Friday, February 28, 2020

സെബാസ്റ്റിയൻ ആൻഡ് സൺസ് ,എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദ്ധഗം മേക്കേഴ്‌സ് വെസ്റ്റ്ലാൻഡ് - ടി,എം കൃഷ്ണ

ജാതീയ പരമായ വിവേചനം എല്ലാരീതിയിലും പ്രകടമാണെന്നതിനുള്ള ഒരു ഉദാഹരണംകൂടിയാണ് 2020 ഫെബ്രുവരി 23 ലെ " പാലക്കാട് മണി അയ്യർക്കും പാർലാണ്ടിനും  ഇടയിലെ പശു - ടി,എം കൃഷ്ണ " യുമായി എം ജി രാധാകൃഷ്ണൻ നടത്തിയ അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ നിന്നും ഉള്ള സംഭാഷണങ്ങൾ ഉൾക്കൊള്ളിച്ച മാതൃഭുമി ആഴ്ചപ്പതിപ്പ്.ഒരു വലിയ വിവാദത്തെയും വഹിച്ചുകൊണ്ടുള്ളതാണ് അദ്ദേഹത്തി ൻ്റെ പുസ്തകമായ  " സെബാസ്റ്റിയൻ ആൻഡ് സൺസ് ,എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദ്ധഗം മേക്കേഴ്‌സ് വെസ്റ്റ്ലാൻഡ് " എന്ന പുസ്തകം ചർച്ചചെയ്യുന്നത്.എല്ലാകാലത്തും മൃദ്ധഗത്തിൻ്റെ സൃഷ്ട്ടാക്കൾ ദളിതരായിരുന്നിരിക്കണം.മൃദ്ധഗ നിർമാണത്തിലെ പ്രധാനികളിലൊരാളായ സെബാസ്റ്റിയൻ ദളിതനായിരുന്നിരിക്കാം അതുകൊണ്ടാണ് വിഖ്യാത ശാസ്ത്രജ്ഞനായ സി.വി രാമൻ മൃദ്ധഗനിർമ്മാതാക്കളെപ്പറ്റി യാതൊന്നും പറയാതെ വെച്ചത്.
          മൃദ്ധഗ നിർമ്മാണത്തിനുപയോഗിക്കുന്ന മൃഗത്തിൻ്റെ തുകൽ സവർണ്ണ വർഗത്തിൻ്റെ അശുദ്ധിയുടെ കെട്ടുപാടുകൾ ഉണ്ടാക്കും എന്നത് തന്നെയാണ് പ്രധാന കാരണം.അതിനാൽ ഇതിലെ ചർമ്മ സാനിധ്യവും അതുണ്ടാക്കുന്ന ദളിതരുടെ സാന്നിധ്യവും  ഈ സവർണ്ണ വർഗത്തെ അലോസരപ്പെടുത്തുന്നുണ്ടാകാം.പശുവിൻ്റെ തുകൽ അവരിൽ തീണ്ടൽ ഉണ്ടാക്കുമെന്ന ഒരു വലിയ സത്യം ഇതുവരേക്കും മറച്ചുവെക്കപ്പെട്ടിരിക്കുകയായിരുന്നു. ഈ പുസ്തകം ഇറങ്ങുന്നതിനു മുൻപ് വരേയും.
        അതുകൊണ്ടുതന്നെയാകും മൃദ്ധഗ നിർമാതാക്കളുടെ അറിയാ ജീവിതത്തിലൂടെ കടന്നുപോയ ഈ പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങിന് വേദി നിഷേധിച്ചതും,ആ നിഷേധനം  ഒരു ഉദാഹരണമാണ് മൃദ്ധഗ നിർമാതാക്കൾ എത്രത്തോളം അരികുവൽക്കരിക്കപ്പെട്ടിരുന്നു എന്ന് മനസിലാകാൻ...ചരിത്രം ഇന്നും അവരെ ഉൾകൊള്ളാൻ ഒരുങ്ങിയിട്ടില്ല!ഒരുപക്ഷേ ചരിത്രം അവർക്ക് മുഖം       തിരിഞ്ഞുനിൽക്കുകയായിരുന്നിരിക്കാം ഇതുവരെ. ജാതീയമായ എല്ലാത്തിലും ഇത്തരത്തിലുള്ള അശുദ്ധി വൽക്കരണം ഉണ്ടായിരുന്നതായി നമുക്ക് കാണാൻ സാധിക്കും.ആ അശുദ്ധി ഇല്ലാതെ ( തുകൽ  ) അതെങ്ങനെ ഒരു വാദ്യ ഉപകരണം ആകും?...അത് ദഹിക്കാൻ അൽപ്പം പ്രയാസമുള്ള ചോദ്യമാണ് അല്ലെങ്കിൽ കേൾക്കാൻ ( ചോദിക്കാൻ ) ആളില്ലാത്ത ചോദ്യവും.
           ഈ പുസ്തകം പലരേയും അസ്വസ്ഥരാക്കും. തെയ്യം നിങ്ങൾ കാണാറില്ലേ? വേഷം അഴിച്ച് തെയ്യം അല്ലാതാകുന്ന നിമിഷം വേഷം കെട്ടുന്നയാൾ വിവേചനം നേരിടും വേഷം കെട്ടിയാൽ എല്ലാരും ആരാധിക്കും അപ്പോൾ അവിടെ യാതൊന്നിൻ്റെയും വേർതിരിവുകൾ ഉണ്ടാകുന്നില്ല എന്നത് അതിരുകളില്ലാത്ത സത്യമാണ്..വേഷം അഴിച്ചുവെച്ചാൽ ഉണ്ടാകുന്ന ജാതിയപരമായ വിവേചനം അതുപോലെ തന്നെ പ്രകടവുമാണ്.ഇതുവരേയും ആരും ചോദിക്കാത്ത വലിയ ചോദ്യങ്ങളും ബോധപൂർവം നാം മറന്ന ചരിത്രവുമാണ് മാതുഭൂമി ആഴ്ചപ്പതിപ്പ് വായനക്കാർക്കായി ഈ വാരം പങ്കുവെച്ചത് 

Thursday, February 27, 2020

ജനാധിപത്യവാദികളും വിമതരും - രാമചന്ദ്ര ഗുഹ

ജനാധിപത്യവാദികളും വിമതരും എന്ന ഈ പുസ്തകത്തിൻ്റെ പൊതുസ്വഭാവം നോക്കിയാൽ ദേശ സ്നേഹികളും വിമതരും എന്ന പുസ്തകവുമായി അഭേദ്യമായ ബന്ധം നിലനിൽക്കുന്നതായി കാണാൻ സാധിക്കും. പതിനാറ് ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥത്തിൻ്റെ ആത്മാവും ശരീരവും. ഇതിലെ ഓരോ ലേഖനങ്ങളും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പൊതുബോധത്തെ കേന്ദ്രീകരിച്ചപ്പോൾ ഇതിലെ ആശയങ്ങൾ പുറത്തേക്കിറങ്ങിനിന്ന് പൊതുസ്വഭാവത്തിലുള്ള മറ്റുസംഭവങ്ങളും കണ്ടെത്തി വായനക്കാരിലേക്ക് കൊണ്ടെത്തിച്ചതായി മനസിലാക്കാൻ സാധിക്കും. കശ്മീർ പ്രശ്നവും - തമിഴ് ശ്രീലങ്കൻ പ്രശനങ്ങളും ഇന്ത്യയിലെയും പാകിസ്താനിലേയും മതവും രാഷ്ട്രിയവും തമ്മിലുള്ള ബന്ധങ്ങളുടെ പുതിയ വാതായനങ്ങളാണ് തുറന്നുകാണിച്ചത്. ഇതിൽ ഉൾച്ചേർത്തിരിക്കുന്ന വിഷയങ്ങളത്രയും ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ഇന്നും ചർച്ച ചെയ്യപെട്ടുകൊണ്ടിരിക്കുന്ന  അതീവ പ്രാധാന്യമുള്ള വിഷയവുമാകുന്നു.
         ഇന്ത്യയുടെ അനുഭവങ്ങളെ കൃത്യമായി അപഗ്രഥിക്കുവാൻ ഗുഹക്ക് പ്രത്യേക കഴിവുണ്ട്. അദ്ദേഹം ഇന്ത്യയേയും ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയേയും കുറിച്ചെഴുതിയ പുസ്തകങ്ങളിൽ നിന്ന് ഈ പുസ്തകം വ്യത്യസ്തമാകുന്നത് അവതരണവും വിഷയങ്ങളുടെ താരതമ്യവുമാണ്.അദ്ദേഹത്തിൻ്റെ പഠനവിഷയം കടന്നുചെല്ലാൻ കഴിയാത്തതായി ഒന്നുംതന്നെയില്ലായെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് ഈ പുസ്തകം.
          ആധുനിക സ്ത്രീ വിമോചകരുടെ കാഴ്ചപ്പാടിൽനിന്ന് നോക്കുമ്പോൾ ഗാന്ധിയുടെ ചില സമീപനങ്ങൾ സ്ത്രീ സ്വാതന്ത്ര്യത്തിന് അനുയോജ്യമായിരുന്നില്ല. അത് ഗുഹ ഉദാഹരണ സഹിതം വിശകലനം ചെയ്യുന്നുണ്ട്.ഗർഭ നിരോധനത്തിന് അദ്ദേഹം എതിരായിരുന്നു - മാത്രമല്ല ജോലിചെയ്യുന്ന സ്ത്രീകളുടെ കൂലിയെപ്പറ്റി കൃത്യമായ നിലപാടെടുക്കാൻ ഗാന്ധിക്ക് കഴിയുമായിരുന്നല്ല.ഏറെ ആദരിക്കപ്പെട്ട  ധാരാളം വിഷയത്തിൽ അറിവുള്ള പ്രതിഭാശാലികളായ പലവ്യക്തികളുടെയും കാഴ്ചപ്പാട് വിഷയത്തിനകത്തുനിന്നുകൊണ്ടുതന്നെ തിരുത്താൻ രാമചന്ദ്ര ഗുഹ ക്ക് സാധിച്ചു. ഇതിനകം അദ്ദേഹം എഴുതിയ എല്ലാ പുസ്തകങ്ങളേയും പോലെതന്നെ ഈ പുസ്തകത്തിലും അദ്ദേഹം നീതിപുലർത്തി.
          "സ്വാതന്ത്ര്യ സമരകാലത്ത് ഗ്രാമീണ ജനങ്ങളെ സമരമുഖത്തേക്ക് കൊണ്ടുചെന്നെത്തിച്ചത് ഗാന്ധിയായായിരുന്നു.കൂടാതെ ഗാന്ധിയുടെ വസ്ത്ര ധാരണവും ജീവിത രീതിയും മുൻപുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളുടെ ടാർബനും പാശ്ചാത്യ ജ്യുട്ടും എന്ന ശൈലിയെക്കാളും ഉപരിയായി ജനങ്ങളിൽ സ്വീകാര്യത നേടി " അതുപോലെ ഈ പുസ്തകത്തിലെ പ്രാദേശിക വിജ്ഞാന കോശങ്ങളൊക്കെയും അവലോഹനം ചെയ്യുമ്പോൾ ഈ പുസ്തകത്തെ ഒരു ചരിത്ര ഗ്രന്ഥമായി കാണുന്നതിനേക്കാൾ ഉപരിയായി - ഇതൊരു ചരിത്ര വീക്ഷണം മാത്രമാണെന്ന് പറയുന്നതാകും കൂടുതൽ യോചിക്കുക.. അദ്ദേഹത്തി ൻ്റെ കാഴ്ചപ്പാടും വിഷയാവതരണ ശൈലിയും പുസ്തകത്തിൻ്റെ വളർച്ചക്കും വായനക്കും  ഇന്ധനമായി മാറി... 

Friday, February 21, 2020

നമ്മെ വിഴുങ്ങുന്ന മൗനം - പ്രകാശ് രാജ്

അഭിനേതാവെന്നതിലുപരി ത്രീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരേ നിരന്തരം ശബ്ദിക്കുന്ന പ്രകാശ് രാജിൻ്റെ  ശക്തമായ ലേഖങ്ങളുടെ സമാഹാരം. സമകാലിക ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഈ പുസ്തകം. വെറുപ്പിൻ്റെ  രാഷ്ട്രീയത്തിന് നേരെ നിരന്തരം ശബ്‌ദിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഈ ലേഖനങ്ങളിലൂടെ വെറുപ്പിൻ്റെ രഷ്ടിയം എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണിച്ചുതരുന്നു.
          സുദീർഘമായ ഒരു വായനയാണ് വായനക്കാര്ക്ക് ഈ പുസ്തകം വച്ച് നീട്ടിയത്. അത് എത്രയേറെ തീവ്രമായിരിക്കുമെന്ന് ഈ വായനയുടെ അവസാനം നിങ്ങൾക്കോരോരുത്തർക്കും മനസ്സിലാകും. ജീവിതത്തെ സിനിമ-സാഹിത്യം-നാടകം-ഭാഷകൾ എന്നിവയിലൂടൊക്കെ അദ്ദേഹം നോക്കിക്കാണുന്നു. പറഞ്ഞുതീർന്നിട്ടില്ലാതെ ഒരു ദീർഘ സംഭാഷണത്തിൻ്റെ ഏതോ ഒര് ഏട് മാത്രമാണ് " നമ്മെ വിഴുങ്ങുന്ന മൗനം" നമ്മോടു പറഞ്ഞുവെക്കുന്നത്. അത് വെറും നേരംപോക്കിനുള്ളതല്ല;മറിച്ച് എവിടെനിന്നുകൊണ്ടുപോലും ജീവിതത്തെയും രാഷ്ട്രീയത്തേയും നോക്കിക്കാണാനും- വിമർശിക്കാനും- നയിച്ചുകൊണ്ടുപോകാനുമുള്ള ഉൾക്കരുതാണ്  നമ്മോടു പങ്കുവെയ്ക്കുന്നത്,തീർത്തും ഔപചാരികമായി...അത് അക്ഷരങ്ങളിലൂടെ അനുഭവിക്കാൻ കഴിഞ്ഞുയെന്നത് ആഹ്ലാദമുണ്ടാക്കുന്ന ഒരു കാര്യമാണ്.
         ഇതിലെ ഓരോ ഭാഗവും വായനക്കാരിലേക്ക് ഒരു ചോദ്യത്തെ അവശേഷിപ്പിച്ച് അടുത്ത ഒരു ചോദ്യത്തിലേക്ക് കടന്നുപോകും.വായനക്കൊടുവിൽ ചോദ്യങ്ങളുടെ ഒരു വലിയ കൂമ്പാരം വായനക്കാരിൽ അവശേഷിക്കും പറഞ്ഞുതീർക്കാൻ കഴിയുന്നവയും പറഞ്ഞാലും തീരാത്തവയും ഒരു മൗനം കൊണ്ട് ഉത്തരമാകുന്നവയും - ഇത്തരത്തിൽ ധാരാളം ഉത്തരങ്ങളൂം നമ്മിൽ അവശേഷിക്കും. വളരെ പ്രസക്തിയുള്ള മറുപടിയേതാണ് അപ്രസക്തിയുള്ള മറുപടിയേതാണ് എന്നതാണ് എന്നെ കുഴക്കിയത്.
      പ്രശ്നങ്ങളുടെ അടുപ്പിൽ ചട്ടിവെച്ച് തങ്ങളുടെ പരിപ്പ് വേവിക്കുന്ന രാഷ്ടിയക്കാർ,കർഷകരുടെ ദുരിതം മൂലധനമാക്കികൊണ്ട് രാഷ്ടിയം മെനയുന്ന അധികാര കോമരങ്ങൾ-നേതാക്കൾ-ശിങ്കിടികൾ ഇത്തരം എല്ലാ കാഴ്ചകളും കൃത്യമായി ഒരു അവലോഹനത്തിലേക്ക് നമ്മെക്കൊണ്ടുചെന്നെത്തിക്കും. അപ്പോഴാണ് അദ്ദേഹത്തിൻ്റെ  വിമർശനത്തിൻ്റെ  പ്രസക്തിയും തീവ്രതയും നിലപാടും നമുക്ക് എത്രത്തോളം വലുതായിരുന്നെന്ന്  മനസ്സിലാകുന്നത്. അപ്പോഴാണ് " നമ്മെ  വിഴുങ്ങുന്ന മൗനം " എത്രത്തോളം വലുതായിരുന്നെന്ന് നാം അറിയുന്നത്;അതിൽ നിന്നും പുറത്തുവരാൻ ശ്രമിക്കുന്നത്. അതിലൂടെ നമുക്ക് കിട്ടുന്നത്  മുൻപെപ്പോഴോ നഷ്ടപ്പെട്ടുപോയ നമ്മുടെ ശബ്ദമാണ്-ശരിയുടെ ശബ്ദം... നഷ്ടപ്പെട്ടെന്ന് നാം കരുതിയ ആ ശബ്ദമാണ് ഈ പുസ്തകത്തിലൂടെ പ്രകാശ് രാജ്  നമുക്ക് തിരിച്ചുതന്നത്.....

Tuesday, February 11, 2020

വാനിറ്റി ബാഗ് - അനീസ് സലിം


മനോഹരമായ എഴുത്ത്.അങ്ങനെതന്നെ പറഞ്ഞുവേണം ഈ പുസ്തകത്തെക്കുറിച്ചു തുടങ്ങാൻ. ഒരു കോടതിമുറിക്കുള്ളിൽനിന്നും വിധിയുടെ ലോഹപ്പാത്രത്തിൽ സ്‌പൂൺ മുട്ടിയാലെന്നോണം ജഡ്ജ് വിധിപ്രഖ്യാപിച്ചു. തീവ്രമായ വെയിൽ;ജനാലക്കരികിൽ വിധികേൾക്കാൻ തിരക്കുകൂട്ടിയവർ കോടതിമുറിക്കുള്ളിൽ  മഴക്കുസമാനമായ ഇരുട്ടുണ്ടാക്കി. ജനലരികിനുള്ളിൽ ഒരു തിരക്കിലും  പെടാത്തരിക്കുന്നയാളിനുമുന്നിൽ ജനനസ്ഥലം എഴുതി-വാനിറ്റി ബാഗ്; നീ ഉദ്ദേശിച്ചത് bag എന്നല്ലേ? അല്ല! bagh. 
        പതിനാറ് വർഷത്തിൽ ഇനി ഒരിക്കൽപോലും തുറക്കാൻ ഇടയില്ലാത്ത ആ രജിസ്റ്ററിൽ  തെറ്റ്  എഴുതിയിട്ട് എന്ത് കാര്യം.  ഇത്തരത്തിൽ നോവലിൻറെ പലഭാഗത്തായി പറയുന്ന സംഭവങ്ങൾ  ഇതുപോലെ വായനക്കാരൻറെ മനസിലേക്ക് വരച്ചു ചേർക്കാൻ എഴുത്തുകാരാന്പ്രത്യേക കഴിവുണ്ട്..  
          മെഹല്ലയിലെ എല്ലാറ്റിനും വിചിത്രമായ പേരുണ്ട്, വിശ്വാസങ്ങളുണ്ട്,ഗൗരവമുണ്ട്. കെട്ടുകഥകൾ ഉണ്ടാക്കാനും വസ്തുക്കൾക്ക് പേരിടാനും വലിയതാല്പര്യം കാണിക്കുന്ന മെഹല്ലവാലികൾ മോസ്‌ക്കിനെതിരെ നിൽക്കുന്ന മരത്തിനെപ്പോലും വെറുതെവിട്ടില്ല.അവരതിനെ ഫ്രാങ്ക്‌ളിൻ എന്നുവിളിച്ചു. ഈ മരം ഒരു ക്രിസ്ത്യൻ കുടുംബത്തിൽ പിറന്നതാണെന്നും ഗാരേജിനടുത്തുള്ള പിൻഡോ കുടുംബത്തിനൊപ്പം അത് എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുമെന്നും ഉള്ള വിചിത്രമായ കഥ മെഹല്ലയിൽ നിലനിൽക്കുന്നു. ഈ മരത്തെപ്പറ്റി സിറ്റിക്രോണിക്കിൽ ഒരു വാർത്ത ഇറക്കുകയും ക്രസ്തീയതയുടെ ദുർഗന്ധമുള്ള ഒരു മരം - മുസ്‌ലിം പ്രദേശത്ത് എന്താണ് ചെയ്യുന്നതെന്ന് മെഹല്ലമുഴുവൻ സംസാര വിഷയമാകുകയും ചെയ്തു. പിൻഡോ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം മോസസ് അയാളുടെ മതം മാറ്റത്തിനു മുൻപ് മൂസയായിരുന്നെന്ന് മെഹല്ലവാലികൾക്ക് ഏതാണ്ട് ഉറപ്പുണ്ട്. ഇപ്പോഴും ഫാത്തിമ എന്നുവിളിക്കുന്ന അയാളുടെ ഭാര്യ രഹസ്യമായി റംസാൻ വൃതം എടുക്കുന്നതായി മെഹല്ല വാസികൾക്ക് സംശയം നിലനിൽക്കുന്നുണ്ട്." കഴിഞ്ഞ റംസാൻ മാസത്തിൽ ഫാത്തിമ ആൻഡി 'മൊഗുൽ ബേക്കറിയിൽ ' നിന്നും ഈന്തപ്പഴങ്ങൾ വാങ്ങുന്നതായി ആസിയ ജമാൽ സാഷ്യപെടുത്തുന്നുണ്ട്. 
            ഈ നോവലിലെ ചില വൈകാരികതകൾ നിങ്ങളെ ദേഷ്യംപിടിപ്പിക്കുംവിദം വിവേകശൂന്യമാണെന്ന് നിങ്ങൾ വായനക്കാർക്ക് മനസിലാകും. ഇതിലെ ഓരോവരികളും ചിത്രങ്ങൾ കണക്കെ വായനക്കാരുടെ മനസിലേക്ക്‌ കടന്നുവരും. നിങ്ങൾ പതിയെ മെഹല്ലവാലിയിലെ ഒരന്തേവാസിയെന്നോണം ഈ സംഭവങ്ങളിലൊക്കെയും ദൃക്‌സാക്ഷിയാകും. വായനയിലിടക്ക് കടന്നുവരുന്ന തെറിവാക്കുകൾ മെഹല്ലവാലി എത്രത്തോളം അപരിഷ്ക്രിതമാണെന്ന് നമുക്ക് മനസ്സിലാക്കി തരും.പക്ഷേ അത്തരം തെറിവാക്കുകളൊക്കെയും കൂടിച്ചേരുമ്പോഴാണ് മെഹല്ല പൂർണ്ണമാകുന്നത്.
         പാകിസ്ഥാനെന്ന് വിളിപ്പേരുള്ള മെഹല്ല ചെറിയ ഒരു ഗ്രാമം ആണ്.മെഹല്ലയുടെ പ്രതാപകാലത് അവിടെമുഴുവൻ അടക്കിഭരിച്ച ഡോൺ ആയ "അബു ഹാത്തിമിൽ "എന്നയാളിൽ പ്രചോദനം ഉൾക്കൊണ്ടാണ് "അഞ്ചരക്കൂട്ടം" എന്ന ഒരു ഗ്യാങ് ഉണ്ടാകുന്നത്.പാകിസ്താൻ ലോകകപ്പ് നേടിയ ദിവസം രാത്രിയിൽ മെഹല്ലയിൽ  ഒരു കലാപം ഉണ്ടാകുകയും ആകലാപം ഒരു സൂര്യോദയം മാത്രം അകലമുള്ള മെഹന്ദിയിലേക്ക് വ്യാപിക്കുകയും ചെയ്തു. ആ കാലങ്ങളിൽ മെഹല്ലവാലി അബു ഹാത്തിമിൽ എന്ന ഡോൺ -ൻ്റെ കരങ്ങളിൽ സുരക്ഷിതമായി നിർത്തി.ഇത്തരത്തിലൊരു വീര സംഭവം ആ അഞ്ചരക്കൂട്ടത്തിന് ആവേശം പകർന്നു കൊടുത്തു. 
          നടന്നുപഴകിയതും ഉപയോഗിച്ച് പഴകിയതുമായ സ്ഥലമാണ് മെഹല്ല. മെഹല്ലകൾക്ക് തീർത്തും വിലക്കേർപ്പെടുത്തിയ നഗരമാണ് മെഹന്ദി. അവിടേക്കാണ് അവർ മോഷണത്തിനായി കടന്നുകയറുന്നത്.അതിൽ അവർ വിജയിക്കുന്നു;ഒരു താൽക്കാലിക വിജയം മാത്രം. പിന്നീട് സ്കൂട്ടർ മോഷണത്തിലേക്ക് കടക്കുകയും നഗരത്തിൽ അങ്ങിങ്ങായി പലേയിടത്തുകൊണ്ടുവെയ്‌ക്കുന്ന സ്കൂട്ടർ പൊട്ടിത്തെറിക്കുകയും തീവ്രവാദി ആക്രമണത്തിന്റെ പേരിൽ ഇമ്രാൻ ജയിലഴിക്കുള്ളിലാകുകയും ചെയ്യുന്നു. ജയിലിനുള്ളിൽ തൊഴിൽമാറ്റം ഇമ്രാനെ പുസ്തക നിർമ്മാണ മേഖലയിലേക്ക് കൊണ്ടെത്തിക്കുന്നു. അത് അവനിലേക്ക് വായനയുടെ ഒരു വലിയ സാധ്യത തുറന്നുകൊടുക്കുന്നു. ഓരോതവണയും അവന്റെ കൈകളിലേക്ക് എത്തുന്ന പുസ്തകങ്ങളുടെ താളുകളിൽ അവന്റെ തെരുവിന്റെ കഥ കാണുന്നു.അതവൻ നമുക്കെല്ലാവർക്കുമായി വായിക്കാൻ വെക്കുന്നു - വാനിറ്റി ബാഗിലൂടെ... മതസ്പർദ്ധയും തിളച്ചുമായിരുന്ന അക്രമണോല്സുകതയും ഇതിലെ ഓരോ താളുകളിലും കാണാൻ സാധിക്കും. എഴുത്തിലെ മനോഹാരിത നഷ്ട്ടപ്പെടാതെയുള്ള വിനു. എൻ ന്റെ വിവർത്തനവും എടുത്തുപറയേണ്ട ഒന്നുതന്നെയാകുന്നു........ 

Sunday, February 9, 2020

ഡോ.സ്റ്റെല്ല നാൻസി - ഓക്‌സ്ഫോംനോവിച്ച് പെൻ ഇൻറ്റർനാഷണൽ പുരസ്ക്കാരം ഒരു തടവറയിലേക്ക്

ഡോ.സ്റ്റെല്ല നാൻസി-ഒരുപക്ഷേ ഡോ.സ്റ്റെല്ല നാൻസി എന്നപേര് ആരും കേൾക്കാൻ ഇടയില്ല.അവർ പതിനെട്ട് മാസമായി ഉഗാണ്ടയിലെ തടവറയിലാണ്.രാജ്യത്തെ പ്രെസിഡൻററിനെ അപകീർത്തിപ്പെടുത്തിയെന്നാണ് അവരിലുള്ള കുറ്റം. ഉഗാണ്ടയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും ആക്ടിവിസ്റ്റും എഴുത്തുകാരിയുമാണവർ. അന്തർദേശിയ തലത്തിൽ  അറിയപ്പെടുന്ന ഇവർ ഉഗാണ്ടയിലെ സ്വേച്ഛാധിപത്യ ഭരണവ്യവസ്ഥക്കെതിരെ നിരന്തരം എഴുതുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന ഒരു വനിതയാണ്. പ്രസിഡൻറ് മ്യുസ് വെന്നിയെ നിശിതമായി വിമർശിച്ച് 2018-ൽ  കവിത എഴുതിയതിന്റെ പേരിലാണ് അവർ ജയിലിൽ അടക്കപ്പെട്ടിരിക്കുന്നത് 
         കടുത്ത പുരുഷാദിപത്യം നിലനിൽക്കുന്ന ഉഗാണ്ടയിൽ സ്ത്രീ സ്വാതന്ത്രം ഇന്നും വിദൂരമാണ്. ഭരണകൂടത്തിനെതിരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശബ്ദമുയർത്തുമ്പോൾ ഡോ.സ്റ്റെല്ല നാൻസിയെപോലെയുള്ള മനുഷ്യവകാശ പ്രവർത്തകരെക്കൂടി നാം ഓർക്കേണ്ടതുണ്ട്. ഇന്ന് ഒരു എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരി അനുഭവിക്കുന്ന പ്രശ്‌നമാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യം അനുവദിക്കാത്ത ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും. നാം അങ്ങനെ എത്രയോപേരേക്കുറിച്ച് കേട്ടിരിക്കുന്നു. രാഷ്ട്രീയപരമായി അഭിപ്രായം രേഖപെടുത്തിയതിന്റെപേരിൽ ജീവൻ പോലും നഷ്ട്ടപെട്ട എത്രയോ എഴുത്തുകാർ - ആക്ടിവിസ്റ്റുകൾ നമുക്കുചുറ്റും ഉണ്ടായിരുന്നു. ഇന്ന് ഒരു എഴുത്തുകാരനെ/ കാരിയെ സംബന്ധിച്ച് എന്തും തുറന്നെഴുതാൻ ഭയക്കുകയാണ്  അല്ലെങ്കിൽ തുറന്നെഴുതിയിട്ട്  ഒരു ആക്രമണം പ്രതീക്ഷിച്ച് ജീവിക്കുകയാണ്.ഇതാണ് ഇന്നത്തെ എഴുത്തിന്റെ കലാവസ്ഥ. 
       ഈ വർഷത്തെ ഓക്‌സ്ഫോംനോവിച്ച് പെൻ  ഇൻറ്റർനാഷണൽ പുരസ്ക്കാരം
ഒരു തടവറയിലേക്ക് ഡോ.സ്റ്റെല്ല നാൻസിയെ തേടിയെത്തണമെങ്കിൽ അവരുടെ ശബ്ദം എത്രത്തോളം സമൂഹത്തിലേക്ക് എത്തിയെന്ന് നമുക്ക് മനസിലാക്കാം സാധിക്കും.പുരസ്‌ക്കാര ചടങ്ങിൽ അവരുടെ ഇരിപ്പിടം ഒഴിച്ചിട്ടുകൊണ്ടാണ് എഴുത്തുകാർ ഉൾപ്പെടുന്ന ഒരു വലിയ സമൂഹം ഗവൺമെന്റിനെതിരെ പ്രതികരിച്ചത്.  

Friday, February 7, 2020

ദേശ സ്നേഹികളും പക്ഷപാതികളും - രാമചന്ദ്ര ഗുഹ

രാമചന്ദ്ര ഗുഹയുടെ ദേശ സ്നേഹികളും പക്ഷപാതികളും എന്ന പുസ്തകം വായിച്ചു,സ്വരഭേതങ്ങൾ  പ്രത്യക്ഷപ്പെടുകയും ചോദ്യചെയ്യപെടുകയും ചെയ്യുന്നത്;ഒരു പുസ്തകം അതിൻ്റെ സൃഷ്ടികൊണ്ട് അർത്ഥമാക്കുന്നത് -സമൂഹത്തെ കീഴ്മേൽ മറിക്കുന്നതോ ഉടച്ചുവാർക്കുന്നതോആയ ഉട്ടോപ്യൻ പരുപാടിയിലല്ല.മറിച്ച് ക്ഷമയിലും നിരന്തരമുള്ള കഠിനാധ്വാനത്തിലുമാണ്. അത് ഈ മൂല്യങ്ങളുടെ ( കക്ഷിരാഷ്ട്രീയ വ്യവസ്ഥ, സ്ത്രീക്ക് തുല്യ അവകാശം, ദളിത് -ഗോത്ര വർഗങ്ങളുടെ ക്ഷേമം )ഏതെങ്കിലുമൊരു കക്ഷിരാഷ്ട്രീയപരമായ ഏറ്റുപിടിക്കലായിരുന്നില്ല മറിച്ച് ലിബറലായും ബോധപൂർവമായതും ന്യുനോക്തിയുള്ളതുമായ ദേശസ്നേഹമായിരുന്നു.                 വിടപറയുമ്പോൾ തങ്ങൾ  പിറന്നുവീണപ്പോഴുംമുള്ളതിനേക്കാൾ മികച്ച ഒരു ഇന്ത്യ ആയിരിക്കണമെന്ന് ഓരോ ദേശസേഹികളും സ്വപ്‌നംകണ്ടു. ഒരു പക്ഷേ ഈ പുസ്തകം കാലത്തിനപ്പുറത്തേക്കുള്ള ഇന്ത്യയുടെ രാഷ്ട്രീയപരമായ ചരിത്രത്തിൻറെ സാരവത്തുമാണ്. അത് സുഷ്മ ഭേതങ്ങളും സങ്കീർണതകളും സൃഷ്ടിക്കുന്നു. ഒരു ചരിത്രകാരൻ്റെ കണിശതയും ഒരു സാഹിത്യകാരൻ്റെ സർഗാത്മകതയും നിഷ്പക്ഷമായ രാഷ്ട്രീയ നിരീക്ഷണവുമുള്ള രാമചന്ദ്ര ഗുഹ അദ്ദഹത്തിൻ്റെ തന്നെ പതിനഞ്ച് ലേഖനങ്ങൾ "ദേശസ്‌നേഹികളും പക്ഷപാതികളും "എന്ന പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ ലേഖനങ്ങൾ ഹിന്ദുത്വം -ഇടതുപക്ഷം-നെഹ്രു -ഗാന്ധി എന്നിങ്ങനെ സമകാലീന ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലൂടെ വായനക്കാരനെ കൂട്ടികൊണ്ടുപോകന്നു. അത് ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലേക്കുകൊണ്ടെത്തിക്കുന്ന ഒരു പുതിയ ഉൾക്കഴച്ച വായനക്കാരന് നൽകുന്നു. വർത്തമാനകാല ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ആർജവമുള്ള ശബ്ദം ഇതിലെ ഓരോ താളുകളിലുമിരുന്ന് നിങ്ങളോട്  സംവദിക്കും,നിങ്ങളോട്  തർക്കിക്കും,നിങ്ങളുടെ രാഷ്ട്രീയകാഴ്ചപ്പാടുകളുടെ ന്യുനതകളേയും വീക്ഷണങ്ങളെയും ചോദ്യം ചെയ്യും; തികച്ചും കുറഞ്ഞവരികളിലും-ആഴത്തിലും...
      ചരിത്രപരമായ പാണ്ഡിത്യം ആവശ്യമായുള്ള സാഹചര്യങ്ങളിൽ വായനക്കാരൻ ആഗ്രഹിക്കുന്ന സന്ദർഭത്തിൽ തന്നെ അതേ താളുകളിൽ   ഗുഹ ചരിത്രം കൂട്ടിച്ചേർത്തിരിക്കുന്നത് കാണാൻ സാധിക്കും. ഏതൊരു എഴുത്തുകാരനും ഒരു പുസ്തകം എഴുതുന്നത് ദീർഘകാലത്തേക്കാണ്,പക്ഷെ അത് വായനടെ തലത്തിൽ നിലനിൽക്കുന്നത് പുസ്തകത്തിൻറെ ഉള്ളടക്കം ഒന്നുകൊണ്ടുമാത്രമാണ്. അതിലെ ഉള്ളടക്കം വായനക്കാരിൽ പുതിയ ദിശാഗതി വികസിപ്പിച്ചെടുക്കുന്നു. നമ്മുടെ രാഷ്ട്രീയത്തിലും-ചരിത്രത്തിലുമുള്ള അറിവില്ലായിമയും അറിവിൻ്റെ പരിധിയും തെറ്റിദ്ധാരണകളും വായനയിലുടനീളം തിരുത്തപ്പെടും.  ദേശസ്‌നേഹികളും പക്ഷപാതികളും എന്ന കൃതി പതിനഞ്ച് ലേഖനങ്ങളിലൂടെ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പൊതുബോധത്തിൽ നിന്നുകൊണ്ട് ഒരുകൂട്ടം വലിയ വായനക്കാരോട് സംവദിക്കുകയാണെന്ന് ഇതുവായിക്കുക വഴി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ചിലയിടത്ത് പതുക്കെയും- പരുഷമായും ഇടപടുന്നത് കാണാൻ സാധിക്കും, "ഈ പുസ്തകത്തിലെ ഓരോ ലേഖനങ്ങളും കോൺഗ്രസും-സംഘപരിവാറും-പാർലമെൻററി ഇടതുപക്ഷവുമായുള്ള എൻ്റെ വിയോചിപ്പുകളാണെന്ന ഗുഹയുടെ വാക്കുകളിൽ നിന്നുതന്നെ   ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ എത്തരത്തിലുള്ളതാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
      പൊതുബോധത്തിൽ ഒരു ശത്രുവിനെ അടയാളപ്പെടുത്തുന്നതുപോലും വളരെ കൃത്യതയോടെയാണ്  ഇത് ചെയ്തിരിക്കുന്നത്. " ഒരു നല്ല ഇശ്രയേലി ആയിരിക്കുകയെന്നാൽ ജൂതനായിരിക്കുക എന്നാണ്,ഹീബ്രു ഭാഷ സംസാരിക്കുകയെന്നാണ്,അറബ് സംസ്കാരത്തെ അടിച്ചുതാഴ്ത്തുക എന്നുമാണ്; എന്നാൽ ഇന്ത്യക്കാരനായിരിക്കുക എന്നാൽ അയാൾ ഹിന്ദുവാകണമെന്നില്ല-ഹിന്ദി സംസാരിക്കണമെന്നുപോലും ഇല്ല.എന്തിന് പാകിസ്താനെ വെറുക്കുകപോലും വേണ്ട "ദേശ സ്നേഹത്തിൻ്റെ ഭാഷ സമീപകാലത്തു ഇത്തരത്തിലേക്ക് മാറിയത് വളരെ ചുരുങ്ങിയ വാക്കുകളിലാണ് അദ്ദേഹം വിവരിച്ചത്. പൊതുവേ പൗരബോധത്തിനുവേണ്ടി അലമുറയിടുന്നവർ ലോകത്തെ ഏതു പൗരത്വവും സ്വന്തമാക്കാൻ ശേഷിയുള്ളതും വിദ്യാ സമ്പന്നതയുണ്ടെന്ന് നടിക്കുന്നവരുമാണ്.അതേ സമയം അധിഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത (സാധാരണക്കാർ )രാജ്യത്തിന് വേണ്ടീ നൽകിയ സേവനത്തിൻ്റെ കണക്കെടുപ്പുകൾക്കൊടുവിൽ മാത്രം പൗരനാണോ അല്ലയോ എന്നുപോലും നിശ്ചയിക്കപ്പെടുന്നുള്ളു.അത്തരത്തിലുള്ള വലിയചെയ്യ്തികളെ നിഷ്കരുണം ഈ പുസ്തകൾ ചോദ്യം ചെയ്യുന്നു..
        നിരന്തരം ഈ പുസ്തകം പലമേഖലയിലേക്ക് കടന്നുകയറി അവിടെ പൊതുവായി വായിക്കപ്പെടുന്നതും വിമർശിക്കപ്പെടാൻ ഇടയായിട്ടുള്ളതുമായ സംഭവങ്ങളെ അനാവരണം ചെയ്യുന്നത് കാണാൻ സാധിക്കും. അവിടെ വായനക്കാരൻ ഒരു സോഷ്യൽ ഡാർവിനിസം കാണാൻ സാധിക്കും. മനുഷ്യചരിത്രത്തിൽ ഇന്നേവരെ മറ്റൊരു രാഷ്ട്രത്തേക്കാളുമധികം വലുതായി വ്യത്യസ്ത തരം മതങ്ങളെ ഉയർത്തികാണിച്ചിട്ടില്ല.അവ സ്വന്തം മണ്ണിൽപിറന്നതായിട്ടുകൂടി.
        ഇന്ത്യൻ ധനികരുടെ പ്രവത്തനപരത അതിൻ്റെ പാരമ്യതയിൽ എത്തിയത് ഇന്ത്യൻ ജനത കണ്ടത് ഇരുന്നൂറുകോടി ഡോളർ ചിലവിട്ട് നാലുലക്ഷം ചതുരശ്ര അടിയിൽ ഇരുപത്തിയേഴ് നിലകളിലായി ഒരു അണുകുടുംബം താമസിക്കുന്ന വീട്ടിലൂടെയാണ്. ഈ കെട്ടിടം ഉയർന്നുനിൽക്കുന്നത് അസമത്വത്തിന്റെ പ്രതീകമായാണ്. 'ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള കലാപത്തിൻറെ പ്രതീകമായി വീട്ടിൽ ഇരുന്ന് നൂൽ നൂറ്റ ഖാദി 'ഇപ്പോൾ ഏറെക്കുറേ "ഔദ്യോഗിക യൂണിഫോം ആയി മാറി " -ഭരണത്തിന്റെയും അധികാരത്തിന്റെയും ചിഹ്നമായി മാറി എന്ന് ഈ പുസ്തകത്തിലൂടെത്തന്നെ മനസിലാക്കാം.
     ഇന്ത്യയെ ഇരുപത്തൊന്നാം നുറ്റാണ്ടിലേക്ക് കൂട്ടികൊണ്ടുപോകുമെന്ന് പറഞ്ഞ;ആധുനിക മനസുള്ള രാജീവ്ഗാന്ധി അയോധ്യയിലെ ആരാധനാലയം തുറന്ന് എല്ലാവർക്കുമായി കൊടുത്തു. പിന്നീട് മറുവശത്തുള്ള മതഭ്രാന്തരെ സന്തോഷിപ്പിക്കുന്നതിനായി ഷബാര കേസ്സിലെ പതിയുടെ ശിക്ഷ അസാധുവാക്കുകയും ചെയിതു.ഇത്തരത്തിൽ നിറഞ്ഞുനിൽക്കുന്ന നിരവധിയായ വിഷയങ്ങൾക്ക് തന്റെതായ വിശദീകരണവും കാഴ്ചപ്പാടുമാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ നമ്മോടുപങ്കുവെയ്ക്കുന്നത്.
        കോളത്തിനും പുസ്തകത്തിനും ഇടയിലാണ് പന്യാസത്തിന് സ്ഥാനം. അവിടെ ഒരാൾക്ക് എഴുത്ത് വൈകാരികവും  സാരവത്തുമാക്കാം.അത്തരത്തിലുള്ള വിവരണത്തിന് തുനിയുന്നവർ പഴയതോ അറിയപെടുന്നതോആയ ഒരു വിഷയമായിരിക്കും എഴുതുന്നത്.അത്തരത്തിലുള്ള എഴുത്ത് ദിശാഗതി വർധിപ്പിക്കും. ഈ പുസ്തകം വായിച്ചുകഴിയുംബ്ബോൾ തന്നെ നിങ്ങൾ ഇതുവരെ മനസ്സിലാക്കിയ രാഷ്ട്രവും രാഷ്ടിയ കാഴ്ചപ്പാടുമെല്ലാം ഒരു പുനർ ചിന്ദനത്തിന് തയ്യാറായി നിൽക്കുന്നത് കാണാൻ സാധിക്കും 

Tuesday, February 4, 2020

കേൾക്കാതാകുന്ന ശബ്ദങ്ങൾ - പി.സുനിൽകുമാർ

   ശബ്ദങ്ങൾ മനുഷ്യനെ ജനനം മുതൽ തന്നെ പിൻന്തുടരുകയാണ്. ചിലതൊക്കെ അരോ ചകവും മറ്റു ചിലതൊക്കെ ഹൃദ്യവുമാണ്. കാലവും പ്രകൃതിയും  മനുഷ്യന് വേണ്ടി ഒരുക്കിവെച്ച പല ശബ്ദങ്ങളും  അവന്റെ ജീവ സന്ധാരണത്തിനും അതിജീവനങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ചില ജീവിത ചിത്രങ്ങൾക്കൊപ്പം ശബ്ദവും നിറസാന്നിധ്യമായി നമ്മുടെ ജീവിതത്തിൽ ചിലപ്പോഴെങ്കിലും കടന്നു വരുന്നുണ്ട്. ശബ്ദത്തെ മനോഹരമായ സാന്നിധ്യമാക്കി മാറ്റിക്കൊണ്ട് അവൻ അദ്ധ്വാനത്തിന്റെ കാഠിന്യങ്ങളെ മറികടന്നു. അങ്ങനെ ശബ്ദങ്ങൾ അവന്റെ ജീവതാളമായി മാറി. ആദിമ മനുഷ്യന്റെ പുരോഗതി തന്നെ ശബ്ദങ്ങളെ തിരിച്ചറിഞ്ഞും അത് കേട്ട ദിക്കിലേക്ക് ശ്രദ്ധ പായിച്ചു കൊണ്ടും  ആയിരുന്നു. ശബ്ദങ്ങൾ വാക്കുകളായും തുടർന്ന് അവ ചേർന്ന്   വാക്യങ്ങളും രൂപം കൊള്ളുകയായിരുന്നു. അങ്ങനെ എത്രയോ വാക്കുകൾ, ഭാഷകൾ ലോകത്ത് രൂപം കൊണ്ടു. 
      മനുഷ്യൻ  ഭൂമിയിൽ സൃഷ്ടിച്ച ശബ്ദങ്ങളുടെ എണ്ണം അനന്തമാണ്. അവ പലതും അവന്റെ കർമങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഓരോ നിമിഷവും മുന്നോട്ടു നീങ്ങുമ്പോൾ ചില ശബ്ദങ്ങൾ ഭൂമിയിൽ നിന്നും ഇല്ലാതാകുകയാണ് .പൂർണമല്ലെങ്കിലും ചിലതൊക്കെ നാം ചർച്ച ചെയ്യേണ്ടതായുണ്ട്. ചിലതൊക്കെ കാലത്തിന്റെ ചാക്രിക ഗമനങ്ങൾക്കിടയിൽ തിരികെ വന്നേക്കാം. മനുഷ്യൻ തന്റെ കരങ്ങൾകൊണ്ടുള്ള അധ്വാനത്തെ  യന്ത്ര വൽക്കരണത്തിലേക്ക് വഴി തിരിച്ചപ്പോൾ ഈ ശബ്ദങ്ങൾ പലതും നിലച്ചുപോയി. നിരത്തുകളിലൂടെ ഘട ഘട ശബ്ദത്തോടെ കുലുങ്ങി കുലുങ്ങി നീങ്ങിയ കാളവണ്ടികളുടെ ശബ്ദവും മണികിലുക്കവും നിലച്ചിരിക്കുന്നു. ഒരു കാലത്തെ ചരക്ക് നീക്കം നല്ലൊരു പങ്കും ഈ  ഘടഘട ശബ്ദത്തെ കേന്ദ്രീകരിച്ചായിരുന്നു. 
    നമ്മുടെ ചന്തകളുടെയും തെരുവുകളുടെയും  മുഖമുദ്രയായിരുന്നു ഉന്തുവണ്ടികൾ. രാപകലില്ലാതെ മനുഷ്യൻ ഈ വാഹനങ്ങളുമായി നമ്മുടെ വഴികളിൽ ജീവിത പ്രാരാബ്ധങ്ങളുമായി മല്ലിടുകയായിരുന്നു. ഏലെലൊ ഐലസ പോലുള്ള വായ്‌താരികളും ഒത്തു പിടിച്ചാൽ മലയും പോരും തുടങ്ങിയ തൊഴിൽ പാട്ടുകളും പാടി അവർ ജോലിഭാരം മറികടന്നു.  വായ്‌താരികൾ അവരുടെ ജോലിയ്ക്ക് ലഹരി പകർന്നു. ഉതിർന്നു വീണ വിയർപ്പുതുള്ളികൾ കാവ്യാത്മകതയുടെ നാദവും താളവും സൃഷ്ടിച്ചു. ഏത് കഠിനാധ്വാനത്തെയും ലാഘവത്തോടെ കാണാൻ പ്രേരിപ്പിക്കുന്ന സംഘബോധത്തിന്റെ ഉറവുകൾ ആയിരുന്നു അവ. ഉന്തുവണ്ടികളും വായ്‌താരികളും നമ്മുടെ ജീവിതത്തിൽ നിന്ന് പോയിരിക്കുന്നു. 
      കാർഷിക സംസ്‌കൃതി കൈമോശം വന്നപ്പോൾ നഷ്ടപ്പെട്ട ഒട്ടേറെ ശബ്ദങ്ങൾ ഉണ്ട്. നിലമുഴുന്ന കര്ഷകനുതിർത്തിരുന്ന നിരവധി ശബ്ദങ്ങൾ,നാക്കിനെ തിരിച്ചും മറിച്ചും ചുരുട്ടിയും പുറപ്പെടുവിക്കുന്ന ശബ്ദങ്ങളിലൂടെ കാളകൾക്ക് നൽകുന്ന നിർദേശങ്ങൾ, വിത്തിടൽ, കള പറിക്കൽ, കൊയ്ത്ത്‌ തുടങ്ങിയ വേളകളിൽ കേട്ട പാട്ടുകൾ ഒക്കെ തനത് രീതിയിൽ ഇനി കേൾക്കാൻ  കഴിയില്ല.
       എം.ടി യുടെ നോവലുകളിൽ പലപ്പോഴും കടന്നു വന്നിട്ടുണ്ട് ഉരപ്പുരകൾ. ഈ ഉരപ്പുരകളിൽ നെല്ല് കുത്തിക്കൊണ്ടിരുന്നപ്പോഴാണ്  വാല്യക്കാരി സ്ത്രീകൾ പ്രസവിച്ചത് എന്ന്‌ പല കഥകളിലും വായിച്ചിട്ടുണ്ട്. ഉരലിൽ നെല്ല് കുത്തിയിരുന്നു എന്ന് പറയാനേ ഇനി കഴിയൂ. ആ ശബ്ദം ഇനി കേൾക്കാൻ   ഉണ്ടാകില്ല. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചു ഓർക്കുമ്പോൾ തന്നെ ഒരു ഗ്രാമഫോണും നമ്മുടെ മനസ്സിൽ ചിത്രമായി തെളിയും.   ചില വീടുകളിൽ  അവ സൂക്ഷിക്കുന്നുണ്ടെങ്കിലും ഗ്രാമഫോണും വിസ്‌മൃതികളിലേക്ക് മറയുകയാണ്.
        പണ്ട് വലിയ നീളമുള്ള കയർ കപ്പിയിൽ കൊരുത്താണ് വെള്ളം കിണറ്റിൽ നിന്നും വലിച്ചു കയറ്റുക. ഇടവിട്ടുള്ള വേളകളിൽ ഇങ്ങനെ ഒരു പ്രവാഹം പോലെ ആ ശബ്ദം നമ്മുടെ വീടകങ്ങളിൽ അടുത്ത കാലം വരെയും നിറഞ്ഞു നിന്നിരുന്നു. 
നടന്നു വലഞ്ഞു വന്ന യാത്രക്കാരൻ കവലയിലെ മുറുക്കാൻ പീടികയിൽ കയറി സോഡാ കുടിക്കാറുണ്ടായിരുന്നു. അവിടെ തടി കൊണ്ട് നിർമ്മിച്ച പെട്ടിയിൽ  ഗോലിസോഡാ ഉണ്ടാകും. എങ്ങനെ ഞാൻ ഇതിനകത്ത് പെട്ടു എന്ന മട്ടിൽ ആണ് ഗോലിയുടെ ഇരുപ്പ്. അവനെ തല്ള്ളവിരലോ മറ്റോ കൊണ്ടു താഴ്ത്തി സോഡാ പുറത്തു വരുത്തുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഒരു കാലത്ത് നമ്മുടെ അങ്ങാടികളിലെ ഒരു ശബ്ദമായിരുന്നു. ദാഹശമനത്തിന് മുൻപ് ഈ ശബ്ദം ഒരു നിമിത്തം പോലെ ഉണ്ടാകുമായിരുന്നു. പുതിയ കാലത്തെ ഗാഢ പാനീയങ്ങളുടെ ഇടയിൽ ഗോലി സോഡയ്ക്കെന്ത് കാര്യം?.
പള്ളിക്കൂടത്തിലെ മണി നാദം സ്കൂൾ വിട്ടു പോയവർക്ക് വല്ലാത്ത ഗൃഹാതുരത്വം നൽകും. ഒരിക്കൽ കൂടി അത് കേൾക്കാൻ സ്കൂൾ പരിസരത്തു പോയി നിൽക്കാത്തവർ കുറവാണ്. 
    കായലിലും കടലിലും നിന്ന് മീനുമായി തലചുമടിലും സൈക്കിളിലുമായി വന്ന മത്സ്യ തൊഴിലാളികളുടെ മീൻ വിളികൾ ഇപ്പോൾ കേൾക്കാനില്ല. കയർ നെയ്ത്ത് കേന്ദ്രങ്ങളിൽ റാട്ടുകളുമില്ല ർർ എന്ന ശബ്ദവുമില്ല. 
      പ്രകൃതിയെ നശിപ്പിച്ച മനുഷ്യന് രാത്രിയിൽ കേൾക്കാൻ ചീവീടിന്റെ ശബ്ദവും ഇപ്പോഴില്ല. നിശാഗന്ധിപ്പൂവും ഗന്ധവും നഷ്ട്ടപ്പെട്ടപോലെ. 
അഞ്ജന ശ്രീധര ചാരുമൂർത്തെ കൃഷ്ണ എന്നു തുടങ്ങുന്ന പ്രാർത്ഥനാ ഗാനം  മലയാളത്തിന്റെ ഏഴുത്തു കാരണവർ പി. കേശവ ദേവിന്റെ അയൽക്കാർ എന്ന നോവലിൽ പലേടത്തും പാടുന്നുണ്ട്. ഒരു കാലത്തു കേരളം ഗൃഹങ്ങളിൽ ഈ സന്ധ്യാ നാമം ചൊല്ലിയിരുന്നു. തകർന്നടിയുന്ന തറവാട് വീടിന്റെ കോലായയിൽ  ഭാഗം വാങ്ങി പോകാൻ തുടങ്ങുന്ന ബന്ധുക്കൾ  ഈ നാമം ജപിച്ച ശേഷം പിരിയുന്ന ഭാഗം മലയാളി വായനക്കാരെ തേങ്ങിക്കരയിച്ചതാണ്. ഇതു പോലെ നൂറു കണക്കിന് സന്ധ്യാ നാമങ്ങൾ നമുക്കുണ്ടായിരിന്നു. ഇന്ന് അവ ദുര്ലഭമായ കേൾവി മാത്രം. 
       സിനിമ മാറിയത് വിളിച്ചറിയിച്ചു വന്ന പരസ്യ വണ്ടികൾ അവക്കൊപ്പം ഒഴുകിയെത്തിയ ഗാനങ്ങൾ ഒക്കെ വെള്ളിയാഴ്ച കളുടെ സ്വന്തം ആയിരുന്നു. കോളാമ്പി മൈയ്ക്കുകളിലൂടെ ഒഴുകി വന്ന സാഹിത്യങ്ങൾ നാട്ടാരെ കൊട്ടകകളിൽ എത്തിക്കാൻ പര്യാപ്‌തമായിരുന്നു. കൊട്ടകകളിൽ രാത്രികാല പ്രദര്ശനങ്ങളുടെ ശബ്ദ രേഖ ഓലക്കീറുകൾക്കിടയിലൂടെ ഒഴുകി വന്ന് നമ്മുടെ ഹൃദയത്തിൽ പതിച്ചിരുന്നു. 
      ഓഫീസ് പരിസരങ്ങൾ താളമുഖരിതമാക്കിയ   ടൈപ്പ് റൈറ്ററുകൾ ഇല്ലാതായിരിക്കുന്നു. ഇന്നത്തെ പല പ്രമുഖ ഐ. റ്റി സ്ഥാപനങ്ങളും ഒരു കാലത്ത് ടൈപ്പ് റൈറ്റർ നിർമാതാക്കൾ ആയിരുന്നു എന്നത് വേറൊരു സത്യം. 
      ശബരിമല തീർഥാടന കാല രാത്രികൾ ശരണം വിളിയുടെയും അയ്യപ്പൻ പാട്ടിന്റെയും ശാസ്താമ്പാട്ടിന്റയും ശബ്ദങ്ങൾ കൊണ്ട് അത്മീയ സൗഖ്യം പകർന്നു തന്നിരുന്നു.  വൃശ്ചിക ധനു മാസ രാവുകളിൽ പ്രകൃതി മഞ്ഞണിഞ്ഞു മനോഹരിയായി നിൽക്കുമ്പോൾ ഈ ഗാനങ്ങൾ നമ്മുടെ ഹൃദയ താളങ്ങൾ ആയി മാറിയിരുന്നു.
        കാലമിനിയുമുരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ-യോരോ തളിരിനും പൂവരും, കായ് വരും, അപ്പോഴാരെന്നുമെന്തെന്നുമാർക്കറിയാം? എന്ന് എൻ.എൻ കക്കാട് പാടിയ പോലെ അൽപായുസ്സായ മനുഷ്യ ജീവിതത്തിൽ ഒട്ടേറെ ശബ്ദങ്ങൾ നമ്മെ കടന്നു പോകുമ്പോഴും  നിരവധി ശബ്ദങ്ങൾ നഷ്ടപ്പെടുമ്പോഴും നമുക്ക് ഈ ആർദ്രയെശാന്തരായ്‌ സൗമ്യരായ്‌ എതിരേൽക്കാൻ ശ്രമിക്കാം.
✒എഴുതിയത് പി. സുനിൽകുമാർ. ഫോൺ 9745226161

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...