രാമനെ അയോദ്ധ്യയിൽ നിന്നും
പെറ്റമ്മയല്ലെങ്കിലും
കൈകേയി രാമൻ്റെയും ലക്ഷ്മണൻ്റേയും അമ്മയായിരുന്നു.
സീതയ്ക്ക് അമ്മായിഅമ്മയെപ്പോലായിരുന്നു.
രാമനെ
അയോദ്ധ്യയിൽ നിന്ന് നാടുകടത്തിയത്
നിങ്ങൾക്കറിയാം
ഉറ്റബന്ധുക്കളാണ്.
രാമനെ മാത്രമല്ല,
സീതയേയും ലക്ഷ്മണനേയും അവർ നാടുകടത്തി.
അക്കാലത്ത്
പോലീസ് സ്‌റ്റേഷനോ കോടതിയോ ഇല്ലായിരുന്നു.
കവികൾ ഉണ്ടായിരുന്നു.
അതിനാൽ
സംസ്കൃതത്തിൽ വാല്മീകിയും
തമിഴിൽ കമ്പനും
വംഗഭാഷയിൽ കൃത്തിവാസനും
ഹിന്ദിയിൽ തുളസീദാസും
ഉറക്കെ വിളിച്ചു പറഞ്ഞു.
" ആ നാടുകടത്തലിന് പിന്നിൽ
സ്വന്തം കുടുംബമാണ് "
തെക്കനേഷ്യയിലും
തെക്കുകിഴക്കനേഷ്യയിലും
ഭാഷകളായ ഭാഷകളിലൊക്കെ
കവികൾ
വിളിച്ചു പറഞ്ഞു.
"ആ ഇളംപ്രായക്കാരെ
കാട്ടിലെറിഞ്ഞത് നാട്ടുകാരല്ല ,വീട്ടുകാരാണ് "
സഹിക്കാനാകാതെ
മലയാളത്തിൽ എഴുത്തച്ഛൻ
'ദുഷ്ടേ ,നിശാചരീ ,ദുർവൃത്ത മാനസേ '
എന്ന്
ഉറ്റവരെ ചീത്ത വിളിച്ചു.
"പ്രാണനോ പോയിതല്ലോ മമം ദൈവമേ'
എന്ന്
തടിച്ചു കൂടിയ ജനതയിലൂടെ കരഞ്ഞു.
തമസാനദിയിലെ ജലം മാത്രം കുടിച്ച്
കല്ലിലും വേരിലും തളർന്നു കിടക്കുന്ന
മൂന്നാത്മാക്കളെ പേർത്തും പേർത്തും കാണിച്ചു തന്നു.
അതിനാൽ
രാമനെ തിരികെയെത്തിച്ചു എന്ന് അലറുന്ന ചങ്ങാതിമാരേ,
അയോദ്ധ്യയിൽ നിന്നും രാമനെ തുരത്തിയത്
ബാബറല്ല.
സ്വന്തം അച്ഛനും
പോറ്റമ്മയുമാണ്.
സ്വന്തം വീട്ടിലെ
ഉപജാപമാണ്.
കൊട്ടാരത്തിൻ്റെ
കുടിലതയാണ്.
അധികാരക്കൊതിയാണ് .
സാക്ഷി പറയാൻ
കോടതിയിൽ നിൽക്കുന്നത്
വാത്മീകിയാണ്,
കമ്പനാണ്,
തുളസീദാസാണ്.
സാക്ഷാൽ തുഞ്ചത്ത്
രാമാനുജൻ എഴുത്തച്ഛനാണ്
No comments:
Post a Comment