ലളിതാംബിക അന്തർജ്ജനത്തിൻ്റെ മകനും എഴുത്തുകാരനുമായ എൻ മോഹനൻ എഴുതിയ നോവലാണ് ഒരിക്കൽ. 1999 ൽ ആണ് ഈ നോവൽ പ്രസിദ്ധീകരിക്കുന്നത്. തൻ്റെ ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനിച്ച ഒരു സ്ത്രീയെപ്പറ്റി എഴുതാൻ മലയാള മനോരമയിലെ ജോസ് പനച്ചിപ്പുറവും ജോണിലൂക്കോസും അത്രമേൽ നിർബന്ധിച്ചതിൻ്റെ ഫലമായാണ് ആത്മകഥാപരമായ ഈ നോവൽ രചിക്കപ്പെട്ടത്. തൻ്റെ ജീവിതത്തെ നിസ്തൂലമായി സ്വാധീനിച്ച ഒരു സ്ത്രീയെ എൻ മോഹനൻ ഓർമ്മിക്കുന്നത് അത്രമേൽ വൈകാരികമായ ഒരു തലത്തിൽ നിന്നുകൊണ്ടാണ്.
തൻ്റെ യൗവനത്തിൽ ഉണ്ടായിരുന്ന ഒരു പ്രണയിനിയെ നാൽപ്പത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം നിന്ന് ഇനിയും വെള്ളിവീഴാത്ത ഹൃദയം കൊണ്ട് അന്തരാത്മാവിലെ വാടിയ കേസരങ്ങളിൽ നിന്ന് പൊഴിഞ്ഞ പരാഗരേണുക്കൾക്കൊണ്ട് ഓർത്തെടുക്കുന്നത് അത്രമേൽ ആഴത്തിൽ സ്പർശിക്കുന്ന വാക്കുകൾ കൊണ്ടാണ്. ഒരുപക്ഷെ മറ്റാർക്കും ഇത് കണ്ടറിയാനാകില്ല.
ജി ശങ്കരക്കുറുപ്പിൻ്റെ കവിതാപുസ്തകത്തിലെ വരികൾകൊണ്ട് പരസ്പ്പരം പ്രണയം ബാധിച്ച രണ്ടുപേർ. എത്രയോ കവിതകൾ ഇതിനോടകം അവർക്കിടയിലൂടെ കടന്നു പോയിട്ടുണ്ടായിരിക്കും. ഒരിക്കലും നിലക്കാത്ത ഒരു നൊമ്പരത്തിൻ്റെ ആത്മരോദനമായി ആ രണ്ടുവരി നിലനിൽക്കുന്നു.
അകലെയേക്കാൾ അകലെയാകുന്നു നീ
അരികിലേക്കാൾ അരികിലാണത്ഭുതം!..
നിങ്ങൾക്ക് അത്ഭുതം തോന്നിയേക്കാം...! ഒരു ജീവിതത്തിൽ താൽക്കാലികവും ദൂരവ്യാപകമോ ആയ എത്രയോ അനുഭവങ്ങൾ ഉണ്ടാകുന്നു. ക്ഷണികവും അല്ലാത്തതുമായ എത്രയോ മാറ്റങ്ങൾ. അവയൊക്കെയും എൻ.മോഹനൻ വായനയുടെ ദേവാലയത്തിൽ കലയുടെ കളമെഴുത്താക്കി. ശിലപോൽ ഉറച്ചുപോയ ജാതിവ്യവസ്ഥ അവർക്കിടയിൽ ഒരു വേലിതീർത്തു. അവർ ഈ വലിയലോകത്തിൽ വെറും ചെറിയ ജീവിതകൾ മാത്രമായി, സ്നേഹനിസ്സഹായതയുടെ വാടാത്ത പൂക്കളായി വഴിയരികിലെ വേലിച്ചുവട്ടിൽ സുഗന്ധ സൗന്ദര്യമില്ലാതെ വിടർന്നുനിന്നു. കാലങ്ങൾ കടന്ന് പണ്ടെങ്ങോ സ്നേഹിച്ച ഒരു പരിചയക്കാരിയെയെന്നോണം അവർ തമ്മിൽ വീണ്ടും കാണുന്നു. ആ കൂടിക്കാഴ്ച്ചയിൽ അവൾ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. അപ്പോഴും അയാളിലെ സ്നേഹത്തിൻ്റെ പൂവ് സുഗന്ധ സൗന്ദര്യമില്ലാതെ വിടർന്നുനിന്നു... '' എന്നിട്ടും അവൾ അറിഞ്ഞില്ല! ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എൻ്റെ പ്രണയമെന്ന്. ഏറ്റവും വലിയ മോഹത്തേക്കാൾ വലിയതായിരുന്നു എൻ്റെ ഇഷ്ടമെന്ന്.''
അവ ഇപ്പോഴും അനാഥമായങ്ങനെ കിടക്കുന്നു....
സ്നേഹം എന്തൊരു സ്വാന്തനമാണ് ...
കണ്ണുനീരാകുന്ന സത്യം ....
No comments:
Post a Comment