണ്ടൊരു സാഹിത്യം. അത് ഇക്കോരൻ്റെ പാട്ടിലൂടെ നമുക്കത് കേൾക്കാം. പഴങ്കഥകളും യക്ഷിക്കഥകളും പൊടിപ്പും തൊങ്ങലും ചേർന്ന പല ഇതിഹാസ കഥകളും പലേ ഗാനങ്ങളും ശാലീനമായ ഈ നാടൻ സാഹിത്യത്തിൽ ഉണ്ട്. അവിടുത്തെ കുന്നിനും തോടിനും അരുവിക്കും കായലിനും കടവിനും അവരുടേതായ പ്രേമ കഥകൾ പറയാനുമുണ്ട്. അങ്ങനെ ആ ഗ്രാമത്തിനോട് കുയിൽ വന്ന് മഴവന്ന് ഉഴുത് വിത്ത് വിതക്കാൻ കാലമായെന്ന് അറിയിക്കും.

   ഈ ഗ്രാമത്തിലേക്കാണ് രവീന്ദ്രൻ സുഖവാസത്തിന് എത്തുന്നത്;കോഴിക്കോട് പട്ടണം വിട്ട്. ഈ ഗൂഢമായ ഒഴിവുതാമസം കണ്ടെത്തുന്നവർക്ക് മോറിസ് കാർ സമ്മാനം എന്ന കുറിപ്പ് സുഹൃത്തുക്കൾക്കയച്ചിട്ടാണ് അയാൾ ഇവിടേക്ക് വരുന്നത്. സ്വന്തമായ് ഈർച്ച കമ്പനികളും നെയ്ത്തുശാലകളും വമ്പിച്ചതോതിൽ മരക്കച്ചവടവും നടത്തുന്ന ആളാണ് രവീന്ദ്രൻ. രവിയുടെ കഥാനായിക മാളുവും പിന്നീട് മാളുവിനെ വിവാഹം കഴിക്കുന്ന ഇക്കോരനുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ഇക്കോരൻ്റെ പേരുകേൾക്കാത്തവരായ് മുക്കം പ്രദേശത്ത് ആരുംതന്നെയില്ല. ഇരുനിറത്തിൽ ആരോഗ്യദൃഢമായ് പൊക്കം കുറഞ്ഞ ശരീരം.സാദാ പ്രസന്നമായ മുഖം. ഒരു പരുക്കൻ തോർത്ത് മുണ്ട് നിത്യാവസ്‌ത്രം. അവൻ വെറ്റില മുറുക്കില്ല,ബീഡി വലിക്കില്ല,ചായ കുടിക്കില്ല. പക്ഷെ ആപൽക്കരമായ ഒന്നുണ്ട്;ഇക്കോരൻ്റെ വാക്കുകളിൽ പറഞ്ഞാൽ ചെറിയൊരു കുടിയാനും വലിയൊരു കുടിയനുമാണ്.

   പതിനൊന്ന് സംവത്സരങ്ങൾക്കിപ്പുറം മുക്കത്തെ നെൽവയലുകൾ ഇരുപത്തിരണ്ട്‍ കൊയ്ത്തുകാലം പിന്നെയും കണ്ടു. ഇരുവഴിഞ്ഞി പുഴയിലൂടെ എത്രയോ മലവെള്ളം ഒഴുകിപ്പോയി. ഇരുവഴിഞ്ഞി പുഴയിൽ നിന്ന് ഏഴ് ഫർലോങ് ദൂരെയായി ഒരു ജീർണിച്ച ക്ഷേത്രം കാണാം. അവിടെ മാളു ഇക്കോരനോട് അവളുടെ ജീവനും ജീവിതത്തേയും പറ്റിപറയും. എട്ട് വർഷങ്ങൾക്കിപ്പുറം അവരുടെ പ്രണയം നട്ടതിൽ പിന്നെ തിരിഞ്ഞു നോക്കാത്തതിൽ പേരുപോലും അറിയാതെ വളർന്ന് പുഷ്പ്പിച്ച കാട്ടുചെടികളുടെ പൂർവ സ്മരണകളെ കാണാം;അതിൻ്റെ പേരാണ് നാടൻ പ്രേമം...   

 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...