Thursday, April 30, 2020

ചോരശാസ്ത്രം - വി.ജെ ജെയിംസ്

വി.ജെ ജെയിംസിൻ്റെ ചോര ശാസ്ത്രം വായിച്ചു.വ്യത്യസ്തമായ കഥാതന്തുവാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്.നോട്ടംകൊണ്ട് പൂട്ട് തുറക്കുന്ന വിദ്യ ഒരു പ്രൊഫസ്സർ കള്ളനെ പഠിപ്പിക്കുന്നു.അന്യാധീനപ്പെട്ടുപോകുന്ന പുരാണ ഗർവമത്രയും ആവുന്നത്ര കണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിൽനിന്നുമാണ് പ്രൊഫസ്സർക്ക് ചോരശാസ്ത്രം എന്ന ഗ്രന്ഥം കിട്ടുന്നത്.ചോരശാസ്ത്രം അതിൻ്റെ നിഷേധാത്മക ലക്ഷ്യംകൊണ്ടുതന്നെ പ്രൊഫസ്സറുടെ മസ്തിഷ്ക്കത്തിലേക്ക് നേരിട്ട് കടക്കുകയും ചെയ്തു.
     ധനികനേയും വിദ്യ ഉള്ളവനേയും പോലെതന്നെ ചോരനും യാഥാർഥ്യം ആയതിനാൽ ഈ നോവൽ ആദിമമായ ഒരു ഭയത്തിൻ്റെ  ആവിഷ്‌ക്കാരം കൂടിയാണ്.മലയാള നോവൽ- കഥാസാഹിത്യങ്ങൾ നിരവധി കള്ളന്മാരുടെ കഥകൾ പറഞ്ഞുതന്നിട്ടുള്ളതുമാകുന്നു. കഥകളിൽ നിറഞ്ഞുനിന്ന കായംകുളം കൊച്ചുണ്ണി മുതൽ പാപ്പിയോൺ വരെ നീണ്ടുനിൽക്കുന്ന സാഹിത്യം വായനക്കാർക്ക് സുപരിചിതമാണ്.ചോര സമൂഹത്തിൻ്റെ അധോലോകവും വിലക്കപ്പെട്ട തൃഷ്‌ണയുള്ള എതിർസമൂഹവും തിന്മയും നിറഞ്ഞുനിൽക്കുന്നതാണ് ഈ നോവൽ.അതിൽത്തന്നെ വംശ വിരോധത്തിൻ്റെയും വിലക്കപ്പെട്ട തൃഷ്ണയും ഭയപ്പാടിൻ്റെയും ചരിത്രം ഉറങ്ങിക്കിടക്കുന്നു. മറുപുറത്തുനിന്ന് നോവൽ നോക്കിക്കണ്ടാൽ അറിവിനും ധനത്തിനും അപ്പുറത്തേക്ക് അസ്തിത്വത്തെ ഭീഷണിപ്പെടുത്തുകൊണ്ടുള്ള ചോരശാസ്ത്ര വിദ്യ കണ്ണോടിയാൽ തുറക്കപെടുന്ന പൂട്ടുപോലെ സുതാര്യവും പ്രാപ്യവുമാണെന്ന് കാണാൻ സാധിക്കും.ചോരശാസ്ത്രം എന്ന പ്രാചീന ഗ്രന്ഥം ഉണ്ടായിരുന്നെന്നും അതിൻ്റെ അധിദേവത " സ്കന്ദൻ " ആണെന്നും മാത്രമേ നോവലിസ്റ്റ് പറയുന്നുളളൂ. ആ സാധ്യതയിൽ നിന്നുമാണ് വി.ജെ.ജെയിംസിൻ്റെ ചോരശാസ്ത്രം പിറവിയെടുക്കുന്നത്.
       ചെറുകിട മോഷണങ്ങൾക്കിടയിലാണ് നോവലിലെ കള്ളൻ പ്രൊഫസ്സറുടെ കെണിയിൽ പെടുന്നത്. പ്രാചീന ശാസ്ത്ര ഗ്രന്ഥമായ ചോരശാസ്ത്രം താളിയോലയിൽ കണ്ടെത്തിയ അദ്ദേഹത്തിന് അത് പരീക്ഷിക്കാൻ ഒരു ഇരയാകുകയായിരുന്നു കള്ളൻ. ആദ്യ മോഷണം വിജയകരവും അതിൻ്റെ നേട്ടം ഗുരുദക്ഷിണയായി കൊടുക്കുകയും ചെയ്യുന്നുണ്ട് പ്രൊഫസ്സര്ക്ക്. തിരിച്ച് സമ്മാനമായി കള്ളനുകൊടുക്കുന്നത് ദ്രാവിഡ രാജാവിൻ്റെ മുഖം മുദ്രണം ചെയ്ത് ഒരു നാണയവും ആണ്.അവിടം മുതൽ കള്ളൻ്റെ ഓരോ മോഷണങ്ങൾക്കും രാജാവ് സാക്ഷിയാകുന്നു.പലനാൾ പഴകി ഇരുളും വെളിച്ചമായി മാറുന്ന കള്ളൻ പടവുകളിൽ നിന്നും കാൽ വഴുതി വീഴുകയും കൈയ്യിലെ പന്തത്തിൽ നിന്നും ഏതോ പുരാതന വസ്തുവിലേക്ക് തീ പടർന്ന് എല്ലാം അവസാനിക്കുകയും ചെയ്യുന്നു.ആ സമയത്തും ദ്രാവിഡ രാജാവ് സാക്ഷിയായിരുന്നു.
    കള്ളനിൽ തന്നെ നല്ലവനായ കള്ളൻ എന്ന സങ്കൽപ്പവും വായനക്കാരുടെ മനസ്സിൽ ചിരത്ക്കാല പ്രദിഷ്ട്ട നേടിയിരുന്നു.അത് ചിലതരത്തിലെങ്കിലും അഭിലാഷ പൂർത്തീകരണത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.ഉപഭോഗാസ്കത്തികൊണ്ട് ധനം വാരിക്കൂട്ടാൻ ആരഭിച്ചകള്ളനെ ദുരന്ധത്തിലേക്ക് തള്ളിവിട്ടവസാനിപ്പിക്കുകയും ഇതിഹാസത്തിൻ്റെ ധർമ്മബോധംകൊണ്ട് ചോരശാസ്ത്രത്തെ ന്യായീകരിക്കാൻ വി,ജെ ജെയിംസ് തയ്യാറായില്ല.
    പുരാതനമായാലും ആധുനികമായാലും ശാസ്ത്രം അതിൻ്റെ അപ്രമാദിത്വത്തിലും അതുവഴി അഭിവൃദ്ധിയിൽ അധിഷ്ഠിതമായ അനന്തപുരോഗതിയിലും ഊന്നി നിൽക്കും.ഈ വൈപരീത്യമാണ് ഈ നോവലിൻ്റെ കെണിയും.ഒരേ ഞവരപ്പരിപ്പിൻ്റെ ഇടംപാതിക്ക് വയറിളക്കം ഉണ്ടാക്കുന്ന വിഷമായി പ്രവർത്തിക്കാമെങ്കിൽ അതിൻ്റെ മറുപാതിക്ക് അസുഖത്തെ ശമിപ്പിക്കാനും കഴിയും.ഒരു പരിപ്പുതന്നെ രണ്ടായി വിഷവും ഔഷധവുമാകുന്ന പോലെത്തന്നെയാണ് ഈ നോവലും.   

Sunday, April 26, 2020

പറവയുടെ സ്വാതന്ത്ര്യം - അജയ് പി. മങ്ങാട്ട്

കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിൽ അജയ് പി. മങ്ങാട്ട്  എഴുതിയ ലേഖനങ്ങളിൽ നിന്നും തിരഞ്ഞെടുത്തത് കൂട്ടി ചേർത്തതാണ് " പറവകളുടെ സ്വാതന്ത്രം ". സാഹിത്യ വിമർശനം ഒരു പൊതുവായ സ്വഭാവമാണ്.മതം-സംസ്കാരം-രാഷ്ട്രീയം ഇവയൊക്കെ അവയിലെ കൂടിക്കലരുകളുടെ ഭാഗവും ആകുന്നു.ഇവ ഒരു വായനക്കാരനിൽ ഉണ്ടാക്കുന്ന കേവല നിരൂപണ രീതിയും അതിലേക്ക് കൊണ്ടെത്തിക്കുന്ന ധൈഷണികപരമായ അന്വേഷണ രീതിയുമാണ് ഈ രചന.അടിസ്ഥാനപരമായി ഒരു വായനക്കാരന്;ഒരു നല്ലവായനക്കാരനുമാത്രം ഇറങ്ങി ചെല്ലാൻ പറ്റുന്ന സാഹിത്യ ഭാവുകത്വം.പ്ലേറ്റോ മുതൽ ബഷീറിൻ്റെ വായനയെ വരെ അദ്ദേഹം സ്വതന്ത്രമായി നോക്കിക്കാണുന്നു.അദ്ദേഹം അവരുടെ കാലത്തെ സാഹിത്യ സംസ്കാരത്തിൻ്റെ സ്വതന്ത്ര രൂപമായ ആവിഷ്‌ക്കാര രീതിയേയാണ് ഈ പുസ്തകത്തിലൂടെ നമുക്ക് കാണിച്ചുതരുന്നത്.
       എഴുത്തും എഴുത്തുകാരനിലെ സാഹിത്യ രീതിയും അജയ് പി മങ്ങാട്ട് ചൂഴ്ന്നിറങ്ങി വിശകലനം ചെയ്യുന്നു.ഒരുപക്ഷെ അത് വായനക്കാർക്ക് അപാരമായ ശക്തിയാണ് പകർന്നുനൽകുന്നത്.എഴുത്തുകാരുടെ ജീവിതവും രചനയും തമ്മിലുള്ള ബന്ധം ജിജ്ഞാസാപരമാണ്.സവിശേഷമായ ഒരു ആകർഷണം ഓരോ എഴുത്തുകാരനും എഴുത്തിൽ നിലനിർത്തും അത് പലതും വ്യത്യസ്തവുമാണുതാനും.ചിലരുടെ രചനാശൈലി,ചിലർ എഴുത്തിൽ ഒളിപ്പിച്ചുകടത്തുന്ന കാവ്യ ഭംഗി,ചിലരുടേത് പരുക്കനായ എഴുത്ത്-ഇത്തരത്തിൽ നൂറുകണക്കിന് ശൈലികൾ നമുക്ക് കണ്ടെത്താൻ കഴിയും;ചിലരുടേതെന്നപോലെ സാമ്യവും.കഥയിലേക്കും കഥാകാരനിലേക്കും ആഴ്ന്നിറങ്ങി ചെല്ലുന്നത് അത്ര എളുപ്പമല്ല.പക്ഷേ അജയ് പി മങ്ങാട്ടിന് അതൊരു കൈയ്യടക്കമാണ്,ചിലപ്പോൾ ഒരു വലിയ പരിശ്രമം കൊണ്ട് സ്വായത്തമാക്കിയതുമാവാം.
        അജയ് പി മങ്ങാട്ട് ഇതിൽ പറഞ്ഞ ചില പുതകങ്ങളും കഥാപാത്രങ്ങളും എനിക്ക് ഓർമ്മയിൽ ഉണ്ടായിരുന്നതാണ്.ഒരിക്കലും മറക്കില്ലെന്നുകരുതി  പകർത്തി എഴുതാതെ ഓർമ്മയിൽ സൂക്ഷിച്ചവ.അവ എൻ്റെ ഓർമ്മയിൽ തിളക്കമറ്റതായി എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.എത്ര ചികഞ്ഞിട്ടും സന്ദർഭം കണ്ടെത്താൻ കഴിയാത്ത തരത്തിൽ ഓർമ്മയിൽ നിന്നും ഒഴുകിപ്പോയി,എവിടേക്ക്...? കഥക്കോ കഥാപാത്രങ്ങൾക്കോ തിടുക്കപ്പെട്ട് വായനക്കാരൻ ഒരു രൂപം നൽകരുത്.ഞാൻ അങ്ങനെ ചെയ്തിട്ടാകണം മറവിയുടെ പുകമഞ്ഞിൽപെട്ട് പലകഥകളും കഥാപാത്രങ്ങളും എനിക്ക് നഷ്ടമായത്.അജയ് പി അവയെ നോക്കികണ്ടത് കഥയുടെ സാരാംശം എന്ന സ്ഥിരം പല്ലവിയിലല്ല.എഴുത്തുകാരൻ ആ കഥ ആദ്യമെങ്ങനെയായിരിക്കും കണ്ടത്,എവിടെയൊക്കെയാണ് വെട്ടിത്തിരുത്തലുകൾ നടത്തിയത്,എഴുതിയപ്പോഴുള്ള മാനസിക സ്ഥിതി-തുടങ്ങി എത്രയോ തരത്തിലാണ് ഓരോ നോവലും കഥയും നോക്കി കാണുന്നത്.
      എമിലി ഡിക്കൻസിനെ ഞാനും വായിച്ചിട്ടുണ്ട്.അവരുടെ കവിതയേയും അവരിലെ അവയത്രിയേയും കുറച്ചേറെ അവരുടെ എഴുത്തിലൂടെ മനസ്സിലാൻ ശ്രമിച്ചിട്ടുണ്ട്.പക്ഷേ ഏതൊരു വായനക്കാരനെയും പോലെ അടുത്ത പുസ്തകം കിട്ടുമ്പോൾ അടുത്ത വായനയിലേക്ക് ചേക്കേറുകയാണല്ലോ പതിവ്.പക്ഷേ അജയ് പി മങ്ങാട്ട് അവരുടെ പുസ്തകങ്ങളിലൂടെയും അവരിലൂടെയും അവരുടെ എഴുത്തിൻ്റെ ഉൾപ്പൊരുൾ മനസ്സിലാക്കുന്നു.അവരെ പൂർണമായി വായിച്ചുമാറ്റുന്നു.പലപ്പോഴും വ്യക്തിയെ മാറ്റിനിർത്തിയായിരിക്കും അവരുടെ സൃഷ്ടികൾ നാം വായിക്കുന്നത്.കാലം ചെല്ലുന്തോറും അവരുടെ കൃതികൾ അവരുടെ തന്നെ ഉൾപ്പൊരുൾ ആയിരുന്നെന്ന് നാം മനസ്സിലാക്കും. ദശകങ്ങൾക്കപ്പുറത്തേക്ക് ആ എഴുത്തുകാർ അറിയപ്പെടുകയും ചെയ്യും. 
       പരന്നെഴുതുന്ന എഴുത്തുകാരനും അത്രതന്നെ ചുരുക്കി എഴുതുന്ന എഴുത്തുകാർക്കും ഇടയിലൂടെയാണ് ഞാൻ അടങ്ങുന്ന വായനക്കാർ കടന്നുപോകുന്നത്.തുറന്നെഴുത്തുകൾ സാഹിത്യത്തിൽ അപൂർവമല്ല,എങ്കിലും അവയിൽ ഭാവനയുടെ ഒഴികഴിവുകൾ ഉണ്ടായിരുന്നു.ചില എഴുത്തുകാരെയും അവരുടെ എഴുത്തുജീവിതത്തേയും അജയ് പി മങ്ങാട്ട് കൂട്ടിച്ചേർത്തിരിക്കുന്നത് അത്ഭുതത്തോടെയാണ് വായിച്ചത്.എഴുത്തുകാരൻ മാറി നിന്ന് രചന നടത്തുകയും ഒരു ഘട്ടം കഴിയുമ്പോൾ അയാൾതന്നെ നോവലിൻ്റെ കേന്ദ്രബിന്ദുവാകുകയും ചെയ്യുന്നത് ബഷീറിലൂടെയാണ് വരച്ചുകാണിച്ചത്.സത്യസന്ധമായ രചന എഴുത്തുകാരനിൽ ഉണ്ടാക്കുന്ന ഭീഷണി ക്നോസ് ഗഡിൻ്റെ രചനയിലൂടെയുമാണ് അദ്ദേഹം നമുക്ക് കാണിച്ചുതന്നത്.വിരസതകൊണ്ട് വീർപ്പുമുട്ടിച്ച എഴുത്തുകാരനെയും അജയ് പി മങ്ങാട് ഇതിൽ വിവരിച്ചു.ഓർമ്മകൾ കൊണ്ട് എഴുതുന്ന മാർസൽ പ്രൂസ്റ്റ് - മായി ക്നോസ് ഗഡിനെ താരതമ്യം ചെയ്യുന്നു.കണ്ണീരിനപ്പുറത്തേക്കുള്ള പുസ്തകങ്ങളുടെ നിലവിളിയാണ് എനിക്ക് ഇതിലൂടെ കേൾക്കാൻ സാധിച്ചത്.അക്രമണോത്സുകമല്ലാത്ത ഒരു രാഷ്ട്രീയ ഏകാന്തത അവശേഷിപ്പിച്ചുകൊണ്ടുള്ള ഫിദൽ കാസ്ട്രോയേയും വായിച്ചു. അടിസ്ഥാന ജീവിത സൗകര്യത്തിലും വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിലും ആരോഗ്യരംഗത്തിൻ്റെ കാര്യത്തിലും ക്യുബ ഏറെ മുന്നിലാണെന്ന് ഫിദലിലൂടെ മനസ്സിലാക്കാൻ സാധിച്ചു;പ്രത്യേകിച്ച് സ്ത്രീ സ്വാതന്ത്ര്യം. ഉൾക്കടമായ ചരിത്ര ബോധം ഉള്ള ഏതൊരാളും ചരിത്ര സ്മരണയിൽ നിന്ന് ഫിദലിനെ മാറ്റിനിർത്തി ക്യുബയുടെ ചരിത്രം രചിക്കില്ല;അതൊട്ട് സാധ്യമാകുകയുമില്ല.അഥവാ അങ്ങനെയൊന്ന് സാധ്യമായാൽ അതിൽ ക്യുബയുടെ ദേശീയ സ്വത്വം കാണുകയുമില്ല.ഉമ്പർട്ടോ എക്കോയുടെ " ദി മിസ്റ്റിരിയസ് ഫെയ്മസ് ഓഫ് ക്യുൻ ലോണ " എന്ന നോവലിലെ നായകൻ ഒരു പുസ്തക കച്ചവടക്കാരൻ ആണ്.അയാൾക്ക് പൊടുന്നനെ ഒരു വിചിത്രമായ മൃതി നാശം സംഭവിക്കുന്നു.താൻ വായിച്ച എല്ലാ പുസ്തകങ്ങളുടേയും ഇതിവൃത്തം അയാൾക്ക് ഓർക്കാനും അയാൾ വായിച്ച എല്ലാ കവിതകളുടെയും വരികൾ ഓർമ്മയിൽ വരികയും ചെയ്യുന്നു.എന്നാൽ അയാളുടെ പേരോ,ഭാര്യയോ,അയാളുടെ പെൺമക്കളെയോ,പേരക്കുട്ടികളെയോ ഓർമ്മവരുന്നില്ല.അയാളുടെ നഷ്ട്ടമായ ആ ഓർമ്മ കൂടിച്ചേരുമ്പോഴേ അയാൾ പൂർത്തിയാകുന്നുള്ളൂ;ഫിദൽ കൂടിച്ചേരുമ്പോൾ ക്യുബ പൂർത്തിയാകുന്ന പോലെ!...
    എഴുത്തുകാരനേക്കാൾ വായനക്കാരൻ എന്ന പദവിയാണ് ഏറ്റവും വലുതെന്ന് - എനിക്ക് തോന്നിയിട്ടുള്ളത്.ചിലപ്പോൾ അത് എൻ്റെ മാത്രം തോന്നലുമാകാം.എഴുത്തുകാരൻ മെനഞ്ഞെടുക്കുന്ന ആശയവും അതിനപ്പുറത്തേക്ക് ആ പുസ്തകത്തെ നോക്കിക്കൊണ്ട് വിലയിരുത്തുന്നതിൻ്റെ ഊർജ നഷ്ട്ടവും സംഭവിക്കുന്നത് വായനക്കാരനാണ്.അതുകൊണ്ടാണ് ഞാൻ മുൻപേ അങ്ങനെ സൂചിപ്പിച്ചത്.ഒരു എഴുത്തുകാരൻ തന്നെ അയാളുടെ പുസ്തകത്തിൻ്റെ വായനക്കാരൻ ആകുമ്പോഴോ?എനിക്കറിയില്ല.ഞാൻ ഇതിവിടെ നിർത്തുന്നു.ഒരു വസ്തു എന്നനിലക്ക് പുസ്തകങ്ങൾക്ക് സവിശേഷമായ സ്ഥാനമാണ്,തർക്കമില്ല.അത് മാറ്റ് വസ്തുക്കളെകൊണ്ട് ആർജിക്കുവാനും സാധിക്കില്ല,തീർച്ച... അങ്ങനെയെങ്കിൽ വായിക്കാത്ത പുസ്തകങ്ങൾക്ക് വായനക്കാരോട് എന്തായിരിക്കും സംവദിക്കാൻ ഉള്ളത്.ആ ചോദ്യങ്ങൾ കേൾക്കാൻ വായനക്കാർ പ്രതിജ്ഞാബന്ധരുമാണ്.ഒരു വലിയ ലൈബ്രറിയുടെ അകത്തേക്ക് കടക്കാനും തിരിച്ചുവരാതിരിക്കാനുമുള്ള  ആത്മബലം വായനക്കാരായ നമുക്ക് അവ പകർന്നുതരുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു പുസ്തകമാണ് ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ " ഏകാന്തതയുടെ നൂറ് വർഷങ്ങൾ ". ചില നോവലുകൾ എഴുത്തുകാരനേക്കാൾ കീർത്തിപ്പെടും;പുസ്തകത്താൽ അയാൾ അറിയപ്പെടുകയും ചെയ്യും.ഇത്തരത്തിൽ ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ രചനയും പുസ്തകങ്ങളും അജയ് പി മങ്ങാട്ട്  വിശകണം ചെയ്യുന്നു.അവിടെ എഴുത്തുകാരനെ ജീവിതവുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിക്കുന്നു.അന്നുവരെ നാം വായിച്ച പല നോവലുകളും ലേഖനങ്ങളും ഈ പുസ്തകം വായിച്ച് കഴിയുന്നതോടുകൂടി ജീർണ്ണിക്കപ്പെടുന്നു.നാം ചിലപ്പോൾ പറയാറുണ്ട്,ഒരു സാഹിത്യ സൃഷ്ട്ടി അത് എഴുതിയ ആളിൽനിന്ന് എഴുതി കഴിയുന്നതോടെ സ്വതന്ത്രമാകുമെന്ന്.എന്നാൽ ഏകാന്തതയുടെ നൂറ് വർഷങ്ങൾ അത് എഴുതിയ വ്യക്തിയെ ബലമായി ചേർത്ത് വയ്ക്കുകയാണ് ചെയ്യുന്നത്.
     പറവയുടെ സ്വാതന്ത്ര്യം വായിച്ചു കഴിഞ്ഞപ്പോൾ എന്നിൽ ഒരു ചോദ്യം അവസാനിച്ചു; ഞാൻ വായിച്ച പുസ്തകങ്ങളത്രയും എൻ്റെ ജീവിതത്തിൽ എന്ത് ചെയ്തുവെന്ന്?... ഞാൻ ഓർത്തെടുക്കാൻ നോക്കി.എന്നിലിരുന്ന് ആരോ പറയാൻ ശ്രമിച്ചു " നിന്നെ അവയൊക്കെ പങ്കുവയ്ക്കുകയായിരുന്നെന്ന് "

Friday, April 24, 2020

റൂത്തിൻ്റെ ലോകം - ലാജോ ജോസ്


ഹൈഡ്രേഞ്ചിയയ്ക്ക് ശേഷം ലാജോ ജോസിൻ്റെതായി ഞാൻ വായിക്കുന്ന രണ്ടാമത്തെ പുസ്തകമാണ് റൂത്തിൻ്റെ ലോകം. മലയാളികൾ പലതരത്തിലുള്ള ക്രൈം ത്രില്ലർ നോവലുകൾ വായിച്ചിട്ടുള്ളവരാണ്. അവയിൽനിന്നൊക്കെ വ്യത്യസ്തമായ കഥയും കഥാസന്ദർഭങ്ങളും കൊണ്ട് ഇതിനോടകം തന്നെ ധരാളം ആസ്വാദക വൃന്ദത്തെ സൃഷ്ടിക്കാൻ ലാജോ ജോസിൻ്റെ ക്രൈം നോവലുകൾക്ക് കഴിഞ്ഞിട്ടുണ്ട്.മലയാള നോവൽ വായനക്കാർക്കിടയിൽ വിശ്വാസം വെച്ചുപുലർത്താൻ കഴിയുന്ന തരത്തിലേക്ക് അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ പ്രചാരം നേടി. റൂത്തിൻ്റെ ലോകം അത്തരത്തിലുള്ള ഒരു നോവലാണ്.
    കഥാപാത്രങ്ങളെ വായനക്കാരൻ്റെ സങ്കല്പങ്ങൾക്കപ്പുറത്തുനിന്ന് നോക്കിക്കാണാനും മനോഹരമായി അവതരിപ്പിക്കാനുമുള്ള കഴിവാണ് ലാജോ ജോസിൻ്റെ  നോവലുകളെ വ്യത്യസ്തമാക്കുന്നത്.നോവലിലേക്ക് വന്നാൽ ഇതിലെ പ്രധാന കഥാപാത്രം റൂത്ത് റൊണാൾഡും അവളുടെ ഭർത്താവായ ഡോ. റൊണാൾഡ്‌ തോമസുമാണ്. നോവേലിൻ്റെ തുടക്കം തന്നെ ഒരു മിസ്‌ട്രി ജനിപ്പിക്കാൻ ലാജോയ്ക്ക് കഴിഞ്ഞു.റൂത്ത് തന്നെപ്പറ്റി മനസ്സിലാക്കുന്ന അവളുടെ പ്രാധമിക വിവരങ്ങളൊക്കെയും അവളുടെ ഭർത്താവ് അവൾക്കു കുറിച്ച് കൊടുത്ത ഡയറി നോട്ടിലും മൊബൈൽ വോയിസ് ക്ലിപ്പിലും ഉള്ളതാകുന്നു.അവളുടെ പാസ്ററ് അതിൽ കൂടി  മാത്രമാണ് അവൾക്ക് ഓർത്തെടുക്കാൻ സാധിക്കുന്നത്.
     ഇതിലെ ഓരോ കഥാപാത്രവും - സന്ദർഭവും വായനക്കാരിൽ ഉദ്വേഗവും മാനസ്സിക സമ്മർദ്ദവും സൃഷ്ടിക്കുന്നു.അതുകൊണ്ടാണ് നാം അറിയാതെതന്നെ ഈ നോവൽ ഒറ്റയിരുപ്പിൽ വായിച്ചുതീർക്കുന്നത്.റൂത്ത് റൊണാൾഡ്‌ എന്ന യുവതിയുടെ ഓർമ്മക്കും മറവിക്കും ഇടയിലൂടെയാണ് നോവൽ കടന്നുപോകുന്നത്. ഒളിഞ്ഞും തെളിഞ്ഞും വരുന്ന അവളുടെ ഓർമ്മകൾക്കിടയിലേക്കാണ് ഛായ ഹെഗ്‌ഡേ എന്ന യുവതിയുടെ കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേക്ഷണങ്ങളും ചോദ്യം ചെയ്യലും കടന്നുവരുന്നത്. വൈപരീത്യമായി തോന്നാവുന്ന പല സന്ദർഭങ്ങളും ഏച്ചുകെട്ടുകളില്ലാതെ ചേർത്തിരിക്കുന്നത് നോവലിൻ്റെ നിഗൂഢത വർധിപ്പിക്കാൻ ഇടയാക്കുന്നു. ഛായ ഹെഗ്‌ഡേ എന്ന യുവതിയുടെ മരണത്തിന് പിന്നിലേക്ക് തൻ്റെ മങ്ങിയ ഓർമ്മകളുമായി റൂത്തും പോകുന്നു. അവളിൽ അവശേഷിക്കുന്ന പലചോദ്യങ്ങൾക്കുമുള്ള ഉത്തരം അവളുടെ മങ്ങിയ ഓർമ്മകളിൽ ആണെന്നുള്ളത് അവളെപ്പോലെ നമ്മളിലും നിരാശ ജനിപ്പിക്കുന്നു. പലതരത്തിലും സൃഷ്ടിക്കപ്പെടുന്ന സങ്കീർണതകൾക്കുനടുവിൽ നിന്നാണ് ഈ കൊലപാതകങ്ങൾ അന്വേഷിക്കുന്നത്. 
   കൊലപാതകിയെ അവളരെ പതുക്കെ വായനക്കാരന് മുന്നിൽ അവതരിപ്പിക്കുന്നു. അയാൾക്കുള്ളിൽ മൃഗ തൃഷ്ണയുണർത്തിയ അയാളുടെ കുട്ടിക്കാലം;കൊലകൾ മറച്ചുവെക്കുന്നതിൽ അയാൾ സ്വീകരിച്ച വഴികൾ ഇവയൊക്ക വളരെ വ്യത്യസ്തമായിരുന്നു.ഒരു പാരമ്പരാഗത രീതിയിലുള്ള ക്രൈം നോവൽ ജെനുസ്സിൽ പെടുന്നതല്ല ലാജോ ജോസിൻ്റെ റൂത്തിൻ്റെ ലോകം.പ്രെത്യേകിച്ച് ഡയറി കുറിപ്പുകളിലൂടെ ഉള്ള കഥ പറച്ചിൽ രീതി. നോവലിൻ്റെ അവസാനം അയാളിലെ മൃഗ തൃഷ്ണ എത്രത്തോളം ആയിരുന്നു എന്നത് നമുക്ക് മനസ്സിലാക്കി തരുന്നതിൽ ലാജോ ജോസ് വിജയിക്കുകയും ചെയ്തു.ഈ നോവലിന് നൂറിൽ നൂറുമാർക്ക് 

കടൽത്തീരത്ത് - ഒ.വി വിജയൻ

ഒ.വി വിജയൻ്റെ കടൽത്തീരത്ത് വായിച്ചു. മലയാളികൾക്ക് സുപരിചിതനായ എഴുത്തുകാരൻ. എക്കാലത്തും അദ്ദേഹത്തിൻ്റെ കഥയും നോവലുകളും ലേഖനങ്ങളൂം വായനക്കാരെ വിസ്മയിപ്പിച്ചിട്ടുള്ളതുമാകുന്നു. കടൽത്തീരത്തും അതുപോലെ വിസ്മയിപ്പിച്ചിട്ടുള്ള കഥയാണ്. ഒടുവിൽ ദുഃഖത്തിൻ്റെ കടൽത്തീരത്ത് നമ്മെ കൊണ്ടുചെന്ന് നിർത്തുകയും ചെയ്യുന്നു. 
     ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും വിശാലമായ ഒരു വിവരണം ആവശ്യമായിരുന്നു. എന്നാൽ ഒ.വി വിജയൻ തൻ്റെ സർഗ്ഗമായ രചനാശൈലികൊണ്ട് അവയൊക്കെ ഒറ്റ വാക്കുകളിൽ ഒതുക്കി;ചിലപ്പോഴൊക്ക ചില പേരുകളിലും. പുഴ മുറിച്ചുകടന്ന വെള്ളായിയപ്പൻ അപ്പൻ്റെ ശവം കുളിപ്പിച്ചതും മകൻ കണ്ടുണ്ണിയെ കുട്ടിക്കാലത്ത് കുളിപ്പിച്ചതും വിശദീകരിക്കുന്നതൊഴിച്ചാൽ ഒ.വി.വിജയൻ വായനക്കാരനെ വെള്ളായിയപ്പൻ്റെ ജീവിതത്തിലേക്ക് കൂടുതൽ കൂട്ടികൊണ്ടുപോകുന്നില്ല. ഒ.വി.വിജയൻ മനപ്പൂർവം ശേഷിപ്പിക്കുന്ന ആ അകൽച്ചതന്നെയാണ് വായനക്കാരെ ഈ നോവലിലേക്ക് കൂടുതൽ അടുപ്പിക്കുന്നതും,കൂടുതൽ കഥകൾ മെനഞ്ഞു സന്ദർഭംപൂർത്തിയാക്കാൻ വായനക്കാരനെ പ്രാപ്തനാക്കുന്നതും.
     "വെള്ളായിയപ്പൻ" എന്ന പേരുതന്നെ ഒരു വലിയ വിശദീകരണമാണ്;അതിൽ എല്ലാമുണ്ട്.അയാളുടെ രൂപം തന്നെ ആ ഒറ്റ പേരുകൊണ്ട് വായനക്കാരൻ്റെ മനസ്സിൽ കോറിയിടാൻ ഒ.വി വിജയനെന്ന ആ കാർട്ടൂണിസ്റ്റിന് സാധിച്ചു.പരസ്പരമുള്ള പെരുവിളിയും കുടുംബം പോലെയുള്ള അയൽബന്ധവും ഗ്രാമപ്പച്ചയുണർത്തി. ചെയ്യാത്ത കുറ്റത്തിനാണ് "കണ്ടുണ്ണി" ജയിൽ ശിക്ഷ അനുഭവിക്കുന്നത്. അവൻ്റെ തൂക്കുമരണം വേദനക്കപ്പുറത്തേക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത മറ്റെന്തോ അവസ്ഥയാണ് നമ്മളിൽ ഉണ്ടാക്കുന്നത്.മകനു കൊടുക്കാൻ "കൊടച്ചി" കെട്ടിക്കൊടുത്ത ചോറ് ഒരു ബെലിപിണ്ഡമായി വായനക്കാരനുമുന്നിൽ അവശേഷിക്കുന്നു. 
    പാഴുത്തറയുടെ നെടുവരമ്പുകഴിഞ്ഞാൽ ലോകം മുഴുവൻ അപരിചിതമായി മാറുന്ന വെള്ളായിയപ്പൻ നമുക്ക് അപരിചിതനല്ലതാകുന്നു.ഒരു നിമിഷംകൊണ്ട് വായനക്കാരനും കടൽത്തീരത്ത് എത്തുന്നു.നമ്മുടെ കാലും ഒപ്പുവെള്ളത്താൽ നനയുന്നു.ആ കടൽ മുഴുവൻ നിസ്സഹായതക്കുമേൽ പൊഴിച്ച കണ്ണീരിൻ്റെ ഉപ്പുരസമാണ്.

Sunday, April 19, 2020

കുന്തി - രാജൻ തിരുവോത്ത്

രാജൻ തിരുവോത്തിൻ്റെ കുന്തി എന്ന നോവൽ വായിച്ചു. വ്യത്യസ്തമായ ആഖ്യാന രീതിയിലൂടെ ശ്രദ്ധേയമായ നോവലാണിത്. വ്യാസ ഭാരതകഥ ആകാശം പോലെ വിശാലവും ആഴിയോളം ആഴമേറിയതും കഥാപാത്രങ്ങൾകൊണ്ട് പ്രശസ്തവും സങ്കീർണതകൾ കൊണ്ട് മഹത്തരവുമാണ്.
       മഹാഭാരത കഥയെ ആസ്പദമാക്കി ധാരളം പേർ രചനനടത്തിയിട്ടുണ്ട്. അതിൽ ആദ്യ സ്വതന്ത്ര വിവർത്തനം നടത്തിയത് കന്നട മഹാ കവി പമ്പനാണ്. അർജ്ജുനനെ കേന്ദ്രകഥാപാത്രമാക്കി മഹാഭാരത കഥ പുനരാഖ്യാനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ ഭാരത കഥയെ കഥാതന്തുവാക്കി പുനരാഖ്യാനം നടത്തിയതിൽ മലയാളികൾ കൂടുതൽ വായിച്ചത് ശിവാജി സാവന്തിൻ്റെ " മൃതുഞ്ജയൻ " ആണ്. അത്    "കർണ്ണൻ "എന്നപേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മലയാളികൾക്ക് വായന സാധ്യമാക്കികൊടുത്തത് ഡോ.പി.കെ ചന്ദ്രനും ഡോ.ടി ആർ ജയശ്രീയും ചേർന്നാണ്.അത്യന്തം ഹൃദയ സ്പർശിയായി തന്നെ അവർ ആ നോവൽ വിവർത്തനം ചെയിതിട്ടുണ്ട്.
     മഹാഭാരത കഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിൽ ഇന്നും മലയാള വായനക്കാരുടെ മനസ്സിൽ മഹത്തായ സ്ഥാനം വഹിക്കുന്നത് കുട്ടികൃഷ്‌ണ മാരാരുടെ "ഭാരത പര്യടനം" എന്ന നോവലാണ്.1950 -ൽ ആണ് ഭാരത പര്യടനം പ്രസിദ്ധികരിക്കപ്പെടുന്നത്. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി എം.ടി രചിച്ച "രണ്ടാമൂഴവും" മഹാഭാരത കഥയ്ക്ക് ഒരു പുതിയ കാഴ്ചപ്പാടും ഒരുകൂട്ടം വായനാസഞ്ചയവും സൃഷ്ട്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.തുടർന്ന് വി.ടി.നന്ദകുമാർ എഴുതിയ " എൻ്റെ കർണ്ണനും " പി.കെ ബാലകൃഷ്ണൻ്റെ " ഇനി ഞാൻ ഉറങ്ങട്ടെ " ഇവരണ്ടും കർണ്ണൻ്റെ കാഴ്ചപ്പാടിലൂടെയുള്ള വ്യാഖ്യാനമായിരുന്നു. അതുകൊണ്ട് വായനക്കാർക്ക് കർണ്ണനിലൂടെയും - അർജ്ജുനനിലൂടെയും - ഭീമനിലൂടെയും - കുന്തിയിലൂടെയും - ദ്രൗപതിയിലൂടെയും മഹാഭാരത കഥ കാണാൻ സാധിച്ചു. 
     രക്തരൂക്ഷിതമായ യുദ്ധത്തിന് ശേഷം വിജയശ്രീ  ലാളിതമായ പാണ്ഡവ സഖ്യം ശ്രീ കൃഷ്ണൻ്റെ അനുഗ്രഹാശിസുകളോടെ ഭരണ സാരഥ്യം ഏറ്റെടുക്കുന്നു;കുന്തി വനവാസം നടത്താൻ ഇറങ്ങി പുറപ്പെടുന്നു. ഈ നോവലിൽ വായനക്കാർ മഹാഭാരത കഥ നോക്കികാണുന്നത് " കുന്തി "യിലൂടെയാണ്. നാം വായിച്ചറിഞ്ഞ പല കഥകളും മാന്യ സന്ദർഭങ്ങളും പൊളിച്ചെഴുതുകയാണ് രാജൻ തിരുവോത്ത് ഈ നോവലിലൂടെ ചെയ്യുന്നത്. അച്ഛനോ വളർത്തച്ഛനോ ഭർത്താവോ മക്കളോ എന്തിന്!ശ്രീകൃഷ്ണൻ പോലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കുന്തിയെയാണ് രാജൻ തിരുവോത്ത് വായനക്കാർക്ക് മനസ്സിലാക്കി തരുന്നത്. അതിൽ രാജൻ തിരുവോത്ത് വിജയിക്കുകയും ചെയ്തു. 
     കർണ്ണൻ്റെ പിതാവ് ദുർവ്വാസാവ് ആണെന്നും ചെയ്യാത്ത കുറ്റത്തിനാണ് സൂര്യ ഭഗവാൻ അപവാദം കേട്ടതെന്നുമുള്ള കുന്തിയുടെ ന്യായ വാദത്തിലൂടെ  മഹാഭാരത കഥയെ ഉടച്ചുവാർക്കുകയാണ് രാജൻ തിരുവോത്ത്. നോവലിലെ ആദ്യ ഭാഗത്തുതന്നെ സൂര്യ ഭഗവാനോടുള്ള കുന്തിയുടെ ഈ ക്ഷമാപണം വേറിട്ട രീതിയിലൂടെയുള്ള കഥാകഥനത്തിനുള്ള പുറപ്പാടാണ് നടത്താൻ പോകുന്നതെന്ന സൂചന ആദ്യമേ തന്നെ രാജൻ തിരുവോത്ത് വെളിപ്പെടുത്തുന്നു.കൂടാതെ കുന്തി പലവസരത്തിലും യുധിഷ്ഠിരൻ്റെ ധർമത്തെ ചോദ്യം ചെയ്യന്നതും ഒരു അനിവാര്യതയായി നമുക്ക് തോന്നാം. 
      ഈ നോവൽ കുന്തിയുടെ ആത്മകഥാകഥനമാണ്.പരശ്ശതം ചിതകളെരിയുന്ന ശ്മശാനം മാത്രം മനസ്സിൽ ബാക്കി നിൽക്കെ;കണ്ണിൽ ഇരുട്ടും കാതിൽ വിധവകളുടെ ഒടുങ്ങാത്ത നിലവിളിയും ബാക്കി നിൽക്കെ കുന്തി നമ്മോടു കഥ പറഞ്ഞുതുടങ്ങുന്നു...  

Friday, April 17, 2020

ഞാൻ കണ്ട കേരളം - റവ. സാമുവൽ മെറ്റീർ


ഉണ്ണുന്നതിനും ഉടുക്കുന്നതിനും ഉൾപ്പെടെ കേരളീയരായ നമ്മളിൽ ഭൂരിഭാഗവും ഇന്നനുഭവിക്കുന്ന ഒട്ടുമിക്ക അവകാശങ്ങളും നേടുന്നതിന് നീണ്ട സമരങ്ങൾ വേണ്ടിവന്നിട്ടുണ്ട്. ക്രൂരമായ അടിച്ചമർത്തലും നഗ്നമായ ചൂഷണവും മനുഷ്വത്വ രഹിതമായ ശിക്ഷാനടപടികളും നേരിട്ടുകൊണ്ടാണ് നമ്മുടെയൊക്കെ പൂർവികർ ഈ അവകാശങ്ങളൊക്കെ നമുക്ക് നേടിത്തന്നത്.
  യാഥാർഥ്യം വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യമാണ് നമുക്കോരോരുത്തർക്കും ഉള്ളത്. യാഥാർഥ്യം വിസമരിക്കപ്പെടാതിരിക്കാൻ നമുക്ക് ഈ പുസ്തകം വലിയ മുതൽക്കൂട്ടാണ്. സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വർഗീയ വൽക്കരണത്തിനെതിരെ ശബ്‌ദിക്കാൻ ഇത് നമുക്ക് കരുത്ത് നൽകുന്നു. " സമുദായ നേതാക്കൾ " എന്നുവിളിക്കപെടുന്ന ജാതിക്കോമരങ്ങളുടെ യഥാർത്ഥ മുഖം നമുക്ക് ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ മനസ്സിലാകും.
  അസാധാരണ വശീകരണ ശക്തിയും ഊർജ്ജസ്വലതയും വൈവിധ്യമാർന്ന കഴിവുകളുമുണ്ടായിരുന്ന റവ.മെറ്റീർ ശ്രേഷ്ടരിൽ ശ്രേഷ്ടരാകുന്നത് അധസ്ഥിതരും അടിച്ചമർത്തപെട്ടവർക്കും ഇടയിൽ അദ്ദേഹം നടത്തിയ നിസ്വാർത്ഥമായ സേവനം ഒന്നുകൊണ്ടാണ്. അവരുടെ അന്നത്തെ സ്ഥിതി അദ്ദേഹത്തെ അങ്ങേയറ്റം വിഷമത്തിലാക്കി. അവരുടെ വർഗത്തിൻ്റെ ഉയർത്തെഴുനേൽപ്പിനും സാമൂഹികവും ആത്മീയവുമായ മോചനത്തിനും സ്വന്തം ജീവിതം അദ്ദേഹം ഉഴിഞ്ഞുവെച്ചു. അതിൽ അരിശംപൂണ്ട ഇവിടുത്തെ മേൽജാതിക്കാർ അദ്ദേഹത്തെ " പുലയ പാതിരി " എന്നുവിളിച്ചു. ആ അപരനാമം അദ്ദേഹം ഒരു ബഹുമതിയായാണ്  കണ്ടത്.
  ഇതിൽ ഉൾകൊള്ളുന്ന ജാതി വർഗങ്ങളുടെ ഒട്ടുമിക്ക എല്ലാവിവരങ്ങളും അദ്ദേഹം ഉൾകൊള്ളിച്ചു. തൊഴിൽ,ആചാരം,അറിവ്,വിവാഹം,മരണം,ആഭരണവേഷം,വസ്ത്രം,ആഹാരം,പാർപ്പിടം,കൂലി,വ്യാധി,കുടുംബം,ശിക്ഷാരീതി,നിയമം,വിവാഹ വേർപിരിയൽ ചടങ്ങുകൾ,കൃഷി രീതി - തുടങ്ങി നാം ജീവിച്ച മുഴുവൻ ജീവിത സാഹചര്യങ്ങളും അദ്ദേഹം ഇതിൽ ഉൾച്ചേർത്തു.ഇറച്ചി ഭക്ഷണമായി സ്വീകരിച്ച് വയൽവേല ചെയുന്ന ഒരു വിഭാഗത്തെയും അദ്ദേഹം വളരെ ആഴത്തിൽ ഇതിൽ വിവരിക്കുന്നുണ്ട്. അന്നത്തെ തൊഴിൽ വേലകളെപ്പറ്റിയും ജനസംഖ്യാനിരപ്പിനെപ്പറ്റിയും അദ്ദേഹം വിവരിക്കുന്നുണ്ട്. വസ്ത്രം-തൊഴിൽ ഇവ രണ്ടും കൊണ്ടുമാത്രം അന്നത്തെ ജീവിത സാഹചര്യം എത്രത്തോളം മോശമായിരുന്നെന്ന് അദ്ദേഹം നമുക്ക് മനസ്സിലാക്കി തരുന്നു. തിരുവിതാംകൂറിൽ മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്നവരുടെ കണക്കുകൾ അദ്ദേഹം കൃത്യമായി ഇതിൽ ഉൾകൊള്ളിച്ചു.
   കേരളത്തിൽ അക്കാലത്തു നിലനിന്നിരുന്ന ഉച്ഛനീചത്വം ഇതുവായിക്കുന്ന ഏതൊരാൾക്കും എത്രത്തോളം ഉണ്ടായിരുന്നെന്ന് മനസ്സാലാകും. ഒരു സാധാരണ വായനയെന്നോണം ഇത് വായിച്ചു മുന്നേറാൻ സാധിക്കില്ല.കാരണം നമുക്ക് പകർത്തിവെക്കാൻ ധാരാളം ചരിത്രപരമായ തെളിവുകൾ അദ്ദേഹം ഇതിൽ ചേർത്തിട്ടുണ്ട്.നീണ്ട 33 വർഷക്കാലത്തെ കേരളത്തിലെ ജീവിതമാണ് അദ്ദേഹത്തെ ഇങ്ങനെയൊരു പുതകമെഴുതാൻ പ്രാപ്തനാക്കിയത്. ഇതിൽ പലപ്പോഴായി വിവരിക്കുന്ന പ്രകൃതിഭംഗി മനോഹരമായ കേരളത്തിൻ്റെ പഴയ ദൃശ്യ ഭംഗി എത്രത്തോളമായിരുന്നെന്ന് വായനക്കാരനും മനസ്സിലാക്കാനും സാധിക്കുന്നതരത്തിലാണ് അദ്ദേഹം വിവരിച്ചിരിക്കുന്നത്. 
  ഈ കൃതി തിരുവിതാംകൂറിനെ അടിസ്ഥാനമാക്കിയാണെങ്കിലും കേരളീയ ഭൂതകാലത്തെ തിരിച്ചറിയാൻ സഹായിക്കുന്ന മഹത്തായ ഒരു ഗ്രന്ഥം തന്നെയാണ്....

Monday, April 13, 2020

ഹാഫ് ഗേൾഫ്രണ്ട് - ചെതൻ ഭഗത്


ഇത് ഒരു പ്രണയ നോവൽ ആണ്. ' ഒരാൾക്ക് ഇത്രയും ഒരു പെണ്ണിനെ സ്നേഹിക്കാൻ ആകുമോ?തിരിച്ചും' . ഈ നോവൽ വായിച്ചുകഴിയുമ്പോൾ " അതെ " എന്നുപറയാൻ നാം ഓരോരുത്തരും തയ്യാറായിരിക്കും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള പ്രണയം ഇവിടെ തുടങ്ങുകയായി.
     മാധവ് ത്ധാ എന്നയാൾ അയാൾക്കും അയാളുടെ പ്രണയിനിയായിരുന്ന റിയ സോമാനിയായ്ക്കും പ്രിയപ്പെട്ട എഴുത്തുകാരനായ ചേതൻ്റെ മുന്നിൽ പഴകി പേപ്പറിൽ മഞ്ഞവീണ പകുതിയും ചിതൽ തിന്ന ഒരു ഡയറി കൊടുത്തു. " ഇത് റിയയുടെ ഡയറിയാണ്,അവളുടെ പ്രിയപ്പെട്ട എഴുത്തുകാരനല്ലാതെ അവളുടെ മരണശേഷം ഇത് ആര് വായിക്കാനാണ് ". ഒരുപക്ഷേ അയാളുടെ എഴുത്തു ജീവിതത്തിന് അത് ഉപകാരപ്പെട്ടേയ്ക്കാം എന്ന് മാധവ് ത്ധായ്ക്ക് തോന്നിയിരിക്കാം. ചേതൻ വെളുക്കുവോളം ആ ഡയറി ഇരുന്നുവായിച്ചു. നഷ്ട്ടപെട്ട ഭാഗം മാധവ് ത്ധായിൽനിന്നും അയാൾ ചോദിച്ചറിയുന്നു.
    മാധവ് ത്ധാ ഒരു തനി ബീഹാറിയാണ്-രാജകുടുംബാഗം. ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയില്ല എന്ന അപഹർഷതാബോധം ഉള്ളിൽ പേറി ജീവിക്കുന്നയാൾ. ബാസ്‌ക്കറ് ബോൾ പ്ലെയർ.ബാസ്കറ് ബോൾ ഫെഡറേഷൻ അംഗം. സെൻ്റ് സ്റ്റീഫൻ  കോളേജിൽ ബോട്ടണി വിഭാഗം പഠിക്കാൻ സ്പോഴ്സ് കോട്ടയിൽ അഡ്‌മിഷൻ വാങ്ങാൻ ട്രയൽസിന് ഗ്രൗണ്ടിൽ എത്തുന്നു. റിയ സോമാനിയായും ബാസ്‌ക്കറ്റ് ബോൾ ആണ്; സ്പോഴ്‌സ് കോട്ടയാണ്,ഇംഗ്ലീഷ് ഓണേഴ്‌സ് ആണ് അവളുടെ വിഷയം. സെലക്ഷൻ ട്രയൽസിനുവേണ്ടി ഗ്രൗണ്ടിൽ ഇറങ്ങുബോഴാണ് മാധവ് ത്ധാ അവളെ കാണുന്നത്.അയാൾക്ക് അവളോടുള്ള പ്രണയം തുടങ്ങുന്നതും അതേ ഗ്രൗണ്ടിൽ നിന്നുമാണ്.
     അവളെ കണ്ടമാത്രയിൽ മാധവിന് അവളോട് പ്രണയം തോന്നുന്നു.അവൾക്ക് ഒരു സുഹൃത്ത് ബന്ധത്തിനപ്പുറത്തേക്ക് ആ ബന്ധം കൊണ്ടുപോകുന്നതിന് താൽപ്പര്യം ഇല്ലായിരുന്നു. ഒരു കാമുക ഹൃദയംകൊണ്ട് മാധവ് ത്ധായും ഒരു സുഹൃത്ത് ഹൃദയംകൊണ്ട് റിയയും പെരുമാറുന്നു.അതിന് അവൾ കണ്ടെത്തിയ മാർഗമായിരുന്നു ഹാഫ് ഗേൾ ഫ്രണ്ട്. വായനക്കാർ ഈ നോവൽ വായിക്കുമ്പോൾ ഒരുപക്ഷേ അക്ഷരങ്ങൾക്കപ്പുറത്തേക്ക് നമുക്ക് അവരുടെ പ്രണയം കാണാൻ സാധിക്കും.ഈ വായനയിൽ ഒരെത്തുംപിടിയും കിട്ടാത്ത ക്യാരക്ടർ ആയി റിയ വായനക്കാരൻ്റെ മനസ്സിൽ അവശേഷിക്കും. എല്ലാരീതിയിലുമുള്ള പ്രണയസാഭല്യത്തിനായി മാധവ് ത്ധാ കൊതിക്കുന്നു. അതിനായി വിഫലമായ ധാരാളം ശ്രമങ്ങളും നോവലിലുടനീളം കാണാൻ സാധിക്കും. അത്തരത്തിലുള്ള ഒരു ശ്രമത്തിനിടയിലാണ് ഇരുവരും പിരിയുന്നത്. മാപ്പ് പറയാനുള്ള മാധവിൻ്റെ എല്ലാശ്രമങ്ങളും വിഫലമാകുകയും ചെയ്യുന്നു.
    രോഹനുമായുള്ള വിവാഹം ക്ഷണിക്കാനാണ് പിന്നീട് അവർതമ്മിൽ കാണുന്നത്. വളരെ അടുത്തുനിന്ന് നമ്മൾ അവരിരുവരുടേയും പ്രണയവും വേർപിരിയലും കാണുന്നു. ഉള്ളിൽ എവിടെയൊക്കയോ ഒരു വേദന നമ്മളിലും അവശേഷിക്കുന്നതായി മനസ്സിലാകും.
     തീർത്തും വ്യത്യസ്തമായ ഒരു മാധവ് ത്ധായെ ആണ് പിന്നീട് വായനക്കാരൻ കാണുന്നത്.അവളുമായി കഴിഞ്ഞ ഓർമകളിൽ മാത്രം ജീവിക്കുന്ന ഒരുവൻ. പിന്നീട് അയാൾ മുഴുവൻ സമയവും അമ്മ നടത്തിപ്പോരുന്ന ഒരു സ്കൂളിൻ്റെ കാര്യങ്ങളിൽ മുഴുകി ജീവിക്കാൻ ശ്രമിക്കുന്നു. അവിചാരിതമെന്നോണം മാധവ് റിയയെ വീണ്ടും കാണുന്നു,മൂന്ന് വർഷങ്ങൾക്ക് ശേഷം. അവൾ രോഹനുമായി വിവാഹമോചനം നേടിയെന്നറിയുമ്പോൾ നഷ്ട്ടപെട്ടുപോയെന്ന് അയാൾകരുതിയ അയാളുടെ പ്രണയം മാധവിൽ വീണ്ടും ഉടലെടുക്കുന്നു. കോളേജിലെ തൻ്റെ പഴയ ഹാഫ് ഗേൾ ഫ്രണ്ട് എന്ന നിലയിലേക്ക് അയാൾ അവളെ വീണ്ടും നോക്കിക്കാണുന്നു.
     റിയ മാധവ്ൻ്റെ അമ്മയുമായുള്ള സംഭാഷണത്തിൽ നിന്നും മകനെ ഒരു രണ്ടാംകെട്ടുകാരിയെ കൊണ്ട് കെട്ടിക്കിലെന്ന തീരുമാനം മനസ്സിലാക്കുന്നു. അവിടം മുതലുള്ള നോവലിലെ റിയ സോമാനിയ മുൻകൂട്ടി പ്ലാൻ ചെയ്താണ് ജീവിക്കുന്നത്. താൻ ഒരാൾക്കും ഭാരമാകരുതെന്ന് റിയ തീരുമാനം എടുക്കുന്നു. സ്‌കൂളിലെ ഒരു പ്രോഗ്രാം അവസാനിക്കുന്ന ദിവസം ഒരു കുട്ടിവഴി " അവൾക്ക് ലെങ്സ് ക്യാൻസർ ആണ്,മൂന്ന് മാസംകൂടിയെ ജീവിക്കൂ,എന്നേ തേടിപിടിക്കാൻ ശ്രമിക്കരുത് " എന്ന ഉള്ളടക്കം കൊണ്ട് അവസാനിക്കുന്ന ഒരു കത്ത് മാധവിന് അവൾ കൊടുക്കുന്നു..
  പക്ഷേ യഥാർത്ഥത്തിൽ റിയ എന്തായിരുന്നു എന്നതിൻ്റെ ഉത്തരം അവൾ എഴുതിയിരുന്ന ഡയറി ആയിരുന്നു. മാധവ് എത്ര ശ്രമിച്ചിട്ടും കാണാൻ കഴിയാത്ത അവളുട മനസ്സായിരുന്നു ആ ഡയറി. ആദ്യമേ തന്നെ നോവലിൽ അവളുടെ മരണം ഏതാണ്ട് തീർത്തതും ഉറപ്പാക്കിയിരുന്നു.  എന്നാൽ ചേതൻ മാധവിൻ്റെ മുന്നിലേക്ക് വച്ചുനീട്ടിയ റിയയുടെ ആ ഡയറി ഉദ്വേഗം ജനിപ്പിക്കുന്ന വാർത്തയാണ് വായനക്കാർക്ക് വച്ചുനീട്ടിയത്. പറഞ്ഞറിയിക്കാൻ കഴിയാത്ത ദേഷ്യവും സനേഹവും ഒരേസമയം റിയയോട് നമുക്ക് തോന്നും. 
   " ഈശ്വര സങ്കല്പത്തിനും മുകളിലാണ് അവളുടെ സൗന്ദര്യം.നിങ്ങളെപ്പോലെ എനിക്കിപ്പോൾ അവളെകാണണം മാധവ് ത്ധാ. മാധവ് ത്ധായെപ്പോലെ എനിക്കും ഇപ്പോൾ അവളുടെ മനസ്സറിയാം.അവൾക്ക് അയാളോടുള്ള പ്രണയം  എത്രത്തോളമുണ്ടെന്ന് നിങ്ങളെപ്പോലെ - മാധവ് ത്ധായെപ്പോലെ ഇപ്പോൾ എനിക്കുമറിയാം " 
    ഒന്നുമാത്രമറിയില്ല...." ഇതിൽ ആരാണ് പരസ്പ്പരം കൂടുതൽ സ്നേഹിച്ചത് എന്ന് "
     

Friday, April 10, 2020

വെളിച്ചം നിറഞ്ഞുനിൽക്കുന്നിടത്തേക്ക് ഇരുട്ട് കയറി വരില്ല


ലോകത്ത് ആകമാനം വ്യാപിച്ച കൊറോണ വൈറസിൻ്റെ സമൂഹ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് നാം കുറച്ച് ദിവസങ്ങളായി വീട്ടിൽ ഇരിക്കുകയാണ്. ഒരു പക്ഷേ കുട്ടികൾ മുതൽ പ്രായമായവർ വരെ സമയം കളയാൻ പാടുപെടുകയാണ്. രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വീടുകൾ തോറും കയറി ഇറങ്ങി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എത്രയോ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ;എന്തിന് സ്വന്തം ശേഖരണത്തിൽ നിന്നുപോലും വായിക്കാൻ കൈമാറിയ മനുഷ്യർ നമുക്കിടയിലുണ്ട്. അവിടേക്കാണ് അതിശയോക്തിയുള്ള ഒരു ചോദ്യം ഉയർന്ന് വരുന്നത്. പാരമ്പര്യം കൊണ്ടും പ്രശസ്തികൊണ്ടും മഹിമകൊണ്ടും ഹൃദയ ഭാഗത്ത് ഉയർന്ന് നിൽക്കുന്ന പല ഗ്രന്ഥശാലകളും ( പേര് പറഞ്ഞാൽ അത് അതിശയോക്‌തി ആകും  ) ശ്രീ പത്മനാഭൻ്റെ  ഇനിയും തുറക്കാത്ത നിലവറകണക്കെ പൂട്ടികിടക്കുകയാണ്.ഗ്രന്ഥങ്ങൾ പലതും അന്യാധീനപ്പെട്ടും കാണും. പക്ഷേ താക്കോൽക്കൂട്ടങ്ങൾ അരയിൽ വിയർപ്പിൻ്റെ ഉപ്പുപറ്റി ചൂടാറാതെ ഇപ്പോഴും ഇരിക്കുന്നുണ്ടാകും.തീർച്ച...
        തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വായിക്കാൻ മറന്നുപോയവരാണ് നമ്മളിൽ ഭൂരിഭാഗവും. അവരെ തിരിച്ച് വായനയുടെ ലോകത്തേയ്ക്ക് കൊണ്ടുവരാൻ നിലവറയിൽ പൂട്ടിവെച്ചിട്ടുള്ള ആ പുസ്തകങ്ങൾക്ക് കഴിയും.അവ അവരുടെ കൈകളിൽ എത്തിക്കേണ്ടത് ഇപ്പോൾ ഗ്രന്ഥശാലകളുടെ ഉത്തരവാദിത്വമാണ്. അവിടെ ഗ്രന്ഥശാലകൾക്ക്  വിപ്ലവം സൃഷ്ടിക്കാനാകും. നോവൽ,നാടകം,ചരിത്രം,ലേഖനം,എന്നിവയും കുട്ടികൾക്കായി  സയൻസ് ഫിക്ഷനുകളും ബാലസാഹിത്യവും എത്തിച്ച് കൊടുക്കുക. ഗ്രന്ഥശാല പ്രസ്ഥാനത്തിരിക്കുന്നവർ വെച്ചുകെട്ടുകൾ അഴിച്ച് ചമയങ്ങളൊന്നുമില്ലാതെ പി.എൻ, പണിക്കർ ഗ്രന്ഥശാലക്ക് വേണ്ടി നടത്തിയ പ്രവർത്തങ്ങൾ ഒന്ന് ഓർത്തുനോക്കിയാൽ മതി.അടുത്ത തവണ പുസ്തകം കൊടുക്കാമെന്നുവെച്ചാൽ കാവിലെ പാട്ടുമത്സരം ഇനി നടത്താൻ പോണില്ലെന്നാ കമ്മിറ്റി തീരുമാനം. 
 " ഇതുവരെ പുസ്തകം വീടുകളിൽ എത്തിച്ച ഗ്രന്ഥശാല പ്രവർത്തകർക്ക് പ്രത്യേക നന്ദി "
NB - അറിവിൻ്റെ അക്ഷയഖനി എല്ലാവർക്കും അവകാശപ്പെട്ടതാണ്. അത് നോക്കാൻ തോട്ടക്കാരനെ ഏർപ്പെടുത്താതിരുന്നാൽ മതി. കട്ട് പിച്ചുന്നവനിൽ പോലും ഒരു ഗൗതമബുദ്ധൻ ജനിക്കും 

എൻ്റെ പ്രീയപ്പെട്ട കഥകൾ - അംബികാസുതൻ മാങ്ങാട്


മനോഹരമായ ചെറുകഥകൾ കൊണ്ട് മലയാള വായനക്കാരുടെ ഹൃദയത്തിൽ തൻ്റെതായ ഇടം കണ്ടെത്തിയ എഴുത്തുകാരനാണ് അംബികാസുതൻ മാങ്ങാട്. ഇനിയും വറ്റാത്ത മാറിടംപോലെ ഏകാന്തതയുടെ ഈറ്റില്ലത്തിൽവെച്ച് പെറ്റുവീണതാണ് ഇതിലെ ഓരോ ചെറുകഥകളും. ഇതിലെ ഓരോ കഥയ്ക്കും പിറവികൊണ്ട് ചില ഉദ്ദേശങ്ങൾ ഉണ്ടായിരുന്നതായി കാണാൻ സാധിക്കും. ദുർഗ്രഹത ഒട്ടുമില്ലാതെ ലളിതമായി കഥപറയാൻ തൻ്റെതായ കാരണങ്ങൾ അദ്ദേഹത്തിനെപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ചമൽക്കാരങ്ങൾ ഒന്നുംതന്നെയില്ലാതെ മനുഷ്യൻ്റെ ജീവിത പ്രശ്നങ്ങളും,പരിസ്ഥിതിയും,ദളിത്-ആദിവാസി ജീവിതങ്ങളും അദ്ദേഹത്തിൻറെ വിഷയങ്ങളായത്.
    കാലം ഇനിയും ഇവ ഓരോന്നും കാമ്ഷിക്കും വിശകലനം ചെയ്യും അവ നമ്മുടെ ചർച്ചകളുടെ വിഷയങ്ങളാകും. ഇരുട്ടിൽ തെളിഞ്ഞാടുന്ന തെയ്യങ്ങൾ പ്രദീക്ഷയുടെ പ്രകാശമാകുംപോലെ;അതിന് അറിഞ്ഞും അറിയാതെയും " മുച്ചിലോട്ടമ്മ " കാരണമാകും. ഇതിലെ ആദ്യ കഥതന്നെ വായനക്കാരൻ്റെ  മനസ്സിനെ പാകപ്പെടുത്താൻ പോന്ന തരത്തിലുള്ളതായിരുന്നു. മുൻവിധികളൊന്നും തന്നെ വച്ച് പുലർത്തേണ്ടാത്ത ഒരു മനുഷ്യന്  നാം മനസ്സിൽ ജന്മം നൽകും എവിടെ നിന്ന് നോക്കിയാലും കാണാവുന്ന തരത്തിൽ നമ്മുടെ മനസ്സിനെ നാം പാകപ്പെടുത്തും. " ആർത്ത് പെയ്യുന്ന മഴയിൽ ജുമൈല " എന്ന കഥയിൽ ജുമൈല ശിവദാസനെ നോക്കി കാണുന്നപോലെ. മുൻപ് ജുമൈലയുടെ ശരീരം താജ്‌ജുദീൻ്റെ ബിസിനസ് നന്നാവാനുള്ള ചവിട്ടുപടിയായിരുന്നു;ജാതി മത ഭേദമന്യേ... ശിവദാസൻ്റെ വീട്ടിലെ ഫ്രിഡ്ജിനു മുകളിൽ ഇരിക്കുന്ന അയാളുടെ മകളുടെ ചിത്രം അയാളിൽ ഇനിയും വറ്റിയിട്ടില്ലാത്ത പിതാവിൻ്റെ സ്നേഹമാണ് വായനക്കാരൻ കാണിച്ച് തരുന്നത്. " മോളെ !കുറച്ച് സമയം ഞാൻ നിൻ്റെ അരുകിൽ കിടന്നോട്ടേ? " എന്നയാൾ പറയുന്നത് ഇനിയും അസ്തമിച്ചിട്ടില്ലാത്ത അയാളിലെ പിതാവിലേക്കുള്ള മടങ്ങിപ്പോക്കായിരുന്നു. 
    " പൊട്ടിയമ്മത്തെയ്യം " മാതൃത്വത്തിലേക്കാണ് പിന്നെ വായനക്കാരനെ കൂട്ടിക്കൊണ്ട് പോകുന്നത്. ഒരു റെയിൽവേ പാളത്തിൽ ഛിന്ന ഭിന്നമായിപ്പോയ അവർ ആർഭാടം നിറഞ്ഞ വേഷ വിദാനം കൊണ്ടല്ല,സഹജമായ വീര്യവും കൊണ്ടല്ല വായനക്കാരൻ്റെ മനസ്സിൽ ഇടംപിടിച്ചത്. യാദൃച്ഛികതക്കപ്പുറത്തേക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും നാം കണ്ടുമറന്ന സ്ത്രീ രൂപത്തോട് ചേർത്ത് വായിച്ചപ്പോഴാണ്.
    ഈ ചെറുകഥാ സമാഹാരത്തിലെ ഒടുവിലത്തെ കഥയായ " മുച്ചിലോട്ടമ്മ "യിലെ നിലവിളി കഥാകാരൻ്റെയും കൂടിയുള്ള നിലവിളിയാണ്. ഈ ഇരുണ്ട ലോകത്തിൽ കഥാകാരൻ കൊത്തിവെച്ച വഴിവിളക്കുകൾ പോലെയാണ് ഇതിലെ ഓരോ കഥകളും. പൊട്ടൻ തെയ്യത്തിൻ്റെ തോറ്റത്തിൽ പറയുന്നപോലെ ഇരുട്ടിൻ്റെ ഉള്ളിൽ ഒരു വലിയ സൂര്യൻ ഉണ്ട് എന്ന കാര്യം ഇതിലെ ഓരോ കഥയിലൂടെയും കഥാകാരൻ ഓർമ്മിപ്പിക്കും. പരിസ്ഥിതി ദുരന്തം ഇത്രയുമുണ്ടായിട്ടും നമുക്ക് വിവേകം ഉണ്ടാകുന്നില്ലല്ലോ എന്ന് സ്വയം പരിതപിക്കും. ഈ കഥാ സമാഹാരത്തിൽ കൂടുതലുള്ളതും പരിസ്ഥിതി പ്രമേയമാക്കിയ കഥകൾ ആണ്       

Wednesday, April 8, 2020

കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാൻ - അരുന്ധതി റോയി

മലയാളികളെ സംബന്ധിച്ച് ആമുഖം ആവശ്യമില്ലാത്ത രചന;രചയിതാവ്. സവിശേഷമായ ഭാഷാപ്രയോഗവും രചനാ ശൈലിയും ആണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. ഈ പുസ്തകത്തെ കൂടുതൽ സവിശേഷമാക്കുന്നത് അതിൻ്റെ വിവർത്തന ശൈലിയാണ്. അതിനുവേണ്ടി ഇതിലെ ഓരോ അക്ഷരങ്ങളിലൂടെയും കഥാ സന്ദർഭത്തിലൂടെയും നിരന്തരം കായറി ഇറങ്ങേണ്ടിയും വന്നുകാണും. സങ്കടങ്ങളുടെ പുസ്തകമായണിത്. ഇതിലെ ഓരോ അക്ഷരങ്ങൾക്കും കണ്ണുനീരിൻ്റെ ഉപ്പുണ്ട്. എല്ലാവരും ഉണ്ടായിട്ടും എല്ലാം ഉണ്ടായിട്ടും - ഒറ്റക്കായവരുടെ സങ്കടങ്ങളുടെ ആഴം ഈ പുസ്തകം കാണിച്ച് തരുന്നുണ്ട്. 
 ശരീരവും സങ്കടവും ചേർന്ന് പ്രണയവും രതിയുമാകുന്നത് നമുക്ക് ഈ നോവലിൽഅനുഭവപ്പെട്ടേക്കാം,അതുമല്ലെങ്കിൽ സ്വയം ആത്മാവിനെ സ്വതന്ത്രമായി അലയാൻ വിട്ടിട്ട് അടക്കാനാവാത്ത ആസ്കതിയിൽ നാം സ്വയം മതിമറന്നേക്കാം.  വൈകൃതങ്ങളായി വായനക്കാർക്ക് തോന്നാവുന്ന തരത്തിൽ അമ്മുവിൽ വായനക്കാർ കാണുന്ന അല്ലെങ്കിൽ കണ്ടെത്തുന്ന രതി സങ്കൽപ്പങ്ങൾ.അതുമായി ബന്ധപ്പെട്ട്  സ്കൂളിൽനിന്നുള്ള പുറത്താക്കലുകൾ. ജീവിതത്തോട് വാദിക്കാനും ജീവിതത്തിനായ് എന്തെങ്കിലും കരുതിവയ്ക്കാനും പോന്ന തരത്തിലുള്ള ശരിക്കും പറഞ്ഞാൽ ഒരു ഉപരിപ്ളവ താൽപ്പര്യം പോലും അവളിൽ ഉണ്ടായതായി നമുക്ക് കണ്ടെത്താൻ കഴിയില്ല.    ഈപുസ്തകം നിങ്ങളെ അസ്വസ്ഥതപ്പെടുത്തും.അണപ്പല്ലിനിടയിലേക്ക് നാര് കയറിയാലുണ്ടാകുന്ന തരത്തിലുള്ള,അല്ലെങ്കിൽ ഞാൻ ഈ അസ്വസ്ഥത മനസ്സിലാക്കിത്തരാൻ പുതിയൊരു വാക്കുകൊണ്ട് നിറം പിടിപ്പിക്കേണ്ടിവരും. ഇതാകുമ്പോൾ ഈ അസ്വസ്ഥത നാം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളതായിരിക്കും. ഒരാശയ്ക്കും വകയില്ലാത്ത തരത്തിലുള്ള പ്രായോഗികമായ ഒരു ലോകത്തിരുന്നുകൊണ്ട് പ്രായോഗിക താല്പര്യങ്ങൾക്കുവേണ്ടി മാത്രം കുത്തികുറിക്കപെട്ട കഥാ പാത്രമാണ് അമ്മു,റാഹേൽ,എസ്തർ. യാതൊരുതരത്തിലുള്ള ഔപചാരികതയും കൂടാതെ വായനാർക്ക് പങ്കുവെയ്ക്കാൻ പോന്ന തരത്തിലെ  കഥയാണ്  "കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാൻ". എന്നെപോലെ നിങ്ങൾക്കും ചിലപ്പോൾ ആദ്യവായന ഒരു പുകമറയായിരിക്കും സൃഷ്ടിക്കുക. വീണ്ടും വീണ്ടുമുള്ള വായന അവ്യക്തമായി എന്തോ ഒന്ന് കാണാനുള്ള കരുത്ത് നിങ്ങളിൽ ഉടലെടുക്കും. പതുക്കെ നാം ഓരോരുത്തരും അത് കണ്ടുതുടങ്ങും. വിശാലമായി പറഞ്ഞുവെക്കുന്ന കഥാ പശ്ചാത്തലം മറ്റുള്ള നോവലുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു. ദുർഘടം പിടിച്ച ഒരു വായനാനുഭവമാണ് എനിക്ക് ഇതിൽ നിന്നും കിട്ടിയത്. 
      മലയാളികളെ കൊണ്ട് ഈ പുസ്തകം ഇഷ്ട്ടപെടുത്തുക ഒരു വലിയ കാര്യമാണ്. ഒടേതമ്പുരാൻ അതൊരു കുഞ്ഞുകാര്യവും. ഞാൻ ഈ പുസ്തകം ഒരുതവണ കൂട്ടിവായിക്കട്ടെ;വായിച്ച് നിർത്തിയേടത്തുനിന്ന് - തുടങ്ങിയേടത്തേക്ക്. എന്തെങ്കിലും അടരുകൾ ഞാൻ അവശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ തുടർന്ന് ഇതിൽ കൂട്ടിച്ചർക്കാം..... 

Tuesday, April 7, 2020

മെയ്ൻ കാംഫ് - അഡോൾഫ് ഹിറ്റ്ലർ

    ഇരുപതാം നൂറ്റാണ്ടിൽ മാനവരാശി നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 1939 മുതൽ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോക മഹായുദ്ധം. ഈ യുദ്ധത്തി ൻ്റെ മുഖ്യ കാരണക്കാരനും ജർമ്മനിയിലെ ജർമ്മൻ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ( നാസി ) അനിഷേധ്യ നേതാവുമായിരുന്ന അഡോൾഫ് ഹിറ്റ്ലർ 1889 -ഏപ്രിൽ -20  ജർമ്മൻ അതിർത്തിയോട് ചേർന്നുള്ള ബ്രോണോ ആം ഇൻ എന്ന ആസ്ട്രിയ പട്ടണത്തിലായിരുന്നു ജനിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ അലോയിഡ് ഹിറ്റ്ലർ പിതാവും ക്ലാര പ്വാൾറ്റസ് മാതാവുമായിരുന്നു.  മെയ്ൻ കാംഫ് എന്ന പുസ്തകത്തിലൂടെ അഡോൾഫ് ഹിറ്റ്ലറുടെ ജർമ്മൻസാമ്രാജ്യം,ജനത,വംശീയത,രാഷ്ട്രീയം,ഭരണം തുടങ്ങിയ കാഴചപ്പാടുകളൊക്കെ വ്യക്തമാക്കി. 1913 -ൽ സൈന്യത്തിൽ ചേർന്നതുവഴി രണ്ടാംലോക മഹായുദ്ധത്തിലും പങ്കാളിയായി.
         ഹിറ്റ്ലറുടെ ആത്മകഥ ലോകോത്തര സാഹിത്യകൃതികളിൽ ചർച്ചചെയ്യപ്പെടാൻ കാരണം എന്തെന്ന് നാം അന്വേഷിച്ച് ചെല്ലുമ്പോൾ നമുക്ക് ഈ കൃതിയിൽ നിന്ന് മറ്റ് പലതും കണ്ടെത്താൻ കഴിയും.ആരെയും പിടിച്ചിരുത്താനും ഇരുത്തി ചിന്തിപ്പിക്കാനും പോന്ന തരത്തിലുള്ള ഭാഷ ശൈലിയുടെ ഉടമയായിരുന്നു അഡോൾഫ് ഹിറ്റ്ലർ. മുൻവിധികളോ അടിച്ചേൽപ്പിക്കുന്നതരത്തിലുള്ള വിശ്വാസപ്രമാണങ്ങളോ ഇല്ലാതെ ഈ ആത്മകഥ വായിക്കുന്ന ഏതൊരു വായനക്കാരനും മനുഷ്യ മനസ്സിൽ അക്രമണ വാസന എങ്ങനെ നോമ്പെടുക്കുന്നെന്നും അവയുടെ വേരുകൾ എങ്ങനെയാണ് സമൂഹത്തിലേക്ക് ആഴ്ന്ന് ചെല്ലുന്നതെന്നും കാണാൻ സാധിക്കും
     ഈ പുസ്തകം വായിക്കുന്നവർ ഇതിൻ്റെ മറുപുറംകൂടി കണ്ട് അവയും കൂട്ടിച്ചേർത്തുവേണം വായിക്കാൻ അപ്പോൾ അഡോൾഫ് ഹിറ്റ്ലറിലും ഒരു മനുഷ്യനുണ്ടായിരുന്നെന്ന് കാണാൻ സാധിക്കും.
            അപ്പോൾ മാത്രം ലോകാധിപത്യം നേടിയെടുക്കാൻ ശ്രമിച്ച അഡോൾഫ് ഹിറ്റ്ലർ ലോക ചരിത്രത്തിലെ അപൂർവം ചില വ്യക്തികളിൽ ഒരാളായിരുന്നെന്ന്...  

Sunday, April 5, 2020

ശരീര ശാസ്ത്രം - ബെന്യാമിൻ

മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരനായ ബെന്യാമിൻ്റെ " ശരീര ശാസ്ത്രം " വായിച്ചു. യാതൊരു തരത്തിലുമുള്ള കുറ്റപ്പെടുത്തലുകൾക്ക് വിദേയനാകാത്ത തരത്തിൽ ഇത്തവണയും പഴുതുകളടച്ചുള്ള രചനാശൈലി.
     സന്ധ്യയുടെ ഫോണിലേക്ക് ഋതുകുര്യൻ ഒരു മെസ്സേജ് അയക്കുന്നു" മിഥുന് ചെറിയൊരു ആക്സിഡൻറ്. നീ വേഗം മെഡിക്കൽ ട്രെസ്റ്റ് ഹോസ്പിറ്റലിക്ക് ഒന്നുവരണം ". പൊടുന്നനെ കഥയിലേക്ക്
 
വായനക്കാരനെ വലിച്ചിടാൻ അവളുടെ ഫോണിലേക്ക് വന്ന മെസ്സേജിൻ്റെ അതേ വേഗതതന്നെയാണ് ബെന്യാമിനും സ്വീകരിച്ചത്. അപ്രദീക്ഷിതായി സംഭവിക്കുന്ന മിഥുൻ്റെ മരണം,അവൻ്റെ അവയവദാനം;ദില്ലി നഗരത്തിൻ്റെ പശ്ചാത്തലത്തിൽ അയത്ന ലളിതമായി ബെന്യാമിൻ കഥപറഞ്ഞു പോകുന്നു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്. മകളുടെ പിടിവാശിക്ക് വഴങ്ങി പുറത്തൊരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് അവിചാരിതമായി അവരുടെ അതേ ടേബിളിൽ മിഥുൻ വന്നിരിക്കുന്നത്. മകളുമായി അവിടെവെച്ച് പതുക്കെ അടുക്കുന്ന അയാൾ സന്ധ്യയിലേക്കും എത്തുന്നു.തന്നേക്കാൾ അഞ്ചുവയസിന് ഇളയ മിഥുൻ്റെ ലോക്കൽ ഗാഡിയനായി അവൾ മാറുന്നു. കുര്യൻ്റെയും ലാലിയുടെയും മകളാണ് ഋതുകുര്യൻ.അവളുടെ സുഹൃത്തും കാമുകനുമാണ് രാഗേഷ്.
        എല്ലാ വൈകുന്നേരങ്ങളിലും മന്ദിർമാർഗിലെ അപ്പാർട്ട്‌ മെൻറ്റിൽ ഒത്തുകൂടുന്നവർ,ബൈബിൾ വായിക്കുന്നവർ,എല്ലാവരും ഫെലോഷിപ്പുകളിലെ അംഗങ്ങൾ,കോഴ്സ് കഴിയുമ്പോൾ അടുത്ത അംഗംങ്ങളെ കണ്ടെത്തി കൂട്ടിച്ചേർക്കണ്ടവർ. ഇത് ഫെലോഷിപ്പിലെ അംഗംങ്ങൾക്കുള്ള കരാറാണ്.ഒരു നേട്ടം ഫെലോഷിപ്പ് വഴിയുണ്ട്;തൊഴിലില്ലാത്ത അംഗംങ്ങൾക്ക് പരിചയക്കാർ മുഖേന തൊഴിൽ.അതും കൊറിയ ആസ്ഥാനമായ എം.എൻ.സി യിൽ. അത് അവിടെത്തെ സി.ഇ.ഒ യുമായുള്ള ഇതിലെ പാസ്റ്റർ മാരുടെ ബന്ധമൂലം ലഭിക്കുന്നതാണ്.അങ്ങനെ ഒരു കൂട്ടിച്ചേർക്കലിൻ്റെ ഭാഗമായാണ് സന്ധ്യവഴി മിഥുനും ഇതിൽ എത്തുന്നത്. രാഗേഷിൻ്റെ സഹമുറിയാനായ കിരൺ രേഷ്മയുമായുള്ള ബന്ധത്തിലെ തകർച്ചയിൽ ആത്മഹത്യ ചെയ്യുന്നു.അത് രാഗേഷിനെ മാനസികമായ് തകർക്കുന്നു. ഹോസ്പിറ്റലിൽ ആയ രാഗേഷിനെ  ബൈസ്റ്റാൻഡർ ആയി പരിചരിച്ചത് ഋതുവാണ്. അങ്ങനെയാണ് രാഗേഷ് ഋതു വഴി ഫെലോഷിപ്പിലേക്ക് എത്തുന്നത്. അവിചാരിതമായി അവരുടെ സുഹൃത്തായ മിഥുന് ഉണ്ടാകുന്ന അപകടവും തുടർന്നുള്ള മരണവും,ഋതുവിൻ്റെ ഫോണിലേക്ക് അതൊരു കൊലപാതകമായിരിക്കാം എന്ന് സംശയം ജനിപ്പിക്കുന്നതരത്തിലുള്ള മെസ്സേജ് വന്നതിൽ പിന്നെ അതിൻ്റെ നിജസ്ഥിതി കണ്ടെത്താൻ ഋതു ഇറങ്ങി പുറപ്പെടുന്നു. സന്ധ്യ അവസാനമായി മിഥുനെ കാണുമ്പോൾ അവൻ അവളോടുള്ള പ്രണയം തുറന്നുപറയുന്നു.മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെയിരുന്ന അവൾ പറഞ്ഞുതോൽപ്പിക്കാൻ കഴിയാത്ത അവൻ്റെ സംഭാഷണങ്ങൾക്ക് മൗനായി ഇരുന്നു. അത് വഴി തിരിച്ചുപോയാണ് അവൻ അപകടത്തിൽ പെടുന്നത്.
         ഉദ്വേഗം ജനിപ്പിക്കുന്ന അന്വേഷണങ്ങൾ,ഓരോ കഥാപാത്രങ്ങൾക്കും വെളിപ്പെടുത്താൻ കഴിയാത്ത തരത്തിൽ എന്തോ ഒന്ന് ഒളിപ്പിച്ചുവെക്കുന്നതായി വായനയിലുടനീളം കാണാം.അതുകൊണ്ട് പലരേയും നാം  കൊലപാതകത്തിൽ പങ്കുകൊല്ലിക്കും. സന്ധ്യയുടെ ആദ്യ ഭർത്താവിനെപ്പോലും....ഒരുഘട്ടം കഴിയുമ്പോൾ നാം സ്വമേധയാ അവരെയൊക്കെ ഒഴിവാക്കും....! എന്തിനായിരിക്കും ഒന്നും പ്രതീക്ഷിക്കാതെ മറ്റൊരാൾക്കുപകാരം ചെയ്യുന്നത്?.ഇതിൽ ദൈവത്തിൻ്റെ പങ്ക് ഏതായിരിക്കും? എന്ന സ്വാഭാവികമായ ചോദ്യം തടയപ്പെടും കാരണം ദൈവത്തൻ്റെ സാന്നിധ്യം അടുത്തുള്ളതുകൊണ്ട്.  " ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്‌ട്രോയെ വധിക്കാൻ പഴുതുകളടച്ച് പ്ലാൻ ചെയിതു.നിർഭാഗ്യവശാൽ ലാറ്റിൻ അമേരിക്കൻ എഴുത്തുകാരനായ ഗാർസിയ മാർക്കോസിൻ്റെ സാന്നിധ്യം വാടക കൊലയാളികളെ അതിൽനിന്നും പിന്തിരിപ്പിക്കുന്നു.അതിനവർ പറഞ്ഞ മറുപടി മഹത്തായൊരെഴുത്തുകാരൻ കൂടെയുള്ളപ്പോൾ ആരേയും കാഞ്ചി വലിക്കാൻ  ആവില്ല എന്നാണ് ".
         അതെ,എല്ലാവരുടെയും ജീവിതമെഴുതുന്ന ഒരു എഴുത്തുകാരനായ ദൈവം ഇതിൽ കൂടെയുള്ളപ്പോൾ നമുക്കും കാഞ്ചി വലിക്കാനാവില്ല.യാതൊരു വിശ്വാസപ്രമാണംകൊണ്ടും നികത്താനാവാത്ത ശൂന്യതയാണ് മിഥുൻ്റെ മരണം മൂലമുണ്ടാവുന്നത്. പരിപൂർണമായ ഒരു കുറ്റാന്വേഷണം ഇതിൽ ഉൾച്ചേർത്തിട്ടില്ല.ഏതൊരു വായനക്കാരനും ഒത്തുപോകാൻ കഴിയുന്നതരത്തിലുള്ള കഥാശൈലിയാണ് ബെന്യാമിൻ ഇതിൽ സ്വീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും എല്ലാത്തരത്തിലും എന്തോ ഒന്ന് നമ്മളിൽ നിന്നും ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്ന കള്ളനെപ്പോലെ ഇതിലെ ഓരോ കഥാസന്ദർഭവും ഒരുക്കിവെച്ചിട്ടുണ്ട്. നാം വായിച്ചുപഴകിയ അന്വേഷ നോവലുകളിൽനിന്നെല്ലാം വിഭിന്നമാണ് ഈ നോവൽ. ഇതിൽ കഥാപാത്രങ്ങൾക്കൊക്കെയും പാകമാകുന്ന സന്ദർഭങ്ങൾ,കാഴ്ചപ്പാടുകൾ,സ്വാതന്ത്ര്യങ്ങൾ,ഇവയൊക്ക സസൂഷ്മം പാകപ്പെടുത്തിയിക്കുകയാണ് എഴുത്തുകാരൻ.
      മതമെന്ന വിഷം എത്രത്തോളമാണ് ഓരോ മനുഷ്യരിലും ഉള്ളതെന്ന് ഇതുവായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും .അതെ;വിശ്വാസത്തിൻ്റെ കെണിയിൽ പെട്ടുപോയവർക്കും,പെടാൻ സാധ്യത ഉള്ളവർക്കും ഉള്ള പുസ്തകമാണിത്.
     ഇത് വായിക്കേണ്ടത് നാം അറിഞ്ഞ വിശ്വങ്ങൾക്ക് പുറത്തുനിന്നാണ്, നാം അണിഞ്ഞതും അണിയിച്ചതുമായ മുൾക്കിരീടം അഴിച്ചുവെച്ചുകൊണ്ടുമാണ്. ആകെയാൽ തീർത്തും മതം ഉള്ളിൽ ജനിച്ചിട്ടില്ലാത്ത ഒരു മനുഷ്യൻ്റെ  തലച്ചോറുകൊണ്ട് വേണം ഇത് വായിച്ചുതുടങ്ങാൻ.അല്ലാത്തപക്ഷം സാധ്യമാകുന്നത് ഒരു മത ഭ്രുണഹത്യ ആയിരിക്കും. 

Wednesday, April 1, 2020

അയൽക്കാരൻ - ശ്രീദേവി തയ്യകത്ത്

ശ്രീദേവി തയ്യകത്ത് എഴുതിയ " അയൽക്കാരൻ "  എന്ന ചെറുകഥ വായിച്ചു. വാക്കുകൾകൊണ്ട് ഒരു ചിത്രമാണ് അവർ ഈ  ചെറുകഥയിൽ സൃഷ്ടിച്ചത്. തികഞ്ഞ ഒരു മദ്യപാനിയായ ഒരു വ്യക്തിയിൽനിന്ന് ഒരു മകനും അമ്മയും അനുഭവിക്കുന്ന പീഡനം എത്രത്തോളം വലുതായിരുന്നെന്ന് ആ കഥയുടെ ഒടുവിൽ വായനക്കാരൻ മനസ്സിലാക്കുന്നു.
      എച്ചിൽ കൈയ്യുമായി സഹായം അഭ്യർത്ഥിച്ച് അയൽക്കാരനായ ഒരാളുടെ വീട്ടിലേക്ക് അവൻ കയറിവരുന്നത് - അതിലെ ഓരോ അക്ഷരങ്ങളിലും നിങ്ങൾക്ക് കാണാൻ സാധിക്കും. മലയോര ഗ്രാമത്തിലെ അയാളുടെ വീട്ടിലേക്ക് അവൻ ഓടിക്കയറിവരുന്നത് ഇത് ആദ്യമായല്ല. കടിച്ചുപിടിച്ച ചുണ്ടുകളും അക്ഷമനായ അവൻ്റെ കാലുകളുടെ ചലനവും അവനുള്ളിലെ ഭീതിയുടെ ആഴം എത്രത്തോളം ഉണ്ടെന്ന് വായനക്കാരനിലും മനസിലാകുന്ന തരത്തിലാണ്  ശ്രീദേവി തയ്യകത്ത് ഈ കഥ എഴുതിയിരിക്കുന്നത്. അന്ന് അവനെയും കൂട്ടി കയറിച്ചെന്നത് മദ്യപിച്ച് ലക്കുകെട്ട ഒരു മനുഷ്യൻ്റെ പുളിച്ച സ്വീകരണത്തിലേക്ക് ആയിരുന്നു. അയാളുടെ പിറകിൽ ചൂളി നിന്ന് " അച്ഛൻ " എന്നവൻ പറഞ്ഞു. അതിൽപിന്നെ പലതവണ വറ്റാത്ത പ്രതീക്ഷയോടെ അവൻ കയറിവന്നിട്ടുണ്ട്: രാത്രിയെന്നോ - പകലെന്നോ ഭേദമില്ലാതെ.
        മറ്റൊരാളുടെ കുടുബ പ്രശ്നത്തിൽ ഇടപെടുന്നതിലെ അനിഷ്ടത കൂർത്ത നോട്ടം കൊണ്ട് അയാളുടെ ഭാര്യ പങ്കുവെയ്ക്കുന്നു.അയാൾ അവിടേക്ക് കയറിചെന്നാലുണ്ടാകുന്ന വാക്കുകളുടെയും അപമാന ഭാരത്തിൻ്റെയും കൈപ്പ് പിന്നീട് അങ്ങോട്ടേക്ക് പോകുന്നതിൽ നിന്നും അയാളെ പിൻ‌വലിക്കുന്നു.ചോറും കറിയും പുരണ്ട കുഞ്ഞു വലംകൈ അപേക്ഷയോടെ യാചിച്ചത് - ഇത് വായിക്കുന്ന ഓരോ വായനക്കാരനോടും കൂടിയായാണ്....
        ഇന്നവൻ ആവശ്യപെട്ടില്ലെങ്കിലും ഇരുട്ടുമ്പോൾ അയാൾ അവൻ്റെ വീടിൻ്റെ പടിക്കലോളം ചെന്ന് നിൽക്കാറുണ്ട് അതിന് കാരണം, " ഗൃഹനാഥൻ ഭാര്യയേയും മകനേയും കൊന്ന് ആത്മഹത്യ ചെയ്ത ആ വീട് പോലീസ് സീൽ ചെയ്ത് പൂട്ടിപോയതിന് ശേഷം " പേരറിയാത്ത കാട്ട് പടപ്പുകളാൽ ആ വീട് ഇന്ന് മൂടികിടക്കുകയാണ് ". ഇവിടെ കുറ്റബോധത്തിൻ്റെ ഭാരം വായനക്കാരനിലും ഉണ്ടാകാം. അതിനുകാരണം നമ്മുടെയുള്ളും പേരറിയാത്ത കാട്ട് പടപ്പുകളാൽ മൂടികിടക്കുകയാണ് എന്ന സത്യം നാം തിരിച്ചറിയുമ്പോഴാണ്.
       ഇതിലെ ഓരോ അക്ഷരങ്ങൾക്കും വേദനയുടെയും പ്രതീക്ഷയുടെയും ചായം പുരട്ടിയിട്ടുണ്ട് ശ്രീദേവി തയ്യകത്ത് .....

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...