വർത്തമാനകാലത്തിൽ നിന്നുകൊണ്ട് ഭൂതകാലത്തിലേക്ക് കല്യാണിയുടെ കൈ പിടിച്ചു നടക്കുകയായിരുന്നു ഞാൻ.. ഒരുപക്ഷെ വിശാലമായ ഒരു ഡയസിൽ ഇരുന്നുവേണം നാം കല്യാണിയെ പറ്റി ചർച്ച ചെയ്യാൻ.അപ്പോൾ മാത്രമാണ് അവളേയും അവളിലെ വ്യക്തമായ രാഷ്ട്രീയത്തെയും തിരിച്ചറിയാനാകുകയും ഭൂതകാലത്തിനും വർത്തമാന കാലത്തിനുമിടയിൽ ഇനി അവൾക്കെന്തെങ്കിൽ നമ്മോടു പറയാനുണ്ടോ എന്ന് ആരായുകയുമാവാൻ. ഇനിയും വായിച്ച് പൂർത്തിയാകാത്ത ഒരു പുസ്തകത്തെപ്പറ്റിയാണ് ഞാൻ നിങ്ങളോട് പറയുന്നത് ,അല്ലെങ്കിൽ എന്തെങ്കിലും പറയാൻ ശ്രമിക്കുന്നത്. ഇനി ഇതുപോലെ എത്ര തവണ വീണ്ടും വായിച്ചാലാണ് അവളെ ശരിക്കൊന്ന് മനസ്സിലാക്കാൻ കഴിയുക... അവളുടെ ജീവിതത്തോട് ഉള്ള രാഷ്ട്രീയം തിരിച്ചറിയാനാകുക... സമകാലികതയോടു സമരസ്സപ്പെടാതെ തീവ്രമായി സംസാരിക്കുന്ന ഒരുവൾ. അവളുടെ കാഴചപ്പാടുകളോട് സാമ്യതയുള്ള മറ്റൊരു സ്ത്രീകഥാപാത്രവും ഇപ്പോൾ ഓർമ്മയിൽ വരുന്നില്ല. അല്ലെങ്കിൽ എന്തിനാണ് ഞാൻ അവളെ മറ്റൊരുവളുമായി താരതമ്യം ചെയ്യുന്നത്. അവൾക്ക് സ്വന്തം ഇടം ഉണ്ട്.നിലപാടുകളുണ്ട്.വ്യകതമായ രാഷ്ട്രീയവും കാഴ്ചപ്പാടുകളുമുണ്ട്. അങ്ങനെ ഒരുവളെ നോവൽ വായനാചരിത്രത്തിൽ അടയാളപ്പെടുത്തിയ അശ്വനി എ പി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അവളിലൂടെ കൊത്തിവെച്ച് നിങ്ങൾ അടയാളപ്പെടുത്തിയ ജാതി രാഷ്ട്രീയം പുതിയൊരടയാളമായിരിക്കും. സ്ത്രീ പക്ഷ മുന്നേറ്റങ്ങളുടെ ചരിത്രത്താളുകളിൽ ഇനി മഷിയുടെ നനവ് പടരും.അവിടെ കല്യാണിയെ എഴുതിച്ചേർക്കേണ്ടിവരും. ( നിറം പോലും വ്യകതമായ രാഷ്ട്രീയമാണ്. അതുകൊണ്ട് മഷിയുടെ നിറം അടയാളപ്പെടുത്തുന്നില്ല ). ചില നിമിഷങ്ങളിൽ ഇതിലെ ഭാഷയും ഒരു അടയാളമാണ്.
പറഞ്ഞു പതിയാത്ത വാക്കുകൾ ആയതിനാൽ നാവിൽ വേണ്ടപോലെ വഴങ്ങുന്നില്ല. ജാതിയെ ഈ അടുത്ത് ഇത്രകണ്ട് ആഴത്തിൽ ആരും എഴുതി കണ്ടില്ല. ചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകും സ്ത്രീ സമൂഹം ഇന്ന് കാണുന്ന താരത്തിലെങ്കിലും രൂപപ്പെട്ടത് അത്ര അനായാസമയല്ല,മറിച്ച് നിരന്തരമായ പോരാട്ടം
കൊണ്ടുകൂടിയാണ്.അതുകൊണ്ടുകൂടി നിത്യകല്യാണി ആൺച്ചൊരുക്കില്ലാത്ത വായനയിടമായി മാറിയതും. അതുകൊണ്ട്കൂടിയാണ് മീശക്ക് വീറില്ലാത്ത ആണുങ്ങളുടെ ലോകം എത്ര സുന്ദരമാണെന്ന് അവൾ ഉറച്ച സ്വരത്തിൽ പറയുന്നതും. എത്ര ഉറച്ച ബന്ധമാണെങ്കിലും ഇറങ്ങിപ്പോരാൻ ഒരു വഴി കരുതിവയ്ക്കണമെന്ന് കല്യാണി സർവ്വ പെണ്ണുങ്ങളോടായ് പറയുന്നുണ്ട്. കല്യാണിയുടെ മറ്റൊരു രാഷ്ട്രീയമായിരുന്നു ഫാമിലി ട്രീ!.. അത് വരച്ച് അപ്പൻെറയും അവരുടെ അപ്പൻറെയും പേരിൻ്റെ ജീവചരിത്രത്തേക്ക് ചെന്ന് '' അടിമ '' യാണ് ഇനിയുള്ള തലമുറയുടെ പേരായ് ചരിത്രത്തിൽ അടയാളപ്പെടുത്തിയതിയിക്കുന്നത് എന്ന് പറഞ്ഞതിന് ശേഷമുള്ള ആ സൈലൻസ് ഉണ്ടല്ലോ അതിനെ ഭേദിക്കാൻ ഇന്നിമിഷവും എനിക്കായിട്ടില്ല.അത്രമേൽ അതെന്നെ ഒറ്റപ്പെടുത്തികളഞ്ഞു..........
ചുറ്റി പടർന്ന് പന്തലിക്കാൻ പെണ്ണ് ഒരു വള്ളിച്ചെടിയല്ല വൻമരം......വൻമരം......വൻമരം......!
No comments:
Post a Comment