Sunday, June 26, 2022

തരകൻസ് ഗ്രന്ഥവരി - ബെന്യാമിൻ

    ടൽ പോലെയെന്ന് കരുതാവുന്ന ഒരു നോവൽ. നമുക്ക് സാധാരണയെന്നോണം കാൽ നനയ്ക്കാൻ സാധിക്കില്ല.  നോവലിൽ
ഏതുകാലത്തോടും ചേരാമെന്ന തരത്തിൽ ക്രമപ്പെടുത്തി 120 GSM കാർഡുകളിൽ അച്ചടിച്ച്  മനോഹരമായ ബോക്സിലാണ് തരകൻസ് ഗ്രന്ഥവരി വായനക്കാരിലേക്ക് എത്തിയിട്ടുള്ളത്. ഇത് ഈ രൂപത്തിൽ വാങ്ങിയ ആളെന്ന നിലക്ക്; ഇങ്ങനെ ഒരു പുസ്തകം ഇതിനുമുൻപ് വായിച്ചിട്ടില്ലാത്ത ആളെന്ന നിൽക്കും എന്നെ അത് തീർത്തും അത്ഭുതപ്പെടുത്തി. സാധാരണ ആദിമധ്യാന്തം  വായന ആണല്ലോ ;എല്ലാ പുസ്തകങ്ങളും. എന്നാൽ ഇത് ഏത് പേജിൽ നിന്ന് വേണമെങ്കിലും വായന ആരംഭിച്ച് ഏത് പേജിൽ വേണമെങ്കിലും വായന അവസാനിപ്പിക്കാവുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. മുൻപ് ഇങ്ങനെ ഒരു നോവൽ ഇറങ്ങിയതായ് ഞാൻ കേട്ടിട്ടില്ല. shuffle literature - എന്നുവേണമെങ്കിൽ നമുക്കതിനെ വിളിക്കാം. 

       വായനക്കാരനാണ് നോവലിൻറെ ക്രമം നിശ്ചയിക്കുന്നത് ഇതൊരുപക്ഷേ ആദ്യമായിട്ടായിരിക്കും.  എഴുത്തുകാരൻ  ഒരു പ്ലോട്ട് കണ്ടെത്തുകയും അത് കഥയായോ നോവലായോ രൂപപ്പെടുത്തുകയും അത് വേണ്ടതരത്തിൽ ക്രമപ്പെടുത്തി വായനക്കാരനിലേക്ക് പുസ്തക രൂപത്തിൽ എത്തിക്കുകയും ചെയ്യുക എഴുത്തുകാരനെ സംബന്ധിച്ച് ശ്രമകരമായ ഒരു പണിതന്നെയാണ്. എന്നാൽ വായനക്കാരന് അത് വായിക്കുക എന്നത് എഴുത്തുകാരനോളം ശ്രമകരമായ ഒന്നാകുന്നുമില്ല. എന്നാൽ ഇത് തീർത്തും മറിച്ചൊരു അനുഭവമാണ് നമുക്ക് നൽകുന്നത്.

        മലയാള വായനാ  ചരിത്രത്തിലെ സവിശേഷമായ വർത്തമാനകാല സംഭവം എന്ന നിലക്ക് ഈ പുസ്തകരൂപം ധാരാളം വിമർശനങ്ങളും കടുത്ത വിയോജിപ്പുകൾക്കും പാത്രമായി. ഇതിലെ ഓരോ ഗ്രന്ഥവരിയും തമ്മിൽ പരസ്പ്പരം ചിലപ്പോൾ കാലത്തിൻ്റെ വലിയൊരളവോളം വിടവുണ്ടാക്കും. അത് ചിലപ്പോൾ വളരെ സാവധാനമേ ഇഴയടുക്കൂ. ഒരു സന്ദർഭത്തിൽ നിന്ന് വളരെപ്പെട്ടന്ന് മറ്റൊരു സന്ദർഭത്തിലെ അപരിചിതത്വത്തിലേക്ക് ചെന്നെത്തുമ്പോൾ വായനക്കാരൻ അനുഭവിക്കുന്ന കാല ശൂന്യത അത് ഈ നോവൻ്റെ അവസാനം വരേയും വായനക്കാരനെ വേട്ടയാടും. വായന കുറേദൂരം പിന്നിടുമ്പോൾ ഒരളവോളം വായനക്കാരിൽ പരിണാമം സംഭവിച്ച് തുടങ്ങും. കൃത്യമായി സംഭവങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുക എന്നത് ഒരു അൽപ്പം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതൊഴിച്ചാൽ വായന നന്നായി മുന്നേറും. 

         തരിയത് മാത്തു എന്ന സാധാരണക്കാരനായ കച്ചവടക്കാരനിൽ നിന്നും തച്ചിൽ മാത്തു തരകൻ എന്ന രാജ്യം അറിയുന്ന വാണിക്കനായി മാറിയ തരകന്റെ അത്ഭുതാവഹമായ യാത്രയാണ് ബെന്യാമിൻ ഗ്രന്ഥവരിയിൽ നമ്മളോട് പറയുന്നത് . അധികാരവും പണവും എങ്ങനെ മനുഷ്യനെ ദുഷിപ്പിക്കും എന്നതിന് തെളിവായി തരകന്റെ ജീവിതം അദ്ദേഹം നമ്മുടെ മുന്നിൽ തുറന്നു കാണിക്കുന്നു.ഒരുപക്ഷെ കാലാന്തരത്തിൽ അമൂല്യഗ്രന്ഥമായി മാറാൻ സാധ്യതയുള്ള ഒന്നാണ് തരകൻസ് ഗ്രന്ഥവരി. എന്തെന്നാൽ ഇന്നുള്ള പുസ്തക രൂപത്തെ പാടെ തച്ചുടച്ച് പുതിയതൊന്നിനെ തത്സഥാനത്ത് പ്രതിഷ്ഠിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഈ നോവലിൻ്റെ ഭാവിയിലെ സ്ഥിതി പ്രവചിക്കാൻ കഴിയില്ല..!

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...