ആത്മകഥാപരമായ എഴുത്തുകൾ കൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ മുഹമ്മദ് അബ്ബാസിന്റെ വിശപ്പ് പ്രണയം ഉന്മാദം വായിച്ചു. മലയാളം അറിയാത്ത ഒരാൾ മലയാളം ഭാഷ പഠിച്ച് മലയാളം എഴുതുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ഭാഷകളുടെ തളച്ചിടപ്പെടൽ ഒന്നുംതന്നെ ഇവിടെ ഉണ്ടാകുന്നില്ല. അതുമാത്രവുമല്ല വലിയൊരു വായനസമൂഹത്തെ അബ്ബാസ് ഇതിനോടകം സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.
കോട്ടക്കൽ ദേശത്തുനിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ അനേകരിൽ ഒരാളായിരുന്നു അബ്ബാസ്. നോവലുകളും കഥകളും കവിതകളും വായിച്ചു വായിച്ച് ചിന്തയെ ചൂടുപിടിപ്പിച്ചു. ഇതിൽ അയാൾ പലേ ഇടങ്ങളിലായി തനിക്ക് ഭ്രാന്ത് ആണെന്ന് പറയുന്നുണ്ട്. അതുകൊണ്ട് സുഹൃത്തുക്കൾ പലരും ഒഴിഞ്ഞുപോയി എന്നും പറയുന്നുണ്ട്. ദുരിത കാലങ്ങളിൽ ആണ് നമുക്ക് സ്നേഹത്തിന്റെ മുഖങ്ങൾ ശരിക്ക് കാണാനാകുന്നത്. പ്രത്യേകിച്ച് ആകാശവും മണ്ണും നഷ്ട്ടമാകുമ്പോൾ. തൂങ്ങി മരിക്കാൻ തയ്യാറായ ഒരുവന് ഒറ്റക്ക് ഒരു മുറി ലോഡ്ജ് വടക്ക് കൊടുക്കാൻ കിട്ടാത്തത് ഇനിയും തിരിയാത്ത കാരണങ്ങളിൽ ഒന്നാണ്. അതുപോലെ ഇതിൽ ഒരു അദ്ധ്യായത്തിൽ പത്താം ക്ലാസ്സ് പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ ഒരു ടീച്ചറുടെ മകൻ ആത്മഹത്യ ചെയ്യുന്നത് പറയുന്നുണ്ട്; ജീവനെടുക്കുന്ന പരീക്ഷകൾ. അവരുടേത് മിശ്ര വിവാഹമായിരുന്നു. മകൻ്റെ മരണത്തിൽ പോലും തന്നെ തേടി വരാത്ത രക്ത ബന്ധങ്ങളെ ഈ ടീച്ചർ ഓർത്തിരിക്കണം..അവരും അതെ കുടുക്കിലൂടെ മകനെ തിരഞ്ഞുപോയി. അബ്ബാസ് പറയുന്നുണ്ട് പത്താം ക്ലാസ് പരീക്ഷയാണ് ജീവിതത്തിലെ ഒടുക്കത്തെ പരീക്ഷയെന്ന് ആരാണ് നിന്നെ പറഞ്ഞ് പഠിപ്പിച്ചത്? ഇന്ന് പത്താം ക്ലാസ് പരീക്ഷ തുടങ്ങുകയാണ്. നെഞ്ച് വല്ലാതെ കനക്കുന്നുണ്ട്; മക്കൾക്കുവേണ്ടി മിടിക്കുന്ന അമ്മമാരുടെ ഹൃദയത്തെ ഓർത്ത്.
ജീവിതത്തിൽ ഇതുവരെ കണ്ട എല്ലാവരെയും അടയാളപ്പെടുത്താൻ അബ്ബാസിന് ഇതിലൂടെ കഴിയുന്നുണ്ട്. ചിലപ്പോൾ അത് ഇനിയുമേറിയേക്കാം. സത്യത്തിൽ അയാൾക്കൊരുഭ്രാന്തുമില്ല. ഉണ്ടെങ്കിൽ അയാൾ മഴ കണ്ടാൽ ആനന്ദിക്കില്ല. നനയാൻ കൊതിക്കില്ല. ഇങ്ങനെ എന്തായാലും എഴുതാനൊക്കില്ല. ഈ എഴുത്തുകൊണ്ട് അബ്ബാസെ ഞാനും കരയുകയാണ്. ആരെ ഓർത്തെന്ന് ചോതിക്കരുത്. കരയുക മാത്രം ചെയ്യുന്നു; മഴയിൽ വെയിലിൽ ഇരുട്ടിൽ പുതപ്പിനുള്ളിൽ..
No comments:
Post a Comment