പ്രേമലേഖനത്തിലെ ബഷീറിൽ നിന്ന് കിട്ടിയ അനശ്വര പ്രേമസങ്കൽപ്പവും അനുരാഗത്തിൻ്റെ ദിനങ്ങളിൽ നിന്ന്കിട്ടിയ രതിവൈകൃതങ്ങളും ബഷീറിൻ്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നില്ല...നിർണയ്‌ക്കുന്നുമില്ല. ചിന്തയും വികാരങ്ങളുമുള്ള പച്ചയായ മനുഷ്യൻ,എല്ലാവരെയും പോലെ. പക്ഷെ ഇവിടെ ആ എല്ലാവരിലേക്കും നമ്മെ കൂട്ടിച്ചേർക്കാൻ സാധിക്കുന്നില്ല.ആ സാധ്യമാകലിൽ നമ്മിലെ മാന്യതയുടെ മൂടുപടം അഴിഞ്ഞുവീഴും എന്ന ഒറ്റ കാരണം കൊണ്ടാണ്. ഈ കാരണത്താൽ നാം ( കൂടിച്ചേരാത്തവർ ) ഒരു മതിലിനപ്പുറത്തേക്ക് ബഷീറിനെ മാറ്റിനിർത്തി നെറ്റിചുളിക്കും. അതുകൊണ്ടുതന്നെ ബഷീർ പകർത്തി എഴുതാൻ കഴിയാത്ത, മുഖവുര ഒട്ടും വേണ്ടാത്ത എഴുത്തുകാരനായി;അനശ്വരനായ് നിലനിൽക്കുകയും ചെയ്യുന്നു. സ്ത്രീ ശരീരം പ്രതേകിച്ച് മുല-യോനി, കൈയും തലയും പോലെ നോക്കിക്കാണാൻ നിരന്തരം എഴുതുകയും ചെയ്യുന്നുണ്ട്.എന്നാൽ ചിലർക്ക് അങ്ങനെ കാണാൻ സാധിക്കാത്തതുകൊണ്ട് അവർ അശ്ലീനത്തിൻ്റെ വെള്ളെഴുത്ത് കണ്ണട വയ്ക്കുകയും ചെയ്യുന്നു. അനുരാഗത്തിൻ്റെ ദിനങ്ങൾ ഒരു സംസ്ക്കാര ജീർണതയാണ് എന്ന അഭിപ്രായമുള്ളവർ എൻ എൻ പിള്ളയുടെ ആത്മകഥയായ '' ഞാൻ '' വായിക്കണമെന്ന്
അഭ്യർത്ഥിക്കുന്നു. അതിലെ ഒരു ഭാഗം തുടങ്ങുന്നത് '' എൻ്റെ ആദ്യ ഇണചേരൽ '' എന്ന തലക്കെട്ടോടുകൂടിയാണ്. ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും പച്ചയായ ആത്മകഥ എൻ .എൻ പിള്ളയുടെ '' ഞാൻ '' തന്നെയാണ്. ബഷീറിലേക്ക് വന്നാൽ രണ്ടുവർഷം മാത്രം നീണ്ടുനിന്ന പ്രണയത്തിൻറെ വാങ്മയ ചിത്രമാണ് അനുരാഗത്തിൻ്റെ ദിനങ്ങൾ. കത്തുകളിലൂട പ്രണയിച്ചിട്ടുള്ളവർ ഇത് തീർച്ചയായും വായിക്കണം. ജീവിതത്തിൻ്റെ ജീർണതയിലേക് തെളിച്ചുവെച്ച വെളിച്ചമാണ് ബഷീറിൻറെ ഈ കൃതി. എന്റേയും നിങ്ങളുടെയും ജീവിതത്തിൽ രഹസ്യമായി നടന്ന ജീർണതയിലേക്ക് മൂന്നാമതൊരാളെ നാം കടത്തിവിടുമോ. ഞാൻ ഇല്ല. വള്ളത്തോളിൻ്റെ ഒരു ഡയറിയിൽ നിന്ന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്ക്കാരം കിട്ടുന്നതിലേക്കായ് സർദാർ കെ.എം പണിക്കർക്കയച്ച ഒരു അപേക്ഷ കിട്ടുന്നതിലൂടെ നാം മനസ്സിലാക്കേണ്ടുന്നത് ആ വ്യക്തിയിലേക്കുള്ള മറ്റൊരു കാഴ്ചപ്പാടാണ്. ഒരു വായനക്കാരൻ എന്ന നിലയിൽ പറയട്ടെ അനുരാഗത്തിൻ്റെ ദിനങ്ങൾ ഒരു അത്ഭുതമായ വായനാനുഭവമാണ് നമുക്ക് നൽകുന്നത്. ജീവിതം എത്രമേൽ നിറം പിടിച്ചതാണോ അത്രമേൽ നിറം പിടിപ്പിച്ചാണ് വായനക്കാരിലേക്ക് ഓരോ എഴുത്തും എത്തുന്നത്: ഒരുതരി സത്യസന്ധതയില്ലാതെ. ആത്മതയും ഓർമ്മക്കുറിപ്പും വെള്ള പൂശുന്ന ഈ കാലത്ത് എച്ചുമുവിൻ്റെ '' ഇതെൻറെ രക്തമാണ് ഇതെൻ്റെ മാംസമാണ് എടുത്തുകൊൾക '' എന്നത് വായനക്കാരോട് നീതിപുലർത്തിയ രചനയാണ്. അനുരാഗത്തിൻ്റെ ദിനങ്ങൾ വായിക്കുന്ന ഏതൊരാളും അസ്വസ്ഥനാവില്ല...വായിച്ചുകൊണ്ടിരിക്കെ ചുറ്റുപാടും വീക്ഷിക്കില്ല...വികാര ഭരിതമായ് വരുന്ന ഭാഗങ്ങൾ ആവർത്തിച്ച് വായിക്കില്ല..., പിന്നെയും ഒന്നുകൂടിയുണ്ട് അത് ഒരു കുമ്പസാര രഹസ്യമായി എന്നിൽ മാത്രം അവശേഷിക്കും. അതറിയേണ്ടവർ അനുരാഗത്തിൻ്റെ ദിനങ്ങളിലേക്ക് കടന്നുചെല്ക



No comments:
Post a Comment